
ചെങ്ങന്നൂർ ഭാസ്ക്കര കാരണവർ വധക്കേസ് പ്രതി ഷെറിൻ മാനസാന്തരപ്പെട്ടെന്ന് കണ്ണൂർ വനിതാ ജയിൽ ഉപദേശക സമിതി അംഗം എം.വി. സരള. ജീവപര്യന്തം തടവ് ലഭിച്ച ഷെറിന് ജയിൽ മോചനം നൽകാനുള്ള മന്ത്രിസഭാ തീരുമാനത്തിൽ ആക്ഷേപങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് പ്രതികരണം. ജയിലിലെ നല്ല നടപ്പ് കണക്കിലെടുത്താണ് ശിക്ഷാ ഇളവിന് പരിഗണിച്ചതെന്നും എം.വി. സരള വ്യക്തമാക്കി.
പ്രത്യേകിച്ച് ഒരു പ്രിവിലേജും ഉപദേശക സമിതി ഷെറിന് നൽകിയിട്ടില്ലെന്ന് എം.വി. സരള പറഞ്ഞു. ജയിൽ ഉപദേശക സമിതി നല്ല രീതിയിൽ പരിശോധന നടത്തിയിട്ടുണ്ട്. ശിക്ഷായിളവിൽ തീരുമാനമെടുത്തത് ഐകകണ്ഠ്യേനയാണെന്നും തീരുമാനത്തിൽ തിടുക്കം ഉണ്ടായിട്ടില്ലെന്നും സരള അറിയിച്ചു. ജയിൽ ഉപദേശക സമിതിയെ സ്വാധീനിക്കാൻ ആരും ശ്രമിച്ചിട്ടില്ല. ഒരു സമ്മർദവും ഉണ്ടായിട്ടില്ലെന്നും എം.വി. സരള കൂട്ടിച്ചേർത്തു.
ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഷെറിനെ ജയിൽ മോചിതയാക്കാനുള്ള മന്ത്രിസഭാ തീരുമാനം മുൻഗണനകൾ ലംഘിച്ചെന്നാണ് ആക്ഷേപം. 20 വർഷം തടവ് അനുഭവിച്ചവരെയും പിന്തള്ളിയാണ് നീക്കമെന്നാണ് ആരോപണം. 2024 ആഗസ്റ്റ് 8 നാണ് ശിക്ഷാ ഇളവ് ശുപാർശ ചെയ്തത്. ആഭ്യന്തര വകുപ്പ് വഴി ശുപാർശ മന്ത്രിസഭയ്ക്ക് മുമ്പിലെത്തിയത് അഞ്ച് മാസം കൊണ്ടാണ്. ജയിലുകളിൽ ഷെറിൻ ഉണ്ടാക്കിയ പ്രശ്നങ്ങൾ അവഗണിച്ചെന്നും ആക്ഷേപം ഉയരുന്നുണ്ട്. ശിക്ഷ 14 വർഷം പൂർത്തീകരിച്ച സാഹചര്യത്തിലായിരുന്നു മന്ത്രിസഭയുടെ തീരുമാനം.
2009 നവംബർ ഏഴിനാണ് ചെറിയനാട് തുരുത്തിമേൽ കാരണവേഴ്സ് വില്ലയിൽ ഭാസ്ക്കരക്കാരണവരെ ഇളയമകൻ ബിനു പീറ്ററിന്റെ ഭാര്യ ഷെറിൻ കൊലപ്പെടുത്തിയത്. 2001ലാണ് ഇവർ വിവാഹിതരായത്. ഷെറിനെ സ്വത്തുകളുടെ ഉടമസ്ഥാവകാശത്തിൽ നിന്നും ഒഴിവാക്കിയതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഷെറിനും സുഹൃത്ത് ബാസിത് അലിയും സുഹൃത്തുക്കളായ ഷാനു റഷീദ്, നിഥിൻ എന്നിവരും ചേർന്നാണ് കൊലപാതകം നടത്തിയത്. ഷെറിനാണ് കേസിൽ ഒന്നാം പ്രതി. ബാസിത് രണ്ടാം പ്രതിയും. സാമൂഹിക മാധ്യമമായ ഓർക്കുട്ട് വഴിയാണ് ഷെറിൻ ഇയാളുമായുള്ള സൗഹൃദം സ്ഥാപിച്ചത്.