
ഡെങ്കിപ്പനിയെ പകർച്ചവ്യാധിയായി പ്രഖ്യാപിച്ച് കർണാടക സർക്കാർ. ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും വലിയ ഡെങ്കിപ്പനിക്ക് ആണ് സംസ്ഥാനം സാക്ഷ്യം വഹിച്ചത്. നടപടികളുടെ ഭാഗമായി, വീടുകളിലും വാണിജ്യ സ്ഥാപനങ്ങളിലും നിർമാണ സ്ഥലങ്ങളിലും കൊതുക് പ്രജനന കേന്ദ്രങ്ങൾ തടയുന്നതിനുള്ള നിയമങ്ങൾ പാലിച്ചില്ലെങ്കിൽ സംസ്ഥാന സർക്കാർ പിഴ ഈടാക്കും.
കർണാടക എപ്പിഡെമിക് ഡിസീസ് ആക്ട് 2020 പ്രകാരം കടുത്ത ഡെങ്കിപ്പനി ഉൾപ്പടെയുള്ള എല്ലാ ഡെങ്കിപ്പനിയും പകർച്ചവ്യാധിയായി പ്രഖ്യാപിച്ച് കർണാടക സർക്കാർ പ്രസ്താവന ഇറക്കി. ഇതനുസരിച്ച് ഏതെങ്കിലും സ്ഥലത്തിൻ്റെയോ കെട്ടിടത്തിൻ്റെയോ വാട്ടർ ടാങ്കുകൾ, പാർക്കുകൾ, കളിസ്ഥലങ്ങൾ എന്നിവയുൾപ്പെടെയുള്ള ഇടങ്ങളിൽ കൊതുകുകൾ പെരുകുന്നത് തടയുന്നതിനുള്ള ചുമതല അതാത് സ്ഥലത്തിന്റെ ഉടമസ്ഥന്റെയോ, താമസക്കാരന്റെയോ, നിർമാതാവിന്റെയോ ചുമതല ആയിരിക്കുമെന്നും പ്രസ്താവനയിൽ പറയുന്നു.
ALSO READ: ഡെങ്കിപ്പനിയെ പ്രതിരോധിക്കാം; അറിഞ്ഞിരിക്കണം ഇക്കാര്യങ്ങൾ
ഇതിൽ വീഴ്ചകൾ കണ്ടെത്തിയാൽ 400 രൂപ മുതൽ 2000 രൂപ വരെ പിഴ ഈടാക്കാം. പൂച്ചട്ടികളിലോ ബക്കറ്റുകളിലോ കോമ്പൗണ്ടിനുള്ളിലെ ഏതെങ്കിലും സ്ഥലത്തോ വെള്ളം കെട്ടിനിൽക്കുന്നത് ഉൾപ്പെടെയുള്ള നിയമലംഘനങ്ങൾ നടത്തുന്ന വീടുകൾക്ക് നഗരപ്രദേശങ്ങളിൽ 400 രൂപയും ഗ്രാമപ്രദേശങ്ങളിൽ നിന്ന് 200 രൂപയുമാണ് പിഴ ഈടാക്കുക.
ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഹോട്ടലുകൾ, റിസോർട്ടുകൾ, കടകൾ, മാളുകൾ, സിനിമാ ഹാളുകൾ, പഞ്ചർ റിപ്പയർ ഷോപ്പുകൾ, പ്ലാൻ്റ് നഴ്സറികൾ എന്നിവയുൾപ്പെടെയുള്ള വാണിജ്യ സ്ഥാപനങ്ങൾ നഗരപ്രദേശങ്ങളിൽ 1000 രൂപയും ഗ്രാമപ്രദേശങ്ങളിൽ 500 രൂപയും പിഴ അടയ്‌ക്കേണ്ടിവരും.
സംസ്ഥാനത്ത് ഈ വർഷം ഇതുവരെ ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണം 24,500 കവിഞ്ഞു. ഇത് 2023 ലെ മൊത്തം കേസുകളുടെ എണ്ണത്തേക്കാൾ 5,000 കൂടുതലാണ്. അതേസമയം മരണസംഖ്യ ഇതുവരെ വലിയ തോതിൽ ഉയർന്നിട്ടില്ലെങ്കിലും, മുൻകരുതൽ നടപടികൾ ഊർജിതമാക്കുമെന്നും സർക്കാർ അറിയിച്ചു.
ഈഡിസ് ഈജിപ്തി ഇനത്തിൽ പെട്ട കൊതുക് വഴിയാണ് ഡെങ്കിപ്പനിയുടെ വൈറസ് നമ്മുടെ ശരീരത്തിലെത്തുന്നത്.ശരീരത്തിലെ പ്ലേറ്റ്‌ലെറ്റ് കൗണ്ട് താഴുന്നതോടെയാണ് ഡെങ്കിപ്പനി അപകടകരമാകുന്നത് . ഒരു പരിധി വിട്ട് പ്ലേറ്റ്ലെറ്റ് കൗണ്ട് കുറയുന്നത് രോഗികള്‍ ഗുരുതരാവസ്ഥയിലാകുന്നതിന് കാരണമാകുന്നു. കടുത്ത പനി, കടുത്ത തലവേദന, കണ്ണുകൾക്ക് പിന്നിൽ വേദന, സന്ധികളിലും പേശികളിലും വേദന, ചുണങ്ങു, നേരിയ രക്തസ്രാവം എന്നിവയാണ് ലക്ഷണങ്ങൾ. രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ചികിത്സ തേടേണ്ടതാണ്. ചെറിയ പനി വന്നാൽ പോലും ധാരാളം വെള്ളം കുടിക്കുന്നതും ഡെങ്കിയെ ചെറുക്കാൻ സഹായിക്കും.