
കർണാടകയിലെ സ്വകാര്യമേഖലയിൽ കന്നഡക്കാർക്ക് 100 ശതമാനം ജോലി സംവരണം ഏർപ്പെടുത്തിയ വിവാദ ബിൽ താൽക്കാലികമായി മരവിപ്പിച്ച് സംസ്ഥാന സർക്കാർ. ഐ ടി മേഖലയിൽ നിന്നടക്കം രൂക്ഷമായ വിമർശനമുയർന്ന സാഹചര്യത്തിലാണ് സർക്കാർ ബില്ലിൽ നിന്നും പിന്നോട്ട് പോയത്. അടുത്ത മന്ത്രിസഭാ യോഗത്തിൽ ബിൽ ഗൗരവമായി ചർച്ച ചെയ്യുമെന്നും സർക്കാർ അറിയിച്ചു.
തിങ്കളാഴ്ചയാണ് മന്ത്രിസഭാ ബിൽ പാസാക്കിയത്. ബില്ലിൽ വിശദമായ പരിശോധന നടത്തിയതിനു ശേഷം മാത്രമേ അന്തിമ തീരുമാനം എടുക്കുകയുള്ളു എന്ന് ബിൽ പിൻവലിച്ചുകൊണ്ട് സർക്കാർ വ്യക്തമാക്കി. കർണാടകത്തിൽ ജനിച്ചുവളർന്നവർക്കൊപ്പം 15 വർഷമായി കർണാടകത്തിൽ സ്ഥിരതാമസമാക്കിയവർക്കും കന്നഡ എഴുതാനും വായിക്കാനും അറിയാവുന്നവർക്കും തൊഴിൽ സംവരണം നൽകണമെന്നതാണ് ബില്ലിൽ വ്യവസ്ഥ ചെയ്തത്.