ദയാവധത്തിനായി കോടതിയിൽ അനുമതി തേടാം; നയം നടപ്പാക്കി കർണാടക സർക്കാർ

കൃത്യമായ വൈദ്യപരിശോധനകളോടെയും കോടതി ഉത്തരവോടെയും മാത്രമേ ദയാവധം നടപ്പാക്കാനാകൂ
ദയാവധത്തിനായി കോടതിയിൽ അനുമതി തേടാം; നയം നടപ്പാക്കി കർണാടക സർക്കാർ
Published on


മാരകരോഗികൾക്ക് അന്തസ്സോടെ മരിക്കാനുള്ള അവകാശത്തിനുള്ള നയം നടപ്പാക്കി കർണാടക സർക്കാർ. ദയാവധവുമായി ബന്ധപ്പെട്ടുള്ള 2023-ലെ സുപ്രീംകോടതി വിധി പ്രകാരമാണ് പുതിയ നയം. ഇതുപ്രകാരം രോഗമുക്തി ഉണ്ടാകില്ലെന്നുറപ്പുള്ള, കോമയിലോ അനങ്ങാനാകാതെയോ കിടക്കുന്ന രോഗികൾക്ക് ദയാവധത്തിനായി കോടതിയിൽ നിന്നും അനുമതി തേടാമെന്നും കർണാടക സർക്കാർ വ്യക്തമാക്കി.

കൃത്യമായ വൈദ്യപരിശോധനകളോടെയും കോടതി ഉത്തരവോടെയും മാത്രമേ ദയാവധം നടപ്പാക്കാനാകൂ. പുതിയ നിയമപ്രകാരം, ആദ്യം കുടുംബമോ, രോഗി ബോധാവസ്ഥയിലാണെങ്കിൽ രോഗി തന്നെയോ അനുമതിക്ക് അപേക്ഷിക്കണം. ഓരോ കേസിലും രണ്ട് ഘട്ടങ്ങളുള്ള മെഡിക്കൽ അവലോകന പ്രക്രിയയ്ക്ക് ശേഷമാണ് തീരുമാനമെടുക്കുക. മൂന്ന് ഡോക്ടർമാരുടെ ഒരു പ്രാഥമിക ബോർഡ് ആണ് രോഗിയുടെ അവസ്ഥ വിലയിരുത്തുക.

മൂന്ന് ഡോക്ടർമാരും സർക്കാർ നിയമിച്ച ഒരു ഡോക്ടറും ഉൾപ്പെടുന്ന രണ്ടാമത്തെ ബോർഡ് പ്രാഥമിക ബോർഡിന്റെ റിപ്പോർട്ടുകൾ അവലോകനം ചെയ്യതതിന് ശേഷമാകും കോടതിക്ക് റിപ്പോർട്ട് സമർപ്പിക്കുക. ഇത് കോടതി അംഗീകരിച്ചാൽ മാത്രമേ രോഗിയുടെ ദയാവധത്തിനായി അനുമതി ലഭിക്കുകയുള്ളു. ഇതിൽ തന്നെ മെഡിക്കൽ ബോർഡിന്‍റെ നിർദേശപ്രകാരം ജീവൻ രക്ഷാ ഉപകരണങ്ങളോ മരുന്നുകളോ പതുക്കെ പിൻവലിക്കുക മാത്രമേ ചെയ്യുകയുള്ളു.

ഭാവിയിൽ കിടപ്പിലായാലോ സ്വബോധമില്ലാത്ത അവസ്ഥയിലാണെങ്കിലോ എന്ത് ചെയ്യണമെന്ന് വ്യക്തികൾക്ക് മുൻകൂട്ടി മെഡിക്കൽ വിൽപ്പത്രം ഉണ്ടാക്കി വയ്ക്കാം. തനിക്ക് തീരുമാനമെടുക്കാനാകാത്ത അവസ്ഥയിൽ തനിക്ക് വേണ്ടി തീരുമാനമെടുക്കാൻ രണ്ട് പേരെ ചുമതലപ്പെടുത്താം. നിയമപ്രകാരമാകണം ആ മെഡിക്കൽ വിൽപ്പത്രം തയ്യാറാക്കേണ്ടത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com