
വിവാഹ സർട്ടിഫിക്കറ്റ് നൽകാൻ വഖഫ് ബോർഡിനെ അനുവദിക്കുന്ന കർണാടക സർക്കാരിൻ്റെ നിയമഭേദഗതിയിൽ ഇടപെടലുമായി കർണാടക ഹൈക്കോടതി. വിവാഹിതരായ മുസ്ലീം അപേക്ഷകർക്ക് വിവാഹ സർട്ടിഫിക്കറ്റ് നൽകാൻ വഖഫ് ബോർഡിന് അനുമതി നൽകിയ സർക്കാർ ഉത്തരവിനെ ചോദ്യം ചെയ്ത് സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിൽ ഹൈക്കോടതി സംസ്ഥാന സർക്കാരിന് നോട്ടീസ് അയച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിൻ്റേതാണ് നടപടി.
ഇത്തരത്തിൽ ഉത്തരവ് പുറപ്പെടുവിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി നടപടി. എ ആലം പാഷ സമർപ്പിച്ച ഹർജിയിൽ ചീഫ് ജസ്റ്റിസ് എൻ വി അഞ്ജാരിയ, ജസ്റ്റിസ് കെ വി അരവിന്ദ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് നോട്ടീസ് അയച്ചത്. നവംബർ 12 നകം സർക്കാർ വിശദമായ മറുപടി നൽകണമെന്നാണ് നിർദേശം.
ഗവൺമെൻ്റ്, ന്യൂനപക്ഷ, വഖഫ്, ഹജ് വകുപ്പ് അണ്ടർ സെക്രട്ടറിയുടെ കീഴിൽ പുറപ്പെടുവിച്ച 30/09/2023 ലെ സർക്കാർ ഉത്തരവ്,1995 ലെ വഖഫ് നിയമത്തിൽ അടങ്ങിയിരിക്കുന്ന വ്യവസ്ഥകൾക്ക് വിരുദ്ധവും വിരുദ്ധവുമാണെന്ന് പ്രഖ്യാപിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.