
വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് കർണാടക ഹൈക്കോടതി ജഡ്ജി. ഭൂമി വിഷയവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുന്നതിനിടെ മുസ്ലിങ്ങൾ താമസിക്കുന്ന മേഖലയെ കർണാടക ഹൈക്കോടതി ജഡ്ജി പാകിസ്താനെന്ന് വിളിച്ചിരുന്നു. പരാമർശത്തിൽ സുപ്രിംകോടതി ഇടപ്പെട്ട് വിമർശിച്ചതിന് പിന്നാലെയാണ് ജഡ്ജി ക്ഷമാപണവുമായെത്തിയത്.
ഭൂമി വിഷയവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുന്നതിനിടെ കർണാടക ഹൈക്കോടതി ജസ്റ്റിസ് വേദവ്യാസ ചർ ശ്രീഷാനന്ദയാണ് വിവാദ പരാമർശം നടത്തിയത്. സംഭവം വിവാദമായതോടെ സ്വമേധയാ ഇടപ്പെട്ട സുപ്രിംകോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തുകയും ഉടൻ വിശദീകരണം നൽകാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ചീഫ് ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് വിശദീകരണം തേടിക്കൊണ്ട് രണ്ട് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ഉത്തരവിട്ടത്. ഇതിന് പിന്നാലെയാണ് കർണാടക ഹൈക്കോടതി ജഡ്ജി ഖേദം പ്രകടിപ്പിച്ചത്.
തൻ്റെ നിരീക്ഷണങ്ങൾ മനഃപൂർവമല്ലെന്നും ഏതെങ്കിലും വ്യക്തിയെയോ സമൂഹത്തെയോ വേദനിപ്പിച്ചെങ്കിൽ ക്ഷമ ചോദിക്കുന്നതായും ജഡ്ജ് ശ്രീഷാനന്ദ വ്യക്തമാക്കി. നേരത്തെയേും വിവാദത്തിൽ പെട്ടിട്ടുള്ളയാളാണ് വേദവ്യാസ ചർ. ഒരു വനിതാ അഭിഭാഷകക്ക് എതിരെ ജഡ്ജി നടത്തിയ പരാമർശം വലിയ വിവാദമായിരുന്നു. സംഭവത്തിൻ്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ മുതിർന്ന അഭിഭാഷകർ ഉൾപ്പെടെ വിമർശനം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു.