എച്ച്‌ഡി രേവണ്ണയുടെ ജാമ്യം റദ്ദാക്കില്ല, പ്രത്യേക അന്വേഷണ സംഘത്തിൻ്റെ ഹർജി തള്ളി കർണാടക ഹൈക്കോടതി; കൂട്ടുപ്രതികൾക്കും ജാമ്യം

കർണാടക ഹൈക്കോടതിയിലെ ജസ്റ്റിസ് നാഗപ്രസന്നയുടെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്
എച്ച്‌ഡി രേവണ്ണയുടെ ജാമ്യം റദ്ദാക്കില്ല, പ്രത്യേക അന്വേഷണ സംഘത്തിൻ്റെ ഹർജി തള്ളി കർണാടക ഹൈക്കോടതി; കൂട്ടുപ്രതികൾക്കും ജാമ്യം
Published on

അതിജീവിതയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ട് പോയ കേസിൽ ജനതാദൾ നേതാവ് എച്ച്‌ഡി രേവണ്ണയക്ക് ആശ്വാസം. ജാമ്യം റദ്ദാക്കണമെന്ന പ്രത്യേക അന്വേഷണ സംഘത്തിൻ്റെ ഹർജി കർണാടക ഹൈക്കോടതി തള്ളി. കേസിലെ കൂട്ടുപ്രതികളായ സതീഷ് ബാബണ്ണ ഉൾപ്പെടെയുള്ള മറ്റ് പ്രതികൾക്ക് ജാമ്യം അനുവദിച്ചു.

കോടതി ഉത്തരവിലൂടെ അന്വേഷണസംഘത്തിന് കനത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. കർണാടക ഹൈക്കോടതിയിലെ ജസ്റ്റിസ് നാഗപ്രസന്നയുടെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. മെയ് 13 ന് പ്രത്യേക കോടതി അനുവദിച്ച ജാമ്യം റദ്ദാക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. എന്നാൽ തന്നെയാരും തട്ടിക്കൊണ്ടുപോയില്ലെന്ന് അതിജീവിത കോടതിയിൽ മൊഴി മാറ്റിയതോടെയാണ് രേവണ്ണയ്ക്ക് ജാമ്യം ലഭിച്ചത്. 

ജനതാദൾ എംപിയും ലോക്സഭാ സ്ഥാനാർഥിയുമായ പ്രജ്വലിൻ്റെ പീഡനത്തിന് ഇരയായ സ്ത്രീയെ കാണാനില്ലെന്ന മകൻ്റെ പരാതിയിലാണ് എസ്ഐടി അന്വേഷണം നടത്തിയത്. രേവണ്ണയുടെ അനുയായി രാജശേഖറിൻ്റെ ഹുൻസൂരിലെ ഫാംഹൗസിൽനിന്നും സ്ത്രീയെ കണ്ടെത്തി മോചിപ്പിച്ചിരുന്നു. പിന്നാലെ പ്രത്യേക അന്വേഷണസംഘം രേവണ്ണയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. രേവണ്ണയുടെ പിതാവും മുൻ പ്രധാനമന്ത്രിയുമായിരുന്ന എച്ച്.ഡി ദേവഗൗഡയുടെ വീട്ടിൽ നിന്നാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. ഇതുകൂടാതെ വീട്ടിൽ ജോലിക്കു നിന്നിരുന്ന സ്ത്രീയെ പീഡിപ്പിച്ചെന്ന കേസും രേവണ്ണക്കെതിരെയുണ്ട്. 

Related Stories

No stories found.
News Malayalam 24x7
newsmalayalam.com