
കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയിലിന് ഏഴുവര്‍ഷം തടവ്. ബെലകെരി തുറമുഖം വഴി അനധികൃതമായി ഇരുമ്പയിര് കടത്തിയ കേസിലാണ് ബംഗളൂരുവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതി തടവും 44 കോടി പിഴയും ശിക്ഷ വിധിച്ചത്. കേസില്‍ സതീഷ് കൃഷ്ണ സെയില്‍, തുറമുഖ വകുപ്പ് ഡപ്യൂട്ടി കണ്‍സര്‍വേറ്റര്‍ മഹേഷ് ജെ ബിലിയെ, ഖനിയുടമ ചേതന്‍ ഷാ തുടങ്ങി ഏഴുപേര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു.
സിബിഐ കേസ് റജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ സതീഷ് കൃഷ്ണ സെയിലിനെ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് ഒരു വര്‍ഷത്തോളം സെയില്‍ ജയിലായിരുന്നു. പിന്നീട് ജാമ്യം തേടി പുറത്തിറങ്ങി. എന്നാല്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സിബിഐ കഴിഞ്ഞ ദിവസം വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു. വിധി മേല്‍ക്കോടതി സ്റ്റേ ചെയ്തില്ലെങ്കില്‍ എംഎല്‍എ സ്ഥാനം നഷ്ടമാകും.
ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍, അതിക്രമിച്ച് കടക്കല്‍, അഴിമതി എന്നീ കുറ്റങ്ങളാണ് എംഎല്‍എക്കും കൂട്ടുപ്രതികള്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്. കുറ്റക്കാരനാണെന്ന കോടതി വിധിക്ക് പിന്നാലെയാണ് എംഎല്‍എയെ കാര്‍വാറില്‍ നിന്ന് അറസ്റ്റ് ചെയ്തത്.