
കാസർഗോഡ് ജില്ലാ ആശുപത്രിയിൽ ഹെർണിയ ശസ്ത്രക്രിയയ്ക്ക് എത്തിയ പത്തു വയസുകാരൻ്റെ ഞരമ്പ് മാറി മുറിച്ച സംഭവത്തിൽ ജില്ലാ ആശുപത്രി പൊലീസിൽ ഇൻ്റിമേഷൻ നൽകിയില്ലെന്ന് റിപ്പോർട്ട്. എന്നാൽ പരാതി നൽകിയാൽ ജോലിക്ക് ഡോക്ടർമാർ ഉണ്ടാകില്ലെന്ന് സൂപ്രണ്ട് പറഞ്ഞതായി കുട്ടിയുടെ അച്ഛനും വ്യക്തമാക്കി.
അതേസമയം സംഭവത്തിൽ ഡോക്ടർക്കെതിരെ വകുപ്പ് തല അന്വേഷണത്തിന് സാധ്യതയുണ്ടാകുമെന്നും സൂചനയുണ്ട്. ചികിത്സാ പിഴവ് ചൂണ്ടിക്കാട്ടി യൂത്ത് ലീഗ്, എഐവൈഎഫ് പ്രവർത്തകർ ജില്ലാ മെഡിക്കൽ ഓഫീസറെ ഉപരോധിക്കുകയും ചെയ്തിരുന്നു.
പുല്ലൂർ - പെരളം സ്വദേശിയായ പത്ത് വയസുകാരന്റെ ഹൃദയത്തിലേക്കുള്ള രക്തധമനിയാണ് ജില്ലാ ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയപ്പോൾ മാറി മുറിച്ചത്. കഴിഞ്ഞ സെപ്റ്റംബര്‍ 18നാണ് കുട്ടിയെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്. തൊട്ടടുത്ത ദിവസമായിരുന്നു ശസ്ത്രക്രിയ. അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോള്‍ കൈയ്യബദ്ധം പറ്റിയെന്ന് പറഞ്ഞ് കുട്ടിയുടെ അച്ഛനെ ഡോക്ടര്‍ വിളിച്ചു. കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയിലേക്ക് മാറ്റണമെന്നും അറിയിച്ചു.
മിംസിൽ നിന്നുള്ള പരിശോധനയില്‍ കുട്ടിയുടെ നില ഗുരുതരമാണെന്ന് പറഞ്ഞു. ഇപ്പോഴത്തെ നിലയില്‍ ശസ്ത്രക്രിയ ചെയ്യുന്നത് ഉചിതമല്ലെന്നും കുറച്ചുകൂടി മുതിർന്ന ശേഷം ചെയ്യാമെന്നുമാണ് ഡോക്ടര്‍മാര്‍ കുട്ടിയുടെ രക്ഷിതാക്കളോട് പറഞ്ഞത്. നിലവിൽ പരസഹായമില്ലാതെ എഴുന്നേൽക്കാനാകാത്ത അവസ്ഥയിലാണ് പത്തു വയസുകാരൻ.