
ദേശീയപാത നിർമാണ കമ്പനിയായ മേഘ കൺസ്ട്രക്ഷൻ കമ്പനിക്കെതിരെ കർശന നടപടിയുമായി കാസർഗോഡ് ജില്ലാ ഭരണകൂടം. കമ്പനിയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയേക്കും. റോഡ് തകരുകയും നിർമാണത്തിൽ കൃത്രിമം നടത്തുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി. മന്ത്രി എ.കെ. ശശീന്ദ്രൻ്റെ നേതൃത്വത്തിൽ ചേർന്ന ജില്ലാതല അവലോകന യോഗത്തിലാണ് നടപടിയെടുക്കാൻ തീരുമാനിച്ചത്.
കാസർഗോഡ് ജില്ലയിലെ രണ്ടാം റീച്ചിലെ നിർമാണ കമ്പനിയാണ് മേഘ എൻജിനീയറിങ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്. ഇവർ റോഡ് നിർമിച്ച ഭാഗങ്ങളിലാണ് നിരവധി പ്രശ്നങ്ങൾ കണ്ടെത്തിയത്. ഈ മാസം 12 ന് പിലിക്കോട് മട്ടലായി കുന്നിൽ ദേശീയപാത നിർമാണത്തിനിടെ മണ്ണിടിഞ്ഞ് ബംഗാൾ സ്വദേശിയായ തൊഴിലാളി മരിച്ചത് മേഘയുടെ സൈറ്റിലാണ്. കമ്പനിയുടെ നിർമാണത്തിൽ അശാസ്ത്രീയത ആരോപിച്ച് നാട്ടുകാർ രംഗത്തെത്തുകയും ചെയ്തിരുന്നു. 2022 ഒക്ടോബറിൽ പെരിയയിൽ ഇതേ കമ്പനി പണിതുകൊണ്ടിരുന്ന അടിപ്പാതയുടെ മുകൾഭാഗം പൂർണമായും തകർന്നു. രാത്രിയിൽ നടന്ന സംഭവം രഹസ്യമായി വയ്ക്കാനായിരുന്നു ശ്രമം.
ജില്ലയിലെ ചെർക്കള–പള്ളിക്കര രണ്ടാം റീച്ചിൽ തെക്കിൽ വളവിൽ പലതവണ മണ്ണിടിച്ചിലുണ്ടായി. 2024 ജൂൺ 27 ന് രണ്ട് തവണ മണ്ണിടിഞ്ഞതോടെ രണ്ടാഴ്ച ഗതാഗതം നിർത്തിവെച്ചു. അച്ചടക്കവും അടുക്കും ചിട്ടയുമില്ലാത്ത നിർമാണം, മെല്ലെപ്പോക്ക് തുടങ്ങിയ ആരോപണങ്ങൾ കമ്പനിക്കെതിരെ നാട്ടുകാർ ഉന്നയിച്ചിരുന്നു. വേനൽക്കാലത്ത് റോഡിൽ പൊടിശല്യം രൂക്ഷമായപ്പോൾ റോഡ് നനച്ച് പണി നടത്തണമെന്ന ആവശ്യംപോലും കമ്പനി നിരസിച്ചു. പിന്നീട് ജില്ലാ ഭരണകൂടം ഇടപെട്ടപ്പോഴാണ് റോഡ് നനയ്ക്കാൻ തയ്യാറായത്. കാഞ്ഞങ്ങാട് മാവുങ്കാലിലും ചെമ്മട്ടംവയലിനുമിടയിലെ തകർന്ന സർവീസ് റോഡും, കൂളിയങ്കാലിലെ തകർന്ന സർവീസ് റോഡും നിർമിച്ചത് ഇതേ കമ്പനിയാണ്. കാസർഗോഡ് ജില്ലയിലെ ചെറുവത്തൂർ വീരമലക്കുന്നിൽ നിന്ന് മണ്ണിടിച്ചു കടത്തിയതിന് കമ്പനിക്ക് മൈനിങ് ആൻഡ് ജിയോളജി വകുപ്പ് 1.75 കോടി രൂപ പിഴ ചുമത്തിയിരുന്നു.
കാസർഗോഡ് ജില്ലാ കളക്ടർ നിയമിച്ച വിദഗ്ധ സമിതിയുടെ പരിശോധനയിൽ ഏറ്റവും കൂടുതൽ പ്രശ്നങ്ങൾ കണ്ടെത്തിയതും മേഘ കമ്പനിയുടെ നിർമ്മാണത്തിലാണ്. ഈ കാര്യങ്ങൾ മുൻനിർത്തിയാണ് നടപടിയെടുക്കുന്നത്. ദേശീയപാത നിർമാണത്തിലെ അപാകത പരിഹരിക്കാൻ എന്ത് നടപടി സ്വീകരിച്ചെന്ന് മേഘ കമ്പനി അധികൃതർ ജില്ലാ കളക്ടറെ അറിയിക്കണം. മറുപടി തൃപ്തികരമല്ലെങ്കിൽ മുഖ്യമന്ത്രിയ്ക്ക് റിപ്പോർട്ട് നൽകും. ആവശ്യമെങ്കിൽ കമ്പനിയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്താനാണ് നീക്കം.