
കാസര്‍ഗോഡ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയുടെ വീടും സ്ഥലവും ബാങ്ക് ലേലത്തിന് വച്ചു. മീഞ്ച ബളിയാറിലെ തീര്‍ത്ഥയ്ക്കും കുടുംബത്തിനുമാണ് കേരള ഗ്രാമീണ്‍ ബാങ്കില്‍ നിന്നും ജപ്തി നോട്ടീസ് ലഭിച്ചത്. അടുത്ത മാസം 10നകം 5 ലക്ഷം രൂപയടച്ചില്ലെങ്കില്‍ വീട് വില്‍പ്പന നടത്തുമെന്ന് ചൂണ്ടിക്കാട്ടി വീടിന് മുന്നില്‍ ബാനര്‍ പതിപ്പിച്ചു. സംഭവം വാര്‍ത്തയായതോടെ ബാധ്യത മഞ്ചേശ്വരം എം.എല്‍.എ ഏറ്റെടുത്തു.
ജന്മനാ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ തീര്‍ത്ഥയുടെ ചികിത്സാ ചെലവിനായി പ്രാവ് പ്രസാദാണ് 2014 ല്‍ മിയാപദവ് ശാഖയില്‍ നിന്നും വീടിന്റെ ആധാരം പണയപ്പെടുത്തി 2 ലക്ഷം രൂപ ലോണ്‍ എടുത്തത്. ഒന്നര ലക്ഷത്തിലധികം രൂപ തിരിച്ചടച്ചിരുന്നു. പിന്നീട് കോവിഡ് കാലത്തിന് ശേഷം കഴിഞ്ഞ മൂന്നുവര്‍ഷമായി അടവ് മുടങ്ങി. ഇതോടെയാണ് ബാങ്ക് അധികൃതര്‍ ജപ്തി നടപടികളിലേക്ക് നീങ്ങിയത്. മുതലും പലിശയുമായി 5 ലക്ഷത്തോളം രൂപ തിരിച്ചടക്കാനുണ്ടെന്നാണ് ബാങ്ക് അധികൃതര്‍ വീട്ടുകാരെ അറിയിച്ചത്. തിങ്കളാഴ്ച വൈകിട്ട് ബാങ്ക് അധികൃതര്‍ ഇതുസംബന്ധിച്ച് തീര്‍ത്ഥയുടെ വീട്ടില്‍ ബാനര്‍ കെട്ടി.
ജന്മനാ തന്നെ ശാരീരിക വെല്ലുവിളി നേരിടുന്ന തീര്‍ത്ഥയ്ക്ക് പരസഹായം ഇല്ലാതെ ഒന്നും ചെയ്യാനാവാത്ത അവസ്ഥയാണ്. ഇതിനകം തന്നെ ചികിത്സയ്ക്ക് ലക്ഷങ്ങള്‍ ചെലവഴിച്ചു. ഒറ്റത്തവണ തീര്‍പ്പാക്കലിന്റെ ഭാഗമായി രണ്ടര ലക്ഷം രൂപ തിരിച്ചടച്ചാല്‍ ജപ്തി നടപടി ഒഴിവാക്കാമെന്നായിരുന്നു ബാങ്ക് അധികൃതരുടെ പക്ഷം. എന്നാല്‍ ഡ്രൈവറായ പ്രസാദിന് ഇത് ഭാരിച്ച തുകയാണ്.
ജപ്തി സംബന്ധിച്ച് പഞ്ചായത്ത് അധികൃതരെ സമീപിച്ചെങ്കിലും ഗുണമുണ്ടായില്ല. ഇതോടെയാണ് കുടുംബം മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത്. സംഭവം വാര്‍ത്തയായതോടെ മുഴുവന്‍ ബാധ്യതയും ഏറ്റെടുക്കാമെന്ന് മഞ്ചേശ്വരം എം.എല്‍.എ എ.കെ.എം അഷറഫ് കുടുംബത്തെ അറിയിച്ചു.
തെരുവിലേക്കിറങ്ങേണ്ട സാഹചര്യത്തില്‍ തുണയായ എംഎല്‍എയ്ക്കും മാധ്യമങ്ങള്‍ക്കും കുടുംബം നന്ദി അറിയിച്ചു. ജപ്തിയുടെ പേരില്‍ ഒരു കുടുംബവും തെരുവിലേക്കിറങ്ങേണ്ട സാഹചര്യമുണ്ടാകില്ലെന്ന സര്‍ക്കാര്‍ ഉറപ്പ് നല്‍കുമ്പോഴാണ് എന്‍ഡോസള്‍ഫാന്‍ ബാധിതരുള്ള കുടുംബത്തോടുള്ള ബാങ്കിന്റെ ക്രൂരത.