
കാസർഗോഡ് പെരിയ ഇരട്ടക്കൊലപാതക കേസിൻ്റെ വിചാരണ അവസാന ഘട്ടത്തിൽ. എറണാകുളം സിബിഐ പ്രത്യേക കോടതിയിലാണ് വിചാരണ നടക്കുന്നത്. പ്രതികൾക്ക് നേരെ 1500 ലേറെ ചോദ്യങ്ങളാണ് കോടതി ഉയർത്തിയത്.
യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനേയും ശരത്ത് ലാലിനേയും വെട്ടി കൊലപ്പെടുത്തിയ കേസിലാണ് വിചാരണ പുരോഗമിക്കുന്നത്. മുൻ എം.എൽ.എ. കെ.വി.കുഞ്ഞിരാമൻ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.മണികണ്Oൻ, സിപിഎം പെരിയ മുൻ ലോക്കൽ സെക്രട്ടറി എൻ.ബാലകൃഷ്ണൻ, പാക്കം മുൻ ലോക്കൽ സെക്രട്ടറി വെളുത്തോളി രാഘവൻ, തുടങ്ങി 24 പ്രതികളാണ് പ്രതിപ്പട്ടികയിലുള്ളത്.
2023 ഫെബ്രുവരി 2 നാണ് സിബിഐ കോടതിയിൽ വിചാരണ തുടങ്ങിയത്. 254 സാക്ഷികളിൽ 154 പേരെയാണ് പ്രോസിക്യൂഷൻ വിസ്തരിച്ചത്. 70 തൊണ്ടിമുതലുകളും 700 ലേറെ രേഖകളും ഹാജരാക്കി. ഈ മാസം 20 ന് പ്രതിഭാഗത്തിനായുള്ള സാക്ഷികളെ ഹാജരാക്കും. തുടർന്ന് ഇരു ഭാഗത്തേയും അഭിഭാഷകരുടെ വാദം നടക്കും. തെളിവുകളുടേയും സാക്ഷി മൊഴികളുടേയും അടിസ്ഥാനത്തിൽ 1500 ലേറെ ചോദ്യങ്ങളാണ് പ്രതികൾക്കെതിരെ കോടതി ഉയർത്തിയത്. സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കിയ കേസിൽ കാസർഗോഡ് ജില്ലാ കമ്മറ്റിയിലും സംസ്ഥാന കമ്മറ്റിയിലും വിമർശനം ഉയർന്നിരുന്നു.