
മഴ ശക്തമായതോടെ കാസർഗോഡ് ബക്കളം നാങ്കിയിൽ കടലാക്രമണം രൂക്ഷം. കടൽഭിത്തി നിർമ്മിക്കാനായി ഇറക്കിയ കരിങ്കല്ലുകൾ കടലെടുത്തു. പ്രദേശത്തെ വീടുകളും റസ്റ്റോറൻ്റുകളും തകർന്ന നിലയിലാണ്.
കുമ്പള, കോയിപ്പാടി, പെർവാഡ്, നാങ്കി മേഖലകളിലാണ് കടലാക്രമണം രൂക്ഷമായത്. വീടുകളും റസ്റ്റോറൻ്റുകളും ഇതിനോടകം കടലെടുത്തു. ചെറിയ കരിങ്കല്ലുകൾ ഉപയോഗിച്ചുള്ള കടൽഭിത്തിക്ക് കടലാക്രമണത്തെ ചെറുക്കാൻ ആകില്ലെന്ന് പ്രദേശവാസികൾ നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു. മൊഗ്രാൽ നാങ്കി, പെറുവാഡ് എന്നിവിടങ്ങളിൽ കടൽ ഭിത്തിക്കായി രണ്ട് വർഷം മുൻപ് ഇറക്കിയ കരിങ്കല്ലുകൾ ചെറുതാണെന്നും പ്രദേശവാസികൾ പരാതിപ്പെട്ടിരുന്നു. ഇതേത്തുടർന്ന് അധികൃതർ പദ്ധതി ഉപേക്ഷിച്ചിരുന്നു. തീരത്ത് അടുക്കിവച്ചിരുന്ന കല്ലുകളെല്ലാം കടൽ കൊണ്ടുപോയി.
പെർവാഡ് കടപ്പുറത്ത് ശേഷിച്ച ഒരു ഭാഗം കടൽഭിത്തിയും തകർന്നു. കടലാക്രമണത്തിൽ വീടുകൾ നശിച്ചാലും അധികൃതർ തിരിഞ്ഞു നോക്കുന്നില്ലെന്നും തീരവാസികൾ പറയുന്നു. അഞ്ച് വർഷത്തിനിടെ വീടു തകർന്ന ഒരു കുടുംബത്തിനും സർക്കാർ ധനസാഹയം ലഭിച്ചില്ലെന്നും ആരോപണം ഉയരുന്നുണ്ട്.
മഞ്ചേശ്വരം മുതൽ മൊഗ്രാൽ വരെയുള്ള തീരദേശ മേഖലയിൽ രൂക്ഷമായ കടലാക്രമണമാണ് ഉണ്ടാകുന്നത്. ഇതിനെ ചെറുക്കാൻ നാമമാത്രമായ ഫണ്ടുകൾ ഉപയോഗിച്ചുള്ള പദ്ധതികൾ ഫലം കാണുന്നില്ല. കേന്ദ്രസർക്കാർ പദ്ധതി തയാറാക്കണമെന്നും ഇതിനായി ജനപ്രതിനിധികൾ ഇടപെടണമെന്നാണു പ്രദേശവാസികളുടെ ആവശ്യം.