
കാസർഗോഡ് ഹണി ട്രാപ്പ് കേസിലെ പ്രതി ശ്രുതി ചന്ദ്രശേഖരനെതിരെ ഭർത്താവിൻ്റെ പരാതി. മക്കളെ തട്ടിപ്പിന് ഉപയോഗിക്കുന്നെന്നും, കുട്ടികളുടെ വിദ്യാഭ്യാസം നിഷേധിക്കുന്നുവെന്നുമാണ് പരാതിയിൽ പറയുന്നത്. ശ്രുതിയിൽ നിന്നും 'കുട്ടികളെ രക്ഷിക്കണമെന്ന് ചൂണ്ടിക്കാട്ടി ജില്ലാ പൊലീസ് മേധാവിക്കും ബാലാവകാശ കമ്മീഷനുമാണ് പരാതി നൽകിയത്.
പൊലീസുകാർ ഉൾപ്പെടെ നിരവധിപ്പേരെ തട്ടിപ്പിനിരയാക്കിയ ശ്രുതി ചന്ദ്രശേഖരനെതിരെ കുട്ടികളെ തട്ടിപ്പിന് ഉപയോഗിക്കുന്നതായും, വിദ്യാഭ്യാസം നിഷേധിക്കുന്നതായും ചൂണ്ടിക്കാട്ടിയാണ് ഭർത്താവ് പരാതി നൽകിയത്. 2022 - 23 അധ്യായന വർഷത്തിൽ മക്കളെ സ്കൂളിൽ വിട്ടില്ലെന്നും, വിദേശത്തായിരുന്ന പിതാവ് എത്തിയാണ് കാസർഗോഡ് നഗരത്തിലെ മറ്റൊരു സ്കൂളിൽ ഈ വർഷം ചേർത്തതെന്നും പരാതിയിൽ പറയുന്നു. ഈ അധ്യയന വർഷത്തിൽ കുട്ടികൾ മൂന്ന് ദിവസമാണ് സ്കൂളിൽ പോയതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ശ്രുതി ചന്ദ്രശേഖരൻ താനറിയാതെ സമൂഹ മാധ്യമങ്ങളിൽ വ്യാജ പ്രൊഫൈലുകൾ നിർമിച്ച് യുവാക്കളെ കബളിപ്പിക്കുന്നതായും, പണം തട്ടുന്നതായും ഭർത്താവിൻ്റെ പരാതിയിലുണ്ട്. ക്രിമിനൽ ബുദ്ധിയോടെ പെരുമാറുന്ന അമ്മയിൽ നിന്ന് മക്കളെ മോചിപ്പിക്കണമെന്നാണ് പ്രധാന ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി ജില്ലാ പൊലീസ് മേധാവിയ്ക്കും, ബാലാവകാശ കമ്മീഷനും അദ്ദേഹം പരാതി നൽകി. അതിനിടെ വിവിധ മാട്രിമോണിയൽ സൈറ്റുകളിൽ അക്കൗണ്ട് ആരംഭിച്ച് വിവാഹ വാഗ്ദാനം നൽകി ശ്രുതി പലരേയും കബളിപ്പിച്ചതായി കണ്ടെത്തിയിട്ടുണ്ട്.