
കാസർഗോഡ് കാണാതായ 17കാരി മരിച്ച സംഭവത്തിൽ പ്രതിക്കെതിരെ തെളിവുകൾ കണ്ടെത്താനാകാതെ ക്രൈംബ്രാഞ്ച്. കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തെങ്കിലും നടന്നത് കൊലപാതകമാണെന്ന് തെളിയിക്കാനാകുന്ന ഒരു തെളിവും അന്വേഷണ സംഘത്തിന് ലഭിച്ചില്ല. പെൺകുട്ടി തൂങ്ങി മരിച്ചതാണെന്ന നിലപാടിൽ പ്രതി ഇപ്പോഴും ഉറച്ചു നിൽക്കുകയാണ്.
2010 ജൂൺ 6ന് കാഞ്ഞങ്ങാട് മഡിയനിലെ ക്വാർട്ടേഴ്സ് മുറിയിൽ പെൺകുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നും ഇക്കാര്യം പെൺകുട്ടിയുടെ വീട്ടുകാരെ അറിയിച്ചാൽ താൻ കൊലപാതകക്കേസിൽ അകപ്പെടുമെന്നു ഭയന്ന് പാണത്തൂർ പവിത്രം കയത്തിൽ മൃതദേഹം ചവിട്ടിത്താഴ്ത്തി എന്നുമാണ് പ്രതി ബിജു പൗലോസ് മൊഴി നൽകിയത്. എന്നാൽ ഈ മൊഴി അന്വേഷണസംഘം വിശ്വാസത്തിലെടുത്തിട്ടില്ല. പ്രതിക്കെതിരെ നിലവിൽ തട്ടിക്കൊണ്ടുപോകൽ, പീഡനം, പട്ടിക വിഭാഗങ്ങൾക്കു നേരെയുള്ള അതിക്രമ നിരോധന നിയമം എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. നടന്നത് കൊലപാതകമാണെന്ന് ഇതുവരെ തെളിയിക്കാനായിട്ടില്ലാത്തതിനാൽ കൊലക്കുറ്റം ചുമത്തിയിട്ടില്ല. പല തവണ ചോദ്യം ചെയ്തെങ്കിലും പ്രതി മൊഴിയിൽ ഉറച്ചു നിൽക്കുകയാണ്. കായലിൽ മുങ്ങൽ വിദഗ്ദ്ധരെ ഉൾപ്പെടെ എത്തിച്ച് പരിശോധന നടത്തിയെങ്കിലും കൂടുതലായി ഒന്നും കണ്ടെത്താനായില്ല.
കേസന്വേഷണത്തിൽ നിർണായകമാകേണ്ട പെൺകുട്ടിയുടെ ഡിഎൻഎ ഫലത്തിനായി അന്വേഷണ സംഘം കാത്തിരിക്കുകയാണ്. ചന്ദ്രഗിരി അഴിമുഖത്തുനിന്ന് 2011 ഡിസംബറിൽ ലഭിച്ച രണ്ട് അജ്ഞാത മൃതദേഹങ്ങളിൽ നിന്നാണ് പെൺകുട്ടിയുടേതെന്ന് കരുതുന്ന മൃതദേഹവും കണ്ടെത്തിയത്. ഇവ കാഞ്ഞങ്ങാട് പൊതുശ്മശാനത്തിൽ സംസ്കരിച്ചിരുന്നു. അവ പുറത്തെടുത്താണ് ഡിഎൻഎ പരിശോധനയ്ക്ക് അയച്ചത്. പൊതുശ്മശാനത്തിൽ നിന്ന് ലഭ്യമായ 22 വാരിയെല്ലുകൾ, അരക്കെട്ടിന്റെ ഭാഗം, ഒരു കാൽ, ഒരു കൈ, പാദസരം, ഉറുക്ക് എന്നിവ പരിശോധിച്ചിരുന്നു. ഇതു പെൺകുട്ടിയുടെ അടയാളങ്ങളുമായി സാമ്യം കണ്ടതോടെയാണ് കേസിൽ വഴിത്തിരിവായത്. എന്നാൽ ഡിഎൻഎ ഫലം ലഭിച്ചാലും പെൺകുട്ടിയെ സ്ഥിരീകരിക്കാനല്ലാതെ മരണകാരണം കണ്ടുപിടിക്കാനാകില്ല. അതിനാൽ പ്രതിയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങാനാണ് ക്രൈംബ്രാഞ്ച് ശ്രമം.