Azadi: The Only Way: സംഘപരിവാറിനെയും നേതാക്കളെയും അലോസരപ്പെടുത്തിയ അരുന്ധതിയുടെ വാക്കുകള്‍

14 വര്‍ഷങ്ങള്‍ക്കിപ്പുറം, അതായത് നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേറി ദിവസങ്ങള്‍ക്കുള്ളിലാണ് കേസ് വീണ്ടും പൊങ്ങിവന്നത്.
Azadi: The Only Way: സംഘപരിവാറിനെയും നേതാക്കളെയും അലോസരപ്പെടുത്തിയ അരുന്ധതിയുടെ വാക്കുകള്‍
Published on

2010 ഒക്ടോബര്‍ 21. രാഷ്ട്രീയ തടവുകാരുടെ മോചനത്തിനുവേണ്ടി, കമ്മിറ്റി ഓഫ് പൊളിറ്റിക്കൽ പ്രിസണേഴ്സ് സംഘടിപ്പിച്ചൊരു പരിപാടി. സംസാരിക്കുന്നത് അരുന്ധതി റോയി, വിഷയം 'ആസാദി - ഒരേയോരു മാര്‍ഗം'. കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണോ, അല്ലയോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ആവര്‍ത്തിച്ചുള്ള ചോദ്യം നേരിട്ടതിനെക്കുറിച്ച് അരുന്ധതി അവിടെ സംസാരിച്ചു. വിഷയത്തില്‍ അരുന്ധതി അഭിപ്രായങ്ങള്‍ പങ്കിട്ടു. ഏഴ് ദിവസങ്ങള്‍ക്കിപ്പുറം സാമുഹ്യപ്രവര്‍ത്തകനായ സുശീല്‍ പണ്ഡിറ്റ് അരുന്ധതിക്കെതിരെ പരാതി നല്‍കി. കശ്മീരിനെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. നവംബറില്‍ തിലക്മാര്‍ഗ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. അരുന്ധതിക്കൊപ്പം പ്രൊഫസർ ഷെയ്ഖ് ഷൗക്കത്ത് ഹുസൈൻ, എസ്.എ.ആർ ഗിലാനി, സെയ്ദ് അലി ഷാ ഗിലാനി എന്നിവരും പ്രതിസ്ഥാനത്തുണ്ടായിരുന്നു. യോഗത്തില്‍ കശ്മീരിനെ ഇന്ത്യയില്‍ നിന്ന് പറിച്ചുമാറ്റുന്നത് സംബന്ധിച്ച ഗൂഢാലോചന നടന്നു എന്നായിരുന്നു പരാതി. അന്ന് കേന്ദ്രം ഭരിച്ചിരുന്ന കോണ്‍ഗ്രസിന് അരുന്ധതിയുടെ പ്രസ്താവന തലവേദനയായി. പ്രസ്താവന പിന്‍വലിക്കണമെന്നും അല്ലാത്തപക്ഷം രാജ്യദ്രോഹകുറ്റത്തിന് കേസെടുക്കുമെന്നും മുന്നറിയിപ്പ് നല്‍കി. അന്ന് പ്രതിപക്ഷത്തായിരുന്ന ബിജെപി അറസ്റ്റിന് സമ്മർദം ചെലുത്തി. 140 ഓളം മഹിളാ മോർച്ചാ പ്രവർത്തകർ പ്രതിഷേധവുമായി അരുന്ധതിയുടെ ഡൽഹിയിലെ വീടിന് മുന്നിൽ തടിച്ചുകൂടി. ഒന്നുകില്‍ പ്രസ്താവന പിന്‍വലിക്കണം, അല്ലെങ്കില്‍ ഇന്ത്യ വിടണം - ഇതായിരുന്നു ആവശ്യം.

14 വര്‍ഷങ്ങള്‍ക്കിപ്പുറം, അതായത്, നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേറി ദിവസങ്ങള്‍ക്കുള്ളില്‍ കേസ് വീണ്ടും പൊങ്ങിവന്നു. 2010ല്‍ രജിസ്റ്റർ ചെയ്ത എഫ്ഐആറിലെ 153എ, ബി, 504, 505 വകുപ്പുകള്‍ പ്രകാരം അരുന്ധതി റോയിക്കെതിരെ കേസെടുക്കാന്‍ ഡല്‍ഹി ലഫ്. ഗവർണർ അനുമതി നല്‍കി. ഇന്ത്യന്‍ ശിക്ഷാ നിയമ പ്രകാരം മൂന്നുവർഷം തടവ് ശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങളാണിവ. ശിക്ഷാകാലാവധി മൂന്നുവർഷത്തില്‍ താഴെയായതിനാല്‍ കേസ് രജിസ്റ്റർ ചെയ്ത് മൂന്ന് വർഷത്തിനുള്ളിൽ വിചാരണ നടത്തണം. അതായത് 14 വർഷം പിന്നിട്ട കേസില്‍ ഈ മൂന്ന് വകുപ്പുകളിലും ഇനി വിചാരണ സാധ്യമല്ല. സമയപരിധി ബാധകമല്ലാത്ത, ഐപിസി 124എ പ്രകാരമുള്ള രാജ്യദ്രോഹകുറ്റവും യുഎപിഎയുമാണ് എഫ്ഐആറിലെ മറ്റ് വകുപ്പുകള്‍. കൊളോണിയല്‍ നിയമമാണെന്ന് ചൂണ്ടിക്കാട്ടി 124എ 2022 ല്‍ സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു. കലാപാഹ്വാനമോ, അക്രമത്തിന് പ്രേരണയോ ഉണ്ടാകുന്ന ഘട്ടത്തില്‍ മാത്രമേ രാജ്യദ്രോഹ കുറ്റം ചുമത്താനാവൂ എന്നാണ് 1962 ലെ കേദാർ നാഥ് സിംഗ് vs. സ്റ്റേറ്റ് ഓഫ് ബീഹാർ ഉത്തരവ്. അതുകൊണ്ട് കേസിന്റെ വിധിയെന്താകുമെന്ന കാര്യത്തില്‍ വലിയ ചര്‍ച്ചകള്‍ ആവശ്യമില്ല. എന്നിരുന്നാലും, സംഘപരിവാര്‍ സംഘങ്ങളെയും എന്‍ഡിഎ സര്‍ക്കാരിനെയും അലോസരപ്പെടുത്തിയ അരുന്ധതിയുടെ വാക്കുകള്‍ എന്തായിരുന്നുവെന്ന് പരിശോധിക്കാം.

അരുന്ധതിയുടെ Azadi: The only way എന്ന പ്രസംഗത്തിന്റെ സ്വതന്ത്ര പരിഭാഷ

ഏകദേശം ഒരാഴ്ചയോ പത്ത് ദിവസമോ മുന്‍പ്, റാഞ്ചിയിലെ ഓപ്പറേഷന്‍ ഗ്രീന്‍ ഹണ്ടിനെതിരെയുള്ള പീപ്പിള്‍സ് ട്രിബ്യൂണലില്‍ പങ്കെടുത്തുകൊണ്ടിരിക്കെ, ഒരു മാധ്യമ പ്രവര്‍ത്തക മുഖത്തേക്ക് മൈക്ക് നീട്ടിക്കൊണ്ട് വൈരത്തോടെ ചോദിച്ചു." മേഡം. കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണോ, അല്ലയോ?"... "കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണോ, അല്ലയോ?" അങ്ങനെ ഏകദേശം അഞ്ചു തവണ.

ഞാന്‍ പറഞ്ഞു, "നിങ്ങള്‍ എത്രയൊക്കെ വൈരത്തോടെ ചോദിച്ചാലും, എത്ര പ്രാവശ്യം ചോദിച്ചാലും കശ്മീര്‍ ഒരിക്കലും ഇന്ത്യയുടെ അവിഭാജ്യ ഘടകമായിരുന്നില്ല. കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമല്ലെന്ന് ഇന്ത്യന്‍ ഭരണകൂടം തന്നെ യു.എന്നില്‍ സമ്മതിച്ചതാണ്. പിന്നെ നമ്മളെന്തിനാണ് അത്തരമൊരു ആഖ്യാനം മാറ്റാന്‍ ശ്രമിക്കുന്നത്. നോക്കൂ, 1947ല്‍ ഇന്ത്യയൊരു പരമാധികാര രാജ്യവും പരമാധികാര ജനാധിപത്യവുമായി എന്നാണ് നമ്മളോട് പറഞ്ഞിട്ടുള്ളത്. പക്ഷെ, നിങ്ങള്‍ക്ക് നോക്കിയാല്‍ കാണാം 1947 അര്‍ധരാത്രി മുതല്‍, കോളനിവത്ക്കരിക്കപ്പെട്ടിരുന്ന ഈ രാജ്യം, കൊളോണിയലിസ്റ്റുകളുടെ ഭാവനയില്‍- ബ്രീട്ടീഷുകാരാണല്ലോ ഇന്ത്യയുടെ ഭൂപടം വരയ്ക്കുന്നത്- ഒരു രാജ്യമായിത്തീര്‍ന്ന ഈ രാജ്യം സ്വാതന്ത്ര്യലബ്ധിക്ക് തൊട്ടടുത്ത നിമിഷം ഒരു കൊളോണിയലിസ്റ്റ് ശക്തിയായി മാറുകയും മണിപ്പൂരില്‍, നാഗാലാന്‍ഡില്‍, മിസോറാമില്‍...(ഇവിടെ ആരുടെയോ ഫോണ്‍ റിങ് ചെയ്യുന്നുണ്ട്)... കാശ്മീരില്‍, തെലങ്കാനയില്‍,നക്‌സല്‍ബാരി വിപ്ലവകാലത്ത് പഞ്ചാബില്‍, ഹൈദരാബാദില്‍, ഗോവയില്‍, ജുനാഗഡില്‍ പട്ടാള ഇടപെടലുകള്‍ നടത്തുകയും ചെയ്തു.

ഇടക്കിടയ്ക്ക് ഇന്ത്യന്‍ സര്‍ക്കാരും ഇന്ത്യന്‍ വരേണ്യവര്‍ഗവും സുദീര്‍ഘമായ യുദ്ധത്തില്‍ വിശ്വസിക്കുന്നതിന് നക്‌സലൈറ്റുകളെ കുറ്റപ്പെടുത്താറുണ്ട്. എന്നാല്‍ ശരിക്കും നോക്കിയാല്‍ സ്വന്തം ജനതയോട്, സ്വന്തം ജനതയെന്ന് ഭരണകൂടം 1947 മുതല്‍ മടിയോടെയെങ്കിലും വിളിച്ചുകൊണ്ടിരിക്കുന്ന ജനതയോട് സുദീര്‍ഘമായ യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരു സര്‍ക്കാരിനെ കാണാന്‍ സാധിക്കും. അവര്‍ ആര്‍ക്കെതിരെയാണ് യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നതെന്ന് നോക്കൂ- നാഗകള്‍, മിസോകള്‍, മണിപ്പൂരികള്‍, ആസാമിലെ ജനങ്ങള്‍, ഹൈദരാബാദ്, കാശ്മീര്‍, പഞ്ചാബ് - ഇത് എപ്പോഴും ന്യൂനപക്ഷങ്ങള്‍, മുസ്ലീമുകള്‍, ആദിവാസികള്‍, ക്രിസ്ത്യാനികള്‍, ദലിതര്‍, ഗോത്രവര്‍ഗക്കാര്‍ എന്നിവരും സവര്‍ണജാതി ഹിന്ദു ഭരണകൂടവും തമ്മിലുളള അന്ത്യമില്ലാത്ത യുദ്ധമാണ്. ഇതാണ് നമ്മുടെ രാജ്യത്തിന്റെ ആധുനിക ചരിത്രം.

2007ല്‍ അമര്‍നാഥ് യാത്രയ്ക്കായി ഭൂമി പിടിച്ചെടുത്തതിനെതിരെ കശ്മീരില്‍ പ്രക്ഷോഭങ്ങള്‍ നടക്കുന്ന സമയത്ത് ഞാന്‍ ശ്രീനഗറിലുണ്ട്. ഞാനിങ്ങനെ റോഡിലൂടെ നടന്നു വരുമ്പോള്‍ ഒരു യുവ മാധ്യമപ്രവര്‍ത്തകനെ കണ്ടു. ടൈംസ് ഓഫ് ഇന്ത്യയില്‍ നിന്നാണെന്ന് തോന്നുന്നു. ഒരു ഇന്ത്യക്കാരന്‍ ആ റോഡിലൂടെ ഒറ്റയ്ക്ക് നടക്കുന്നത് വിശ്വസിക്കാനാവുന്നില്ല എന്നയാള്‍ എന്നോട് പറഞ്ഞു. അയാള്‍ എന്റെയൊരു അഭിപ്രായം ചോദിച്ചു. അപ്പോള്‍ , "നിങ്ങളുടെ കയ്യില്‍ പേനയുണ്ടോ?" എന്ന് ഞാന്‍ ചോദിച്ചു. " കയ്യില്‍ പേനയുണ്ട്", എന്ന് അയാള്‍ മറുപടി നല്‍കി. എന്നെ തെറ്റായി ഉദ്ധരിക്കുന്നത് ഇഷ്ടമല്ലാതിരുന്നതിനാലാണ് അങ്ങനെ ചോദിച്ചത്. എന്നിട്ട് ഞാന്‍ പറഞ്ഞു: "എഴുതിയെടുത്തോളു - ഇന്ത്യക്ക് കശ്മീരില്‍ നിന്നും ആസാദി (സ്വാതന്ത്ര്യം) വേണ്ട പോലെ, കശ്മീരിന് ഇന്ത്യയില്‍ നിന്നും ആസാദി വേണം. ഇന്ത്യ എന്ന് ഞാന്‍ പറയുമ്പോള്‍, ഇന്ത്യന്‍ ഭരണകൂടത്തെയല്ല, ഇന്ത്യയിലെ ജനങ്ങളെന്നാണ് ഞാന്‍ ഉദ്ദേശിക്കുന്നത്. കാരണം ഞാന്‍ വിചാരിക്കുന്നത് കശ്മീരിലെ അധിനിവേശം - 12 മില്യണ്‍ ജനങ്ങളെ 700000 സുരക്ഷ ഉദ്യോഗസ്ഥര്‍ നിയന്ത്രിക്കുന്ന, ലോകത്തിലെ ഏറ്റവും സൈനികവത്ക്യതമായ പ്രദേശം - നമ്മള്‍, അതായത് ഇന്ത്യന്‍ ജനത, ഈ അധിനിവേശത്തെ പൊറുത്തുകൊടുക്കുകയെന്നാല്‍ ഒരു പ്രത്യേക തരം മൂല്യച്യുതിയെ രക്തത്തില്‍ ഇറ്റുവീഴാന്‍ അനുവദിക്കുന്നപോലെയാവും.

മാധ്യമങ്ങള്‍ വിസ്മരിച്ചാലും ഇങ്ങനെയൊന്നും നടക്കുന്നില്ല എന്ന് ഭാവിക്കാന്‍ ശ്രമിക്കുകയെന്നത് എന്നെ സംബന്ധിച്ച് അസ്സഹനീയമായ കാര്യമാണ്. നമുക്കെല്ലാം അറിയാവുന്ന..അല്ലെങ്കില്‍ നമുക്കെല്ലാം അറിയാത്ത ...എന്നാല്‍ കശ്മീര്‍ സന്ദര്‍ശിച്ച എല്ലാവര്‍ക്കും അറിയാവുന്ന ഒരു കാര്യമുണ്ട് - എകെ47ന്റെ കുഴലിലൂടെ കടന്നുപോകാതെ കശ്മീരികള്‍ക്ക് ശ്വാസം ഒന്ന് ഉള്ളിലേക്ക് എടുക്കുവാനോ വിടുവാനോ സാധിക്കില്ല. ഒരുപാട് കാര്യങ്ങള്‍ അവിടെ നടക്കുന്നുണ്ട്. ഒരോ തവണ തെരഞ്ഞെടുപ്പ് നടക്കുമ്പോഴും അവിടുത്തെ ജനങ്ങള്‍ വോട്ട് ചെയ്യുകയും അപ്പോഴൊക്കെ ഇന്ത്യന്‍ സര്‍ക്കാര്‍ , "ജനഹിതപരിശോധനയുടെ ആവശ്യം എന്താണ്? വോട്ടെടുപ്പ് നടക്കുകയും ജനങ്ങള്‍ ഇന്ത്യക്കായിട്ട് വോട്ടും ചെയ്തില്ലേ?" എന്ന് പറഞ്ഞുകൊണ്ടു വരികയും ചെയ്യും.

കോളനിവാഴ്ചയ്ക്കെതിരെ സ്വാതന്ത്ര്യത്തിനായി പോരാടിയ ഇന്ത്യക്കാര്‍ക്കെതിരെ എന്തൊക്കെ വാദമുഖങ്ങളാണോ ബ്രിട്ടീഷുകാര്‍ ഉന്നയിച്ചത് അതേ വാദങ്ങളാണ് കശ്മീരിലെ സ്വാതന്ത്ര്യ ആവശ്യങ്ങളെ പ്രശ്നവത്കരിക്കാനായി ഇപ്പോള്‍ ഉപയോഗിക്കുന്നത്. കടത്തിപ്പറഞ്ഞാല്‍, "തദ്ദേശീയര്‍ സ്വാതന്ത്ര്യത്തിനായി പാകപ്പെട്ടിട്ടില്ല. തദ്ദേശീയര്‍ ജനാധിപത്യത്തിനായി പാകപ്പെട്ടിട്ടില്ല". എല്ലാത്തരത്തിലുള്ള സങ്കീര്‍ണതകളും യാഥാര്‍ഥ്യമാണ്. ഞാന്‍ ഉദേശിച്ചത് അംബേദ്കര്‍, ഗാന്ധി, നെഹ്റു എന്നിവര്‍ക്കിടയിലെ സംവാദമാണ്. അവയൊക്കെ ഗൗരവതരമായ ചര്‍ച്ചകളായിരുന്നു. കഴിഞ്ഞ 60 വര്‍ഷക്കാലം ഭരണകൂടം എന്തൊക്കെ ചെയ്തിട്ടും ഈ രാജ്യത്തെ ജനങ്ങള്‍ തര്‍ക്കിച്ച്, ചര്‍ച്ച ചെയ്ത് സ്വാതന്ത്ര്യത്തിന്റെ അര്‍ഥം ആഴമുള്ളതാക്കി. നമുക്ക് ഒരുപാട് അവസരങ്ങള്‍ നഷ്ടമായിട്ടുണ്ട്. ഒരു കാലത്ത് സ്വയം ചേരിചേരാത്ത നാടെന്ന് വിളിച്ചിരുന്ന, അഭിമാനത്തോടെ തലയുയര്‍ത്തി പിടിച്ചിരുന്ന ഇന്ത്യ ഇന്ന് യുഎസ്എയുടെ കാല്‍ച്ചുവട്ടില്‍ ദണ്ഡനമസ്‌ക്കാരം ചെയ്ത് കിടക്കുന്ന നിലയിലായിരിക്കുന്നു. നമ്മളിന്നൊരു അടിമ രാജ്യമാണ്; നമ്മുടെ സമ്പദ്ഘടന പൂര്‍ണമായും -സെന്‍സെക്‌സ് എത്രത്തോളം ഉയര്‍ന്നാലും. ഇന്ത്യന്‍ പൊലീസും പാരാമിലിട്ടറിയും വൈകാതെതന്നെ സൈന്യവും മധ്യ ഇന്ത്യയില്‍ വിന്യസിക്കപ്പെട്ടേക്കാം എന്നതിന്റെ കാരണവും, ഇത് നമ്മളില്‍ അടിച്ചേല്‍പ്പിക്കപ്പെട്ടിരിക്കുന്ന കൊളോണിയല്‍ സമ്പദ് വ്യവസ്ഥയാണ് എന്നതാണ്.

സംഭാഷണം കൂടുതല്‍ ആഴത്തിലാക്കണമെന്ന് ഞാന്‍ പറഞ്ഞതിന്‍റെ കാരണം, എന്തിനേയും പ്രതിരോധിക്കുന്ന പോരാളികള്‍ എന്ന് സ്വയം പ്രശംസിക്കാന്‍ എളുപ്പമാണ്, അതിപ്പോള്‍ വനത്തിലെ മാവോവാദികളോ തെരുവുകളില്‍ കല്ലെറിയുന്നവരോ ആയാലും. യഥാര്‍ത്ഥത്തില്‍ വളരെ ഗൗരവമേറിയ ഒന്നിനെയാണ് നാം എതിര്‍ക്കുന്നത്. ആദിവാസികളുടെ അമ്പും വില്ലും, യുവാക്കളുടെ കയ്യിലെ കല്ലുകളും അനിവാര്യമാണെങ്കിലും സ്വാതന്ത്ര്യം നേടിയെടുക്കുന്നതിന് ഇവ പര്യാപ്തമാണോ എന്ന് ഞാന്‍ ഭയക്കുന്നു. അതിനായി നമ്മള്‍ തന്ത്രങ്ങള്‍ രൂപീകരിക്കണം, സ്വയം ചോദ്യങ്ങള്‍ ചോദിക്കണം, സഖ്യങ്ങളുണ്ടാക്കണം...ഗൗരവമായ സഖ്യങ്ങള്‍. കാരണം ഞാന്‍ പലപ്പോഴും പറയാറുണ്ട്, 1986ല്‍ അഫ്ഗാനിസ്ഥാനിലെ പര്‍വത നിരകളില്‍ സോവിയറ്റ് കമ്മ്യൂണിസത്തിനെതിരായ പോരാട്ടത്തില്‍ മുതലാളിത്തം വിജയിച്ചപ്പോള്‍ ലോകം മുഴുവന്‍ മാറുകയും ഇന്ത്യ ഏകധ്രുവ ലോകത്തിലേക്ക് സ്വയം പുനക്രമീകരിക്കുകയും ചെയ്തു. ആ പുനക്രമീകരണം രണ്ട് കാര്യങ്ങള്‍ ചെയ്തു. അത് രണ്ട് പൂട്ടുകള്‍ തുറന്നു. ഒന്ന് ബാബറി മസ്ജിദിന്‍റെ പൂട്ട്. മറ്റൊന്ന് ഇന്ത്യന്‍ വിപണിയുടെ പൂട്ടായിരുന്നു. ഇത് രണ്ട് തരത്തിലുള്ള ഏകാധിപത്യത്തിന് തുടക്കമിട്ടു - ഹിന്ദു ഫാഷിസവും സാമ്പത്തിക ഏകാധിപത്യവും. ഇവ രണ്ടും അവരുടേതായ തീവ്രവാദങ്ങള്‍ നിര്‍മിച്ചു.അതുകൊണ്ട് നിങ്ങളുടെ മുന്നില്‍ ഇസ്ലാമിക തീവ്രവാദവുമുണ്ട്, മാവോയിസ്റ്റ് തീവ്രവാദവുമുണ്ട്. ഈ പ്രക്രിയ ഈ നാട്ടിലെ 80 ശതമാനം ജനങ്ങളെ പ്രതിദിനം 20 രൂപയില്‍ ജീവിക്കുന്നവരാക്കി. എന്നാല്‍ ഇത് നമ്മളെ വിഭജിക്കുകയും ആഴത്തിലുള്ള ഐക്യമുണ്ടായിരിക്കേണ്ട സമയത്ത് നമ്മളെ പരസ്പരം പോരടിപ്പിക്കുകയും ചെയ്തു.

മണിപ്പൂരിലെ പോരാട്ടങ്ങള്‍, നാഗാലാന്‍ഡിലെ പോരാട്ടങ്ങള്‍, കശ്മീരിലെ പോരാട്ടങ്ങള്‍, മധ്യ ഇന്ത്യയിലെ പോരാട്ടങ്ങള്‍, പാവങ്ങള്‍, കച്ചവടക്കാര്‍, ചേരിനിവാസികള്‍ എന്നിവരെല്ലാം തമ്മില്‍ ഐക്യമുണ്ടാകേണ്ടതുണ്ട്. എന്നാല്‍ ഈ പോരാട്ടങ്ങളെ ബന്ധിപ്പിക്കുന്നതെന്താണ്. നീതിയെന്ന ആശയമാണത്. കാരണം നീതിക്കു വേണ്ടിയല്ലാത്ത പോരാട്ടങ്ങളുമുണ്ട്. വിഎച്ച്പിയും ഒരു ജനകീയ പ്രസ്ഥാനമാണ്. എന്നാല്‍ അത് ഫാഷിസത്തിനായാണ് പോരാടുന്നത്. അനീതിയുടെ പോരാട്ടമാണത്. അതുമായി യോജിക്കാന്‍ നമുക്ക് സാധിക്കില്ല. എല്ലാ പ്രസ്ഥാനങ്ങളും, തെരുവിലിറങ്ങുന്ന എല്ലാ ജനങ്ങളും, എല്ലാ മുദ്രാവാക്യങ്ങളും നീതിക്കുവേണ്ടിയുള്ളതല്ല.

അമര്‍നാഥ് യാത്ര സമയത്ത് കശ്മീരിലെ തെരുവില്‍ നില്‍ക്കുമ്പോഴും, ഇന്നും -അടുത്തെങ്ങും കശ്മീരില്‍ പോയിട്ടില്ല -ജനങ്ങള്‍ നടത്തുന്ന പോരാട്ടങ്ങള്‍, യുവാക്കളുടെ പോരാട്ടം ഇതൊക്കെ കാണുമ്പോള്‍ എന്‍റെ ഹൃദയം അവരോടുള്ള അഭിനന്ദനങ്ങളാല്‍ നിറയും. അവരെ നിരാശരാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അവരുടെ നേതാക്കള്‍ പോലും അവരെ നിരാശരാക്കുന്നത് ഞാന്‍ ആഗ്രഹിക്കുന്നില്ല. കാരണം അവരുടേത് നീതിക്കായുള്ള പോരാട്ടമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. നിങ്ങള്‍ക്കുള്ള നീതി മാത്രം തെരഞ്ഞെടുക്കാന്‍ സാധിക്കുന്നൊരു പോരാട്ടമല്ലിത് - "നമുക്ക് നീതി വേണം പക്ഷെ മറ്റൊരാള്‍ അടിച്ചമര്‍ത്തപ്പെട്ടാലും കുഴപ്പമില്ല." എന്നത് ശരിയല്ല.

ശ്രീനഗറിലെ തെരുവില്‍ എന്‍റെ ഹൃദയം തകര്‍ത്ത ഒരു സംഗതിയെപ്പറ്റി 2007ല്‍ ഞാന്‍ എഴുതിയത് ഓര്‍ക്കുന്നു. "നംഗാ ഭൂക്കാ ഹിന്ദുസ്ഥാന്‍, ജാന്‍ സെ പ്യാരാ പാക്കിസ്ഥാന്‍" എന്ന് ജനങ്ങള്‍ മുദ്രാവാക്യം വിളിക്കുന്നതാണ് ഞാന്‍ കേട്ടത്. ഞാന്‍ "അരുത്" എന്ന് പറഞ്ഞു. കാരണം നംഗാ ബൂക്കാ ഹിന്ദുസ്ഥാന്‍ നിങ്ങള്‍ക്കൊപ്പമാണ്. നീതിയുക്തമായൊരു സമൂഹത്തിനായാണ് നിങ്ങള്‍ പോരാടുന്നതെങ്കില്‍ നിങ്ങള്‍ ദുര്‍ബലരുമായി അണിചേരണം. ഇന്നിവിടെയുള്ള ഇന്ത്യന്‍ ജനത ഇന്ത്യന്‍ ഭരണകൂടത്തിനോട് എതിരിട്ട് ജീവിതം കഴിച്ചവരാണ്. നിങ്ങളില്‍ ഒരുപാട് പേര്‍ക്കറിയാവുന്നതുപോലെ, നര്‍മദ താഴ്വരയിലെ വലിയ ഡാമുകള്‍ക്കെതിരായ പോരാട്ടവുമായി കുറേക്കാലമായി ബന്ധപ്പെട്ടിരിക്കുന്ന ആളാണ് ഞാന്‍. കശ്മീര്‍ താഴ്‌വരയും നര്‍മദ താഴ്‌വരയും - ഈ രണ്ട് താഴ്‌വരകളെയും കുറിച്ച് ഏറെ ആലോചിക്കാറുണ്ടെന്ന് ഞാന്‍ എപ്പോഴും പറയും. നര്‍മദ താഴ്‌വരയില്‍ അവര്‍ അടിച്ചമര്‍ത്തലുകളെപ്പറ്റി സംസാരിക്കാറുണ്ട്. എന്നാല്‍ അടിച്ചമര്‍ത്തലെന്താണെന്ന് അവര്‍ക്ക് ശരിക്ക് അറിയില്ല. കാരണം കശ്മീര്‍ താഴ്‌വരയിലേതു പോലൊരു അടിച്ചമര്‍ത്തല്‍ അവര്‍ അനുഭവിച്ചിട്ടില്ല.എന്നാല്‍ സാമ്രാജ്യത്വ ലോകത്തിലെ സാമ്പത്തിക രൂപങ്ങളെപ്പറ്റിയും ഭൂമിയെപ്പറ്റിയും, ഇതൊക്കെ എന്തു ചെയ്യുമെന്നും എങ്ങനെയാണ് വലിയ ഡാമുകള്‍ രക്ഷപ്പെടാന്‍ സാധിക്കാത്തവിധം അസമത്വങ്ങള്‍ സൃഷ്ടിക്കുന്നതെന്നുമുള്ള സങ്കീര്‍ണമായ അറിവ് അവര്‍ക്കുണ്ട്.

കശ്മീര്‍ താഴ്‌വരയില്‍ നിങ്ങള്‍ക്ക് അടിച്ചമര്‍ത്തലിനെപ്പറ്റി സങ്കീര്‍ണ്ണമായ അറിവുണ്ട്. രഹസ്യ ഓപ്പറേഷനുകള്‍, ചാര പ്രവര്‍ത്തനങ്ങള്‍, മരണങ്ങള്‍, കൊലപാതകങ്ങള്‍ അങ്ങനെ 60 വര്‍ഷത്തിന്റെ അടിച്ചമര്‍ത്തല്‍. എന്നാല്‍ ഇന്ന് ലോകമെന്താണെന്നുള്ള മറ്റൊരു തിരിച്ചറിവില്‍ നിന്നും നിങ്ങള്‍ അകന്നു നില്‍ക്കുകയാണോ? ഈ സാമ്പത്തിക ഘടനകള്‍ എന്താണ്? ഏതുതരം കശ്മീരിനുവേണ്ടിയാണ് നിങ്ങള്‍ പോരാടുന്നത്? കാരണം ഈ പോരാട്ടത്തില്‍ നിങ്ങള്‍ക്കൊപ്പം ഞങ്ങളുമുണ്ട്. നിങ്ങള്‍ക്കൊപ്പം ഞങ്ങളുണ്ട്. എന്നാല്‍ നമുക്ക് വേണ്ടത്, നമ്മള്‍ ആഗ്രഹിക്കുന്നത് ഇത് നീതിക്ക് വേണ്ടിയുള്ള പോരാട്ടമാകുമെന്നാണ്. ഇന്ത്യന്‍ ഭരണകൂടം നമുക്ക് നേരേ എറിയുന്ന 'മതേതരത്വം' വെറും പൊള്ളയായ വാക്കാണ്. കാരണം 68,000 കശ്മീരി മുസ്ലീമുകളെ കൊന്നിട്ട് മതേതര ഭരണകൂടമെന്ന് സ്വയം വിളിക്കാന്‍ സാധിക്കില്ല. ഗുജറാത്തില്‍ മുസ്ലീങ്ങളെ കൂട്ടക്കൊല ചെയ്യുന്നതിനെ അനുവദിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കില്ല. മതേതര ഭരണകൂടമെന്ന് സ്വയം വിളിച്ചുകൊള്ളൂ. എന്നിട്ട് തിരിഞ്ഞ് നിന്ന്, "ന്യൂനപക്ഷത്തോട് മോശമായി പെരുമാറാന്‍ ഞങ്ങള്‍ക്ക് അനുവാദമുണ്ടെന്ന് പറയരുത്." അപ്പോള്‍ എന്തു തരം നീതിക്കു വേണ്ടിയാണ് നമ്മള്‍ പോരാടുന്നത്? യുവജനങ്ങള്‍ സ്വാതന്ത്ര്യത്തെപ്പറ്റിയുളള ധാരണ ആഴത്തിലാക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. നിങ്ങള്‍ പോരടിച്ചുകൊണ്ടിരിക്കുന്ന ഭരണകൂടവും നിങ്ങളുടെ ശത്രുക്കളും ചേർന്ന് നിങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയാണ്. അത് സത്യമാണ്.

ഒരു കൊളോണിയൽ ഭരണകൂടം, അതിപ്പോൾ ഇന്ത്യയിലുണ്ടായിരുന്ന ബ്രിട്ടീഷ് ഭരണകൂടമായാലും കശ്മീരിലും, നാഗാലാൻഡിലും, ഛത്തീസ്ഗഡിലുമുള്ള ഇന്ത്യൻ ഭരണകൂടമായാലും അവരുടെ പണികൾ ചെയ്യുന്നതിനായൊരു വരേണ്യ വർഗത്തെ സൃഷ്ടിക്കുന്ന കച്ചവടത്തിലാണവര്‍. അതിനാൽ നിങ്ങളുടെ ശത്രുവിനെ നിങ്ങൾ അറിയേണ്ടതുണ്ട്, തന്ത്രപരമായ വഴികളിലൂടെ പ്രതികരിക്കാൻ നിങ്ങൾക്ക് കഴിയണം, ബുദ്ധിപരമായും, രാഷ്ട്രീയമായും - അന്താരാഷ്ട്രതലത്തിലും, പ്രാദേശികമായും, മറ്റെല്ലാ വഴികളിലൂടെയും നിങ്ങള്‍ സഖ്യങ്ങൾ ഉണ്ടാക്കണം. അല്ലാത്തപക്ഷം മത്സ്യടാങ്കിന്റെ ഭിത്തികളെ മഷിയിട്ട് തകര്‍ക്കാന്‍ ശ്രമിച്ചുകൊണ്ട്, കോപപരവേശത്തില്‍ നീന്തിനടക്കുന്ന മീനുകളെപ്പോലെയാകും നിങ്ങള്‍. അവസാനം നിങ്ങള്‍ ക്ഷീണിക്കും, കാരണം ആ ഭിത്തികള്‍ അത്രത്തോളം ശക്തമാണ്. അതിനാല്‍ ഒന്നുകൂടി പറഞ്ഞ് നിര്‍ത്തുന്നു: നീതിയെക്കുറിച്ച് ചിന്തിക്കുക, നിങ്ങളുടെ അനീതികൾ തിരഞ്ഞെടുക്കരുത്, "എനിക്ക് നീതി വേണം, പക്ഷേ അടുത്ത ആൾക്ക്, അല്ലെങ്കിൽ അടുത്തൊരു സ്ത്രീക്ക് അത് കിട്ടിയില്ലെങ്കില്‍ കുഴപ്പമില്ല" എന്ന് പറയരുത്. കാരണം, നീതി ആര്‍ജവത്തിന്റെ ആണിക്കല്ലാണ്, ആര്‍ജവം യഥാര്‍ത്ഥ ചെറുത്തുനില്‍പ്പിനുള്ള ആണിക്കല്ലും.

കടപ്പാട്: Kashmir Not Integral Part Of India: What Is Arundhati Roy's 2010 Speech That Invoked UAPA , Outlook

Related Stories

No stories found.
News Malayalam 24x7
newsmalayalam.com