'കട്ടന്‍ ചായയും പരിപ്പുവടയും'; ഇതെന്റെ പുസ്തകം അല്ല; ഇപ്പോള്‍ പുറത്തിറക്കിയത് ഡിസിയുടെ ബിസിനസ് താത്പര്യം

എഡിറ്റ് ചെയ്യാന്‍ കൊടുത്ത സ്ഥലത്തു നിന്ന് ചോര്‍ന്നതാണോ എന്ന് അന്വേഷിക്കണമെന്നും ഇപി
'കട്ടന്‍ ചായയും പരിപ്പുവടയും'; ഇതെന്റെ പുസ്തകം അല്ല; ഇപ്പോള്‍ പുറത്തിറക്കിയത് ഡിസിയുടെ ബിസിനസ് താത്പര്യം
Published on

'കട്ടന്‍ ചായയും പരിപ്പുവടയും' എന്ന പേരില്‍ പുറത്തുവന്നത് തന്റെ പുസ്തകമല്ലെന്ന് ആവര്‍ത്തിച്ച് മുതിര്‍ന്ന സിപിഎം നേതാവ് ഇ.പി. ജയരാജന്‍. ഇങ്ങനെ എഴുതാനോ, പ്രസിദ്ധീകരിക്കാനോ ആരേയും ഏല്‍പ്പിച്ചിട്ടില്ല. തന്റേതെന്ന പേരില്‍ പുറത്തുവന്ന ഉള്ളടക്കം തെറ്റാണെന്നും ഇ.പി. ജയരാജന്‍ പറഞ്ഞു. 

എഡിറ്റ് ചെയ്യാന്‍ കൊടുത്ത സ്ഥലത്തു നിന്ന് ചോര്‍ന്നതാണോ എന്ന് അന്വേഷിക്കണം. അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് മാധ്യമങ്ങള്‍ പടച്ചുവിട്ടത്. ഇപ്പോള്‍ ഇത് വിവാദമാക്കിയത് പിന്നില്‍ ഡിസി ബുക്ക്‌സിന്റെ ബിസിനസ് താല്‍പര്യമാണ്. തെരഞ്ഞെടുപ്പ് ദിവസം ഇത് വിവാദമാക്കിയത് പബ്ലിസിറ്റിക്കു വേണ്ടിയാണ്. മാധ്യമങ്ങള്‍ക്കും ഇതില്‍ പങ്കുണ്ട്. താനെഴുതിയ പുസ്തകം താനറിയാതെ എങ്ങനെയാണ് ഇന്ന് രാവിലെ പ്രകാശനത്തിന് വെക്കുക എന്നും ഇ.പി ചോദിച്ചു.


സംഭവത്തിൽ ഡിസിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കിയതിനു പിന്നാലെ അദ്ദേഹം ഡിജിപിക്ക് പരാതിയും നൽകി. ആത്മകഥയുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിവരങ്ങളിൽ അന്വേഷണം വേണമെന്നാണ് പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

പുസ്തകത്തിലെ വിവരങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ തന്നെ നിഷേധിച്ചു കൊണ്ട് ഇ.പി. ജയരാജന്‍ രംഗത്തെത്തിയിരുന്നു. വയനാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തില്‍ ഈ വാര്‍ത്ത പ്രചരിപ്പിക്കുന്നതില്‍ ഗൂഢാലോചനയുണ്ടെന്നായിരുന്നു പ്രതികരണം.


പാലക്കാട്ടെ ഇടത് സ്ഥാനാര്‍ഥി പി. സരിനെതിരേയും ബിജെപി നേതാവ് പ്രകാശ് ജാവദേക്കര്‍ കൂടിക്കാഴ്ച വിവാദമാക്കിയതിന് പിന്നിലും ഗൂഢാലോചനയുണ്ടെന്നും പുറത്തു വന്ന പുസ്തകത്തിലെ ഭാഗങ്ങളില്‍ പറയുന്നു. സരിനെ അവസരവാദിയെന്നാണ് പറയുന്നത്. സ്വതന്ത്രര്‍ വയ്യാവേലി ആകുമെന്ന് ഓര്‍ക്കണമെന്ന് അന്‍വറിന്റെ ഉദാഹരണം ചൂണ്ടിക്കാട്ടി പറയുന്നു. 'കട്ടന്‍ ചായയും പരിപ്പുവടയും' എന്ന് പുസ്തകത്തിന് പേര് നല്‍കുമോയെന്നും ഇ.പി ചോദിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com