
കൊട്ടാരക്കര സദാനന്ദപുരത്തെ അവധൂതാശ്രമത്തിൽ സ്വാമി രാമാനന്ദ ഭാരതിയെ അക്രമിച്ച സംഭവത്തിൽ ഇടപെട്ട് മന്ത്രി കെ.ബി. ഗണേഷ് കുമാർ. ആശ്രമം സന്ദർശിച്ച മന്ത്രി രാമാനന്ദ ഭാരതിയെ ആക്രമിച്ചതിന് പിന്നിൽ ഭൂമാഫിയയാണെന്ന് എന്ന് ആരോപിച്ചു. ഗണേഷ് കുമാർ ആശ്രമത്തിലെ മറ്റൊരു സ്വാമിയോട് ഗായത്രി മന്ത്രം ചൊല്ലാനറിയാമോ എന്ന് ചോദിച്ചതോടെ സ്ഥലം നാടകീയ രംഗങ്ങൾക്ക് വേദിയായി.
സ്വാമിയായിരിക്കാൻ മിനിമം ഗായത്രി മന്ത്രം എങ്കിലും അറിയണമെന്നും ചിക്കൻ കറി വെക്കുന്ന സ്വാമിയുടെ വീഡിയോ കണ്ടതല്ലേ എന്നും ഗണേഷ് കുമാർ ചോദിച്ചു. രാമാനന്ദ ഭാരതി നിയമപരമായി ആശ്രമത്തിൽ തങ്ങുന്നയാളാണെന്നും രാമാനന്ദനെ കൂടാതെ സന്യാസി വേഷം കെട്ടി ചിലർ കടന്ന് കൂടി ആശ്രമത്തിൻ്റെ ഭൂസ്വത്തുക്കൾ തട്ടിയെടുക്കാൻ ശ്രമിക്കുകയാണെന്നും മന്ത്രി കെ.ബി. ഗണേഷ് കുമാർ ആരോപിച്ചു. ഇതിൻ്റെ ഭാഗമായിട്ടായിരിക്കാം രാമാനന്ദനെ കൊലപ്പെടുത്താൻ ശ്രമിച്ചതെന്നും മന്ത്രി സംശയം ഉന്നയിച്ചു. രാമാനന്ദനെ വകവരുത്തണമെന്ന് പറയുന്ന ശബ്ദ സന്ദേശം തൻ്റെ പക്കലുണ്ടെന്നും ഗണേഷ് കുമാർ പറഞ്ഞു.
മഠാധിപതിയാകുന്നതിനെ ചൊല്ലി തൻ്റെ ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടി കാട്ടി രാമാനന്ദൻ നേരത്തെ പൊലീസ് സംരക്ഷണം തേടിയിരുന്നു. ക്രിമിനലുകളെ സന്യാസ വേഷം കെട്ടിച്ച് അനധികൃതമായി ആശ്രമത്തിൽ പാർപ്പിച്ചിട്ടുണ്ടെന്ന് രാമാനന്ദൻ്റെ പരാതിയിൽ പറയുന്നു. സംഭവത്തിൽ കൃത്യമായ അന്വേഷണം വേണമെന്ന് പൊലീസ് ഉദ്യോഗസ്ഥരോട് മന്ത്രി നിർദേശിച്ചു. ആശ്രമത്തിൽ ഫോറൻസിക് വിദഗ്ധരും, ഡോഗ് സ്ക്വാഡും പരിശോധന നടത്തി.
കഴിഞ്ഞ ദിവസമാണ് കൊട്ടാരക്കര അവധൂതാശ്രമത്തിലെ സ്വാമി രാമാനന്ദ ഭാരതിയ്ക്ക് നേരെ ആക്രമണമുണ്ടാകുന്നത്. രാത്രി കണ്ണില്‍ മുളകുപൊടി വിതറി ഒരാള്‍ മര്‍ദിച്ചെന്നാണ് രാമാനന്ദ ഭാരതിയുടെ പരാതി. മഠം പിടിച്ചെടുക്കാന്‍ ബിജെപിയും ആർഎസ്എസും നടത്തുന്ന നീക്കം തടഞ്ഞതിന്റെ വിരോധമാണ് ആക്രമണത്തിന്റെ ഉദ്ദേശ്യമെന്നും സ്വാമി ആരോപിച്ചിരുന്നു.