
കർണാടകയിലെ അങ്കോളയിൽ മണ്ണിടിച്ചിലിൽ കോഴിക്കോട് സ്വദേശിയെ കാണാതായ സംഭവത്തിൽ പ്രതികരിച്ച് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. മഴമൂലം രക്ഷാപ്രവർത്തനം തടസപ്പെടുന്നുണ്ട്. ഈ സമയത്ത് കർണാടക സർക്കാരിനെ കുറ്റപ്പെടുത്തുകയല്ല വേണ്ടത്. അവരുമായി സഹകരിച്ച് രക്ഷാപ്രവർത്തനം ഊർജിതമാക്കണം. പ്രദേശത്ത് ഇനിയും മണ്ണിടിച്ചിലിനുള്ള സാധ്യതയുണ്ടെന്ന ഭയത്തിലാണ് അധികൃതർ. നിലവിൽ കർണാടക സർക്കാരിൽ നിന്നും നല്ല സഹകരണം ലഭിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
അപകട വിവരം കർണാടക സർക്കാർ ഗതാഗതവകുപ്പിനെ അറിയിച്ചിരുന്നില്ല. നമ്മൾ പറയുമ്പോഴാണ് മലയാളികൾ ഉണ്ടെന്നുള്ള കാര്യം കർണാടക സർക്കാർ മനസ്സിലാക്കുന്നത്. അപകട സ്ഥലത്തേക്ക് ഗതാഗത വകുപ്പിൻ്റെ ഉദ്യോഗസ്ഥരെ അയച്ചിട്ടുണ്ട്. ലോറി സമീപത്തെ നദിയിലേക്ക് ഒഴുകിപോയേക്കാമെന്ന സംശയവുമുണ്ട്. എന്നാൽ അർജുൻ്റെ ഫോൺ ഓൺ ആയിരുന്നെന്നും വാഹനത്തിൻ്റെ ജിപിഎസ് ലഭിക്കുന്നുണ്ടായിരുന്നെന്ന് ബന്ധുക്കൾ പറയുന്നു. അങ്ങനെയെങ്കിൽ ലോറി വെള്ളത്തിൽ ഒഴുകിപ്പോകാൻ സാധ്യതയില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ചൊവ്വാഴ്ച്ച രാവിലെയാണ് ഉത്തര കര്‍ണാടകയിലെ അങ്കോളയില്‍ ദേശീയപാതയില്‍ കുന്നിടിഞ്ഞ് അപകടമുണ്ടായത്. കുന്നിനു താഴെയുള്ള കടയിലേക്കാണ് മണ്ണ് ഇടിഞ്ഞത്. ഈ സമയത്ത് ഒരു ടാങ്കറും നിരവധിയാളുകളും താഴെയുണ്ടായിരുന്നു. മണ്ണിടിച്ചിലില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരും ടാങ്കറിലുണ്ടായിരുന്ന രണ്ട് പേരും മരണപ്പെട്ടെന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍. പിന്നീട് സമീപത്തുള്ള ഗംഗാവതി പുഴയില്‍ നിന്നും നാല് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഇനിയും മരണസംഖ്യ ഉയരുമെന്നാണ് വിവരം.