പി. രാജുവിന് പാർട്ടി നടപടിയിൽ വിഷമമുണ്ടായിരുന്നു, കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയിട്ടും പാർട്ടി തിരിച്ചെടുത്തില്ല: കെ. ഇ. ഇസ്മയിൽ

ഇല്ലാത്ത ചില പ്രശ്നങ്ങളുടെ പേരിൽ പാർട്ടി രാജുവിനെ വ്യക്തിഹത്യ നടത്തിയെന്ന ആരോപണവുമായി കെ.ഇ. ഇസ്മായിൽ നേരത്തെ രംഗത്തെത്തിയിരുന്നു
പി. രാജുവിന് പാർട്ടി നടപടിയിൽ വിഷമമുണ്ടായിരുന്നു, കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയിട്ടും പാർട്ടി തിരിച്ചെടുത്തില്ല: കെ. ഇ. ഇസ്മയിൽ
Published on

അന്തരിച്ച സിപിഐ നേതാവ് പി.രാജുവിന് പാർട്ടി നടപടിയിൽ വിഷമമുണ്ടായിരുന്നെന്ന് സിപിഐ നേതാവ് കെ.ഇ. ഇസ്മായില്‍. സാമ്പത്തിക തിരിമറി നടത്തിയെന്ന ആരോപണത്തിലാണ് പി. രാജു സംഘടനാ നടപടിക്ക് വിധേയനായത്. എന്നാല്‍ കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയിട്ടും പാർട്ടിയിൽ തിരിച്ചെടുത്തില്ലെന്നും സംസ്ഥാന നേതൃത്വത്തിന് വീഴ്ച പറ്റിയോ എന്നറിയില്ലെന്നും ഇസ്മായില്‍ പറഞ്ഞു. ഇക്കാര്യം പാർട്ടി പരിശോധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സിപിഐ നേതാവ് പ്രതികരിച്ചു.


ഇല്ലാത്ത ചില പ്രശ്നങ്ങളുടെ പേരിൽ പാർട്ടി രാജുവിനെ വ്യക്തിഹത്യ നടത്തിയെന്ന ആരോപണവുമായി കെ.ഇ. ഇസ്മായിൽ നേരത്തെ രംഗത്തെത്തിയിരുന്നു. ദീർഘകാലത്തെ പ്രവർത്തനത്തിലൂടെ നേടിയ സൽപ്പേര് കളങ്കപ്പെടുത്താൻ ശ്രമിച്ചത് ചെയ്തത് സഖാവിന് ഏറ്റ വലിയ ആഘാതമായിരുന്നെന്നും കെ.ഇ. ഇസ്മായിൽ പറഞ്ഞു. പിന്നാലെ രാജുവിന്റെ മൃതദേഹം പാർട്ടി ഓഫീസിൽ പൊതുദർശനത്തിനു വെയ്‌ക്കേണ്ടതില്ലെന്ന് കുടുംബം തീരുമാനിച്ചിരുന്നു.

സിപിഐയിലെ ഇസ്മയിൽ–കാനം രാജേന്ദ്രൻ പോരിൽ ഇസ്മയിലിനൊപ്പം അടിയുറച്ചുനിന്നയാളായിരുന്നു രാജു. രാജു സെക്രട്ടറി സ്ഥാനത്തു നിന്നു മാറിയതിനു പിന്നാലെ അദ്ദേഹത്തിനെതിരെ അഴിമതി ആരോപണം ഉയർന്നു. രാജു ജില്ലാ സെക്രട്ടറിയായിരുന്നപ്പോൾ പാർട്ടി കണക്കുകളിൽ 75 ലക്ഷം രൂപയുടെ ക്രമക്കേടു കണ്ടെത്തിയെന്നായിരുന്നു ആരോപണം. പിന്നീട് നടത്തിയ പരിശോധനയിൽ 2.30 കോടി രൂപയുടെ ക്രമക്കേടുണ്ടെന്നു കണ്ടെത്തി. വിഷയം പരിശോധിക്കാൻ 3 അംഗ സമിതിയെ ചുമതലപ്പെടുത്തുകയും, കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ രാജുവിനും, എം.ഡി. നിക്സണുമെതിരെ പാർട്ടി ജില്ലാ കൗൺസിൽ നടപടിയെടുക്കുകയും ചെയ്തിരുന്നു.


വ്യാഴാഴ്ചയാണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പി.രാജു അന്തരിച്ചത്. കാൻസർ രോഗത്തെ തുടർന്ന് ഒരു വർഷത്തോളമായി ചികിത്സയിലായിരുന്നു പി. രാജു. രോഗാവസ്ഥ കൂടിയതോടേ ഒരാഴ്ച മുമ്പാണ് അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

സിപിഐ മുൻ എറണാകുളം ജില്ലാ സെക്രട്ടറിയാണ് പി.രാജു. പാർട്ടി സംസ്ഥാന കൗൺസിൽ അംഗവുമായിരുന്നു. 1991 ലും 1996 ലും വടക്കൻ പറവൂരിൽ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അവസാന കാലത്ത് പാർട്ടിയുമായി ഇടഞ്ഞ പി. രാജു പൊതുമണ്ഡലത്തിൽ സജീവമായിരുന്നു.




Related Stories

No stories found.
News Malayalam 24x7
newsmalayalam.com