
ലിവർപൂളിലെ സൗത്ത് പോർട്ടിൽ മൂന്ന് കുട്ടികളുടെ ദാരുണമായ കൊലപാതകത്തെ തുടർന്ന് ബ്രിട്ടനിൽ പൊട്ടിപ്പുറപ്പെട്ട ജനരോഷം കുടിയേറ്റ വിരുദ്ധ കലാപമായി മാറിയിട്ട് ദിവസങ്ങൾ പിന്നിടുകയാണ്. 13 വർഷത്തിനിടെ ബ്രിട്ടൻ സാക്ഷ്യം വഹിക്കുന്ന ഏറ്റവും വലിയ ജനരോഷമാണിത്. പ്രധാനമന്ത്രി പ്രതിഷേധങ്ങളെ തീവ്ര വലതുപക്ഷ കൊള്ള എന്നാണ് വിശേഷിപ്പിച്ചത്.
റോതർഹാമിൽ കുടിയേറ്റക്കാർ അഭയം തേടിയെന്ന് കരുതുന്ന ഹോട്ടൽ പ്രതിഷേധക്കാർ അതിക്രമിച്ച് കയറി തീവെച്ചു നശിപ്പിച്ചു. സംഘർഷത്തിൽ പത്തോളം പൊലീസുകാർക്ക് പരുക്കേറ്റിറ്റുണ്ടെന്നാണ് റിപ്പോർട്ട്. എന്നാൽ ഹോട്ടൽ ജീവനക്കാർക്കോ ഇടപാടുകാർക്കോ പരുക്കൊന്നും പറ്റിയിട്ടില്ല.
പ്രതിഷേധക്കാർ ബ്രിട്ടീഷ് പതാകകൾക്ക് നേരെയും, പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെയും ഇഷ്ടികകളും ബിയർ കുപ്പികളും എറിഞ്ഞു. പ്രതി ഒരു കുടിയേറ്റക്കാരനും തീവ്ര ഇസ്ലാമിസ്റ്റും ആണെന്ന് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിനെ തുടർന്നാണ് പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്. ഇത് ബ്രിട്ടനിലെ മുസ്ലീം സമൂഹത്തിന് നേരെയുള്ള അക്രമമായി മാറി.
പ്രതിഷേധക്കാർ പള്ളികൾ ലക്ഷ്യം വെച്ചിട്ടുണ്ടെന്നും, സ്ഥാപനങ്ങൾക്ക് സുരക്ഷ ഒരുക്കുമെന്നും പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. ബെർമിങ്ഹാം, റോതെർഹോം തുടങ്ങിയ നഗരങ്ങളിൽ അക്രമാസക്തമായ പ്രതിഷേധങ്ങളാണ് നടന്നത്. ഇത് രാജ്യത്ത് അനിശ്ചിതാവസ്ഥ സൃഷ്ടിച്ചു. വടക്കു-കിഴക്കൻ ഇംഗ്ലീഷ് നഗരമായ മിഡിൽസ്ബറോയിൽ നൂറുകണക്കിന് പ്രതിഷേധക്കാർ അണിനിരന്നു. ചിലർ ഉദ്യോഗസ്ഥർക്ക് നേരെ ഇഷ്ടികകളും ക്യാനുകളും പാത്രങ്ങളും എറിയുന്നുണ്ടായിരുന്നു.