കെജ്‌രിവാള്‍ മനപൂർവ്വം ഭക്ഷണവും മരുന്നും ഒഴിവാക്കുന്നെന്ന് ആരോപണം; ഡല്‍ഹി ലെഫ്. ഗവർണർ നടത്തിയ പ്രതികരണം വിവാദത്തില്‍

ജൂണ്‍ 2 മുതലുള്ള ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കെജ്‌രിവാളിന്‍റെ ശരീരഭാരം 2 കിലോ കുറഞ്ഞതായും, രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ വലിയ വ്യതിയാനങ്ങളുണ്ട് എന്നുമായിരുന്നു റിപ്പോർട്ട്
കെജ്‌രിവാള്‍ മനപൂർവ്വം ഭക്ഷണവും മരുന്നും ഒഴിവാക്കുന്നെന്ന് ആരോപണം; ഡല്‍ഹി ലെഫ്. ഗവർണർ നടത്തിയ പ്രതികരണം വിവാദത്തില്‍
Published on

അരവിന്ദ് കെജ്‌രിവാളിന്‍റെ ആരോഗ്യനിലയുമായി ബന്ധപ്പെട്ട റിപ്പോർട്ടിൽ, ഡല്‍ഹി ലെഫ്. ഗവർണർ നടത്തിയ പ്രതികരണം വിവാദത്തില്‍. രോഗാവസ്ഥയെക്കുറിച്ച് അറിയാതെയാണ് റിപ്പോർട്ട് തയ്യാറാക്കിയതെന്ന് നേതാക്കള്‍ ആരോപണമുന്നയിച്ചു., ഡല്‍ഹി ലെഫ്. ഗവർണർ വി കെ സക്സേനയുടെ പരാമർശങ്ങളാണ് ആംആദ്മിയിൽ വലിയ പ്രതിഷേധമുയർത്തിയത്. വീട്ടിലെ ഭക്ഷണം നല്‍കിയിട്ടും കെജ്‌രിവാള്‍ മനപൂർവ്വം ഭക്ഷണം ഒഴിവാക്കിയെന്നും, ഇന്‍സുലിന്‍ അടക്കമുള്ള മരുന്നുകള്‍ കഴിക്കാതെയുമാണ് ആരോഗ്യനില മോശമാകാനുള്ള കാരണം എന്നാണ് കത്തില്‍ വി കെ സക്സേന ഉന്നയിച്ചത്.

മദ്യനയ അഴിമതികേസില്‍ തിഹാർ ജയിലില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ ആരോഗ്യനില മോശമാകുന്നു എന്ന ആംആദ്മിയുടെ ആരോപണത്തെ ശരിവയ്ക്കുന്നതായിരുന്നു ജയില്‍ അധികൃതർ പുറത്തുവിട്ട റിപ്പോർട്ട്. ജൂണ്‍ 2 മുതലുള്ള ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കെജ്‌രിവാളിന്‍റെ ശരീരഭാരം 2 കിലോ കുറഞ്ഞതായും, രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ വലിയ വ്യതിയാനങ്ങളുണ്ട് എന്നുമായിരുന്നു റിപ്പോർട്ട്.  ജയിലധികൃതർ നൽകിയ റിപ്പോർട്ടിൽ, ചീഫ് സെക്രട്ടറി നരേഷ് കുമാറിന് നല്‍കിയ മറുപടിയിലായിരുന്നു  ഗവർണർ വി കെ സക്സേനയുടെ പരാമർശം.

എന്നാല്‍, തികച്ചും അശാസ്ത്രീയവും അപകടകരവുമാണ് ഗവർണറുടെ ആരോപണങ്ങള്‍ എന്ന പ്രതികരണവുമായി എഎപി രംഗത്തെത്തി. ജൂണ്‍ 2ന് ശേഷം 8 തവണയാണ് കെജ്‌രിവാളിന്‍റെ രക്തത്തിലെ പഞ്ചസാരയുടെ അളവ് അപകടകരമായ നിലയിലേക്ക് താഴ്ന്നത്. ടെെപ്പ് 2 ഡയബറ്റിസ് മെലിറ്റസ് എന്ന രോഗാവസ്ഥയുമായി ബന്ധപ്പെട്ട് ഉറക്കത്തിനിടെ വരെ ഗ്ലൂക്കോസ് നില താഴാനും കോമയിലേക്ക് വരെ പോകാനും സാധ്യതയുണ്ട്. അങ്ങനെയിരിക്കെ, മനപൂർവ്വം ആരോഗ്യനില മോശമാക്കാനുള്ള പ്രവർത്തികള്‍ കെജ്‌രിവാള്‍ നടത്തിയെന്ന ആരോപണം ഗുരുതരമാണെന്ന് എഎപി നേതൃത്വം വിമർശിച്ചു.

ഏത് വെെദഗ്ദ്യത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇത്തരം നിരീക്ഷണങ്ങള്‍ ഗവർണർ നടത്തിയതെന്ന് വ്യക്തമാക്കണമെന്നും ആംആദ്മി ആവശ്യപ്പെട്ടു. അതേസമയം, സ്റ്റേ ചെയ്ത കെജ്‌രിവാളിന്‍റെ വിചാരണ കോടതി ജാമ്യം റദ്ദാക്കണമെന്ന ഇഡി ഹർജി, ഓഗസ്റ്റ് 7ന് ഡല്‍ഹി ഹെെക്കോടതി വീണ്ടും പരിഗണിക്കും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com