എഡിജിപി എം. ആർ. അജിത് കുമാറിന് സർക്കാരിന്റെയും ക്ലീൻ ചിറ്റ്; കുറ്റവിമുക്തനാക്കിയ വിജിലൻസ് റിപ്പോർട്ട് അംഗീകരിച്ച് മുഖ്യമന്ത്രി

എഡിജിപി എം. ആർ. അജിത് കുമാറിന് സർക്കാരിന്റെയും ക്ലീൻ ചിറ്റ്; കുറ്റവിമുക്തനാക്കിയ വിജിലൻസ് റിപ്പോർട്ട് അംഗീകരിച്ച് മുഖ്യമന്ത്രി

ഇന്നലെയാണ് റിപ്പോർട്ടിൽ മുഖ്യമന്ത്രി ഒപ്പിട്ടത് പി വി അൻവർ ഉന്നയിച്ച ആരോപണങ്ങളിലാണ് അന്വേഷണം നടത്തിയത്
Published on

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ എഡിജിപി എം. ആർ. അജിത് കുമാറിന് സർക്കാരിന്റെയും ക്ലീൻ ചിറ്റ്. കുറ്റവിമുക്തനാക്കിയ വിജിലൻസ് റിപ്പോർട്ട് മുഖ്യമന്ത്രി അംഗീകരിച്ചു.  ഇന്നലെയാണ് റിപ്പോർട്ടിൽ മുഖ്യമന്ത്രി ഒപ്പിട്ടത്. പി വി അൻവർ ഉന്നയിച്ച ആരോപണങ്ങളിലാണ് അന്വേഷണം നടത്തിയത്. 

ഫ്ലാറ്റ് മറിച്ചു വിൽക്കൽ, വീട് നിർമാണം എന്നിവയിൽ മാത്രമാണ് വിജിലൻസ് ക്ലീൻ ചിറ്റ് നൽകിയത്.നെയ്യാറ്റിൻകര കോടതി പരിഗണിക്കുന്ന അന്യായത്തിലായിരുന്നു വിജിലൻസിൻ്റെ മറുപടി. പി.വി. അൻവറിൻ്റെ മറ്റ് ആരോപണങ്ങൾ അന്വേഷിക്കുകയാണെന്നും വിജിലൻസ് അറിയിച്ചിരുന്നു.

സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവി പട്ടികയിൽ ഏതാനും ദിവസങ്ങൾക്ക് മുൻപ് എം.ആർ. അജിത് കുമാർ ഇടംപിടിച്ചിരുന്നു. അതിനിടെയാണ് വിജിലൻസിൻ്റെ ക്ലീൻചിറ്റ്. പട്ടിക സംസ്ഥാന സർക്കാർ കേന്ദ്രത്തിന് അയച്ചിരുന്നു. ആറ് ഉന്നത ഉദ്യോഗസ്ഥരുടെ പേരുകളാണ് പട്ടികയിലുള്ളത്.

തൃശൂർ പൂരം കലക്കൽ, അനധികൃത സ്വത്ത് സമ്പാദനം, ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച തുടങ്ങിയ വിഷയങ്ങളിൽ അന്വേഷണം നേരിടുന്ന വ്യക്തിയാണ് അജിത് കുമാർ.

മാധ്യമസ്ഥാപനമായ മറുനാടൻ മലയാളി ഉടമയിൽ നിന്നും കൈക്കൂലി വാങ്ങി കേസ് ഒതുക്കി തീർത്തെന്ന ആരോപണം, സ്വർണകടത്തുമായി ബന്ധപ്പെട്ട പി.വി.അൻവർ എംഎൽഎയുടെ ആരോപണങ്ങൾ, കവടിയാറിലെ വസതിയുമായി ബന്ധപ്പെട്ട വിഷയം, മലപ്പുറം മരംമുറി വിവാദം, മലപ്പുറം എസ്‌പി സുജിത് ദാസുമായി ചേർന്ന് നടത്തിയ അഴിമതിയും അനധികൃത സ്വത്ത് സമ്പാദനവും ഉൾപ്പെടെ അഞ്ച് വിഷയങ്ങളിൽ അജിത് കുമാറിനെതിരെ പ്രത്യേക സംഘത്തിൻ്റെ അന്വേഷണം നടക്കുന്നുണ്ട്. എന്നാൽ നിലവിൽ അജിത് കുമാറിനെതിരെ ഒരു കേസും രജിസ്റ്റർ ചെയ്തിട്ടില്ല.

News Malayalam 24x7
newsmalayalam.com