
ബോഡി ബിൽഡിംഗ് താരങ്ങൾക്ക് നിയമനം നൽകാനുള്ള സർക്കാർ തീരുമാനം സ്റ്റേ ചെയ്തത് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബൂണൽ. ഷിനു ചൊവ്വ, ചിത്തരേഷ് നടേശൻ എന്നിവരുടെ നിയമന നീക്കത്തിനാണ് സ്റ്റേ. ആംഡ് പൊലീസ് ബറ്റാലിയൻ ഇൻസ്പെക്ടർ ബിജുമോൻ പി.ജെ. നൽകിയ ഹർജിയിലാണ് ഉത്തരവ്. ഷിനു ചൊവ്വ ശാരീരികക്ഷമത പരീക്ഷയിൽ പരാജയപ്പെട്ട സംഭവം വിവാദമായിരിക്കെയാണ് നിയമനം തന്നെ സ്റ്റേ ചെയ്യപ്പെടുന്നത്.
ചട്ടങ്ങളും സർക്കാർ ഉത്തരവും ലംഘിച്ച് രണ്ട് ബോഡി ബിൽഡിംഗ് താരങ്ങൾക്ക് സ്‌പോർട്‌സ് കോട്ടയിൽ പൊലീസ് ഇൻസ്‌പെക്ടറായി നിയമനം നൽകാൻ സർക്കാർ തീരുമാനിച്ചത് വിവാദങ്ങൾക്ക് വഴി വെച്ചിരുന്നു. പിന്നാലെ ഷിനു ചൊവ്വ പൊലീസിന്റെ കായിക ക്ഷമത പരീക്ഷയില്‍ പരാജയപ്പെട്ടു. മിസ്റ്റര്‍ യൂണിവേഴ്‌സ് നേടിയ ചിത്തരേഷ് നടേശന്‍ മത്സരത്തില്‍ പങ്കെടുത്തതുമില്ല.
പൊലീസ് ഇന്‍സ്‌പെക്ടര്‍ സൂപ്പര്‍ ന്യൂമററി തസ്തിക സൃഷ്ടിച്ചായിരുന്നു ഷിനു ചൊവ്വയുടെ നിയമനം. ഒളിമ്പ്യന്‍ ശ്രീശങ്കറിന് നിയമനം നല്‍കാനുള്ള ഡിജിപിയുടെ ശുപാര്‍ശ തള്ളിയാണ് ഷിനു ചൊവ്വയെ സര്‍ക്കാര്‍ നിയമിച്ചത്. ചട്ടങ്ങളും സര്‍ക്കാര്‍ ഉത്തരവും ലംഘിച്ചാണ് പൊലീസ് ഇന്‍സ്‌പെക്ടറായി രണ്ട് ബോഡി ബില്‍ഡിംഗ് താരങ്ങള്‍ക്ക് സ്‌പോര്‍ട്‌സ് കോട്ടയില്‍ നിയമനം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
2019 ല്‍ ദക്ഷിണ കൊറിയയില്‍ നടന്ന പതിനൊന്നാമത് അന്താരാഷ്ട്ര ബോഡി ബില്‍ഡിംഗ് ഫിസിക് സ്‌പോര്‍ട്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് മിസ്റ്റര്‍ യൂണിവേഴ്‌സ് പട്ടം കരസ്ഥമാക്കിയ വ്യക്തിയാണ് ചിത്തരേഷ് നടേശന്‍. ഷിനു ചൊവ്വ ലോക പുരുഷ ശരീര സൗന്ദര്യ മത്സരങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് വര്‍ഷം ഇന്ത്യയെ പ്രതിനിധീകരിച്ച ഏക മലയാളി താരവും മെന്‍സ് ഫിസിക് വിഭാഗത്തില്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേട്ടം കൈവരിച്ച ആദ്യ ഇന്ത്യക്കാരനുമാണ്.
ഇവരുടേത് പ്രത്യേക കേസായി പരിഗണിച്ച് നിലവിലുള്ള ചട്ടങ്ങളിൽ ഇളവു വരുത്തിയാണ് ആംഡ് പൊലീസ് ബറ്റാലിയനിൽ ആംഡ് പൊലീസ് ഇൻസ്‌പെക്ടറുടെ രണ്ട് സൂപ്പർ ന്യൂമററി തസ്തികകൾ സൃഷ്ടിച്ച് നിയമനം നൽകുന്നതെന്ന ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.