പുനരധിവാസം വേഗത്തിലാക്കണം, പ്രതീക്ഷിച്ച കേന്ദ്ര സഹായം ലഭിച്ചില്ല; സഭയിൽ ചർച്ചയായി വയനാടും വിലങ്ങാടും

സ്പീക്കർ, മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, എന്നിവരുടെ പ്രസംഗത്തിന് പിന്നാലെയായിരുന്നു എംഎൽഎമാരുടെ പ്രതികരണം
പുനരധിവാസം വേഗത്തിലാക്കണം, പ്രതീക്ഷിച്ച കേന്ദ്ര സഹായം ലഭിച്ചില്ല; സഭയിൽ ചർച്ചയായി വയനാടും വിലങ്ങാടും
Published on


വയനാട് ദുരന്തത്തിൽ മരിച്ചവർക്ക് ചരമോപചാരമർപ്പിച്ചുകൊണ്ടായിരുന്നു പതിനഞ്ചാം നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനം ആരംഭിച്ചത്. സ്പീക്കർ, മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, എന്നിവരുടെ പ്രസംഗത്തിന് പിന്നാലെ സഭയിലെ മന്ത്രിമാരും എംഎൽഎമാരും വിഷയത്തിൽ പ്രതികരിച്ചു. കേന്ദ്ര സഹായം ലഭിക്കാത്തതിൽ അപലപിച്ചുകൊണ്ടായിരുന്നു ഭരണകക്ഷി എംഎൽഎമാരുടെ പ്രതികരണം. വയനാടിനൊപ്പം വിലങ്ങാടിനെയും ചേർത്ത് നിർത്തണമെന്നും പുനരധിവാസം വേഗത്തിലാക്കണമെന്നും പ്രതിപക്ഷം അഭിപ്രായപ്പെട്ടു.

വയനാട് ഉരുൾപൊട്ടൽ കേരള മനസ്സാക്ഷിയെ ഞെട്ടിച്ച ദുരന്തമാണെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. പുനരധിവാസ പ്രവർത്തനം വേഗത്തിൽ പുരോഗമിക്കുന്നു. പ്രതീക്ഷിച്ചു എന്നല്ലാതെ കേന്ദ്ര സഹായം ലഭിച്ചില്ലെന്നും കേന്ദ്ര നിലപാടിൽ അപലപിക്കുന്നെന്നും മന്ത്രി പറഞ്ഞു. വയനാട് ദുരന്തത്തിന് ആമുഖവും മുഖവുരയും ആവശ്യമില്ലെന്നായിരുന്നു മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ പ്രസ്താവന. ഹൃദയഭേദകമായ കാഴ്ചകളാണ് അന്ന് കണ്ടതെന്നും മനുഷ്യസ്നേഹികളുടെ സ്നേഹസ്പർശം ഒഴുകിയെത്തിയെന്നും കടന്നപ്പള്ളി പറഞ്ഞു.


കേന്ദ്ര സഹായമെത്താത്തതിൽ അപലപിച്ച് കൊണ്ട് തന്നെയായിരുന്നു കെ. ബി ഗണേഷ് കുമാറിൻ്റെയും പ്രതികരണം. ഇതുവരെയും കേന്ദ്ര സഹകരണമെത്താത്തത് ഖേദകരമാണെന്നും എന്നെങ്കിലും സഹായം ലഭിച്ചിട്ട് കാര്യമില്ലെന്നും മന്ത്രി പറഞ്ഞു. അതേസമയം ദുരിതാശ്വാസ പ്രവർത്തനത്തിൽ പ്രതിപക്ഷത്തിന്റെ സഹകരണം ഉണ്ടായത് പ്രശംസനീയമാണെന്നും ഗണേഷ് കുമാർ ചൂണ്ടികാട്ടി.

അടിക്കടിയുണ്ടാകുന്ന ദുരന്തങ്ങൾക്ക് ദീർഘകാല അടിസ്ഥാനത്തിൽ പരിഹാരം കാണണമെന്ന് മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. പുനരധിവാസ പ്രവർത്തനം മന്ദഗതിയിലായോ എന്ന ആശങ്കയ്ക്ക് എത്രയും വേഗം പരിഹാരം കണ്ട് യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തനങ്ങൾ മുന്നോട്ടുപോകണമെന്നും നേതാവ് പറഞ്ഞു. അതേസമയം വിലങ്ങാട് ദുരന്തത്തിൽ കുറച്ചുകൂടി ശ്രദ്ധ സർക്കാരിൽ നിന്നുണ്ടാകണമെന്നും പ്രദേശത്തെ പരിഗണിക്കണമെന്നും ആർഎംപി എംഎൽഎ കെ.കെ. രമ ചൂണ്ടികാട്ടി. ഇനിയൊരു ദുരന്തം ഉണ്ടാകാതെ നാടിനെ സംരക്ഷിക്കാൻ നടപടി സ്വീകരിക്കണമെന്നും സമ്പൂർണ്ണ പുനരധിവാസം ഉറപ്പാക്കണമെന്നും ടി. സിദ്ധിഖ് എംഎൽഎ പറഞ്ഞു.



Related Stories

No stories found.
News Malayalam 24x7
newsmalayalam.com