
ട്രെയിന്‍ ടിക്കറ്റ് ലഭിക്കാതെ എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷനില്‍ കുടുങ്ങിയ കേരള ബാഡ്മിന്റണ്‍ ടീമിന്റെ യാത്രാ പ്രശ്‌നത്തില്‍ ഇടപെട്ട് വിദ്യാഭ്യാസ വകുപ്പ്. വിദ്യാര്‍ഥികളെ വിമാനത്തില്‍ അയക്കാന്‍ തീരുമാനമായെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു.
മുഴുവന്‍ കുട്ടികള്‍ക്കും ടിക്കറ്റെടുക്കാന്‍ തൊഴില്‍ വകുപ്പിന് കീഴിലുള്ള ഒഡെപെക്കിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നേരത്തെ വിമാന നിരക്കിന്റെ പകുതി വഹിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് അറിയിച്ചെന്ന് രക്ഷിതാക്കള്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇത് പ്രായോഗികമല്ലെന്ന് രക്ഷിതാക്കള്‍ വ്യക്തമാക്കിയതോടെയാണ് മുഴുവന്‍ കുട്ടികളുടെയും ടിക്കറ്റെടുക്കാന്‍ തീരുമാനിച്ചത്.
കുട്ടികളും രക്ഷിതാക്കളുമടക്കം 24 പേരാണ് റെയില്‍വേ സ്റ്റേഷനില്‍ കാത്തുനിന്നത്. നവംബർ 17ന് ഭോപ്പാലില്‍ വെച്ചുനടക്കുന്ന ദേശീയ സ്‌കൂള്‍ ബാഡ്മിന്റണില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്ന വിദ്യാര്‍ഥികള്‍ക്കാണ് ദുരവസ്ഥയുണ്ടായത്.
ഉച്ചയ്ക്ക് 1.25ന് പുറപ്പെടുന്ന എറണാകുളം-നിസാമുദ്ദീന്‍ മംഗള എക്‌സ്പ്രസിലാണ് വിദ്യാര്‍ഥികള്‍ക്ക് അധികൃതര്‍ ടിക്കറ്റ് ബുക്ക് ചെയ്ത് നല്‍കിയിരുന്നത്. ടിക്കറ്റ് വെയിറ്റിംഗ് ലിസ്റ്റിലായിരുന്നു എന്ന് അറിഞ്ഞിരുന്നെങ്കിലും ടിക്കറ്റിനെക്കുറിച്ച് ആശങ്ക വേണ്ടെന്നാണ് അധികൃതര്‍ അറിയിച്ചിരുന്നതെന്ന് വിദ്യാര്‍ഥികളും അധ്യാപകരും പറഞ്ഞു. എന്നാല്‍ ആകെ രണ്ട് പേരുടെ ടിക്കറ്റുകള്‍ മാത്രമാണ് കണ്‍ഫോം ആയതെന്നും ബാക്കി ടിക്കറ്റുകള്‍ വെയിറ്റിംഗ് ലിസ്റ്റില്‍ തന്നെയായതാണ് കുട്ടികള്‍ക്ക് വിനയായത്.
ടിക്കറ്റ് ബുക്ക് ചെയ്‌തോളുമെന്നും മത്സരത്തിൽ പങ്കെടുക്കേണ്ട വിദ്യാര്‍ഥികളുടെ രേഖകളും മറ്റും തയ്യാറാക്കാൻ മാത്രമായിരുന്നു അധികൃതര്‍ തങ്ങളോട് അറിയിച്ചിരുന്നതെന്നാണ് അധ്യാപകരും വ്യക്തമാക്കുന്നത്.