
നീണ്ട 74 വര്‍ഷത്തെ കാത്തിരിപ്പിനും 352 മത്സരങ്ങളിലെ പോരാട്ടത്തിനും ശേഷം കേരളം ആദ്യമായി രഞ്ജി ട്രോഫിയുടെ ഫൈനലില്‍ എത്തിയിരിക്കുന്നു. സച്ചിൻ ബേബിയും അമേയ് ഖുറാസിയയും കൈകോർത്തപ്പോൾ സംഭവിച്ചത് മാജിക്കാണ്... ഒപ്പം കേരളം ചരിത്രത്തിലേക്കും നടന്നുകയറി.
ഗുജറാത്തിനെ അവരുടെ തട്ടകത്തിൽ വിറപ്പിച്ച് കേരളത്തിൻ്റെ പുലിക്കുട്ടികൾ രഞ്ജി ട്രോഫിയിൽ സ്വപ്ന ഫൈനൽ കളിക്കാൻ യോഗ്യത നേടിയിരിക്കുന്നു. സച്ചിൻ ബേബിയും സംഘവും ക്രിക്കറ്റിനുമപ്പുറം വടക്കേ-ഇന്ത്യൻ ലോബികളുടെ പണക്കൊഴുപ്പിനെ മറികടന്ന് ഒരു സ്വപ്ന ഫൈനൽ കളിക്കുമ്പോൾ... ലോകമെങ്ങുമുള്ള മലയാളി ആരാധകർക്ക് കണ്ണുനനയാതെ ഈ കാഴ്ചയെങ്ങനെ കണ്ടിരിക്കാനാകും.
പഴയ തിരുവിതാംകൂര്‍-കൊച്ചി ടീം കേരള ക്രിക്കറ്റ് ടീം ആയ ശേഷം, 1957ലാണ് കേരളം ആദ്യമായി രഞ്ജി ട്രോഫി ടൂര്‍ണമെന്‍റില്‍ മത്സരിക്കാനിറങ്ങുന്നത്. അന്ന് തൊട്ടു ചരിത്രത്തിൽ ഇന്നേവരെ സാധ്യമാകാതിരുന്ന അസുലഭ നേട്ടവുമായി കേരളം മിന്നിത്തിളങ്ങുമ്പോൾ ഇതൊരു ടീം വർക്കിൻ്റെ വിജയമെന്ന് വേണം വിശേഷിപ്പിക്കാൻ. മധ്യപ്രദേശുകാരനായ കോച്ച് അമേയ് ഖുറാസിയയ്ക്കും ഈ യുവനിരയുടെ അത്ഭുത കുതിപ്പിൽ അഭിമാനിക്കാനേറെയുണ്ട്. അദ്ദേഹത്തിൻ്റെ കൂടി കണക്കുകൂട്ടലുകളുടെ വിജയമായി കേരളത്തിൻ്റെ ഈ മുന്നേറ്റത്തെ കാണണം.
ഒരു ത്രില്ലർ സിനിമ പോലെയായിരുന്നു കേരളം-ഗുജറാത്ത് സെമി ഫൈനൽ. ടോസ് നേടി ആദ്യം ബാറ്റിങ് തിരഞ്ഞെടുത്ത കേരള നായകൻ സച്ചിൻ ബേബിയുടെ തീരുമാനം ശരിവെച്ച്, ആദ്യ രണ്ടുദിനങ്ങളിലും കേരളത്തിൻ്റെ ബാറ്റർമാർ ഗുജറാത്ത് ബൗളർമാർക്ക് മേൽ ആധിപത്യം പുലർത്തുന്നതാണ് കണ്ടത്. മുഹമ്മദ് അസ്ഹറുദീൻ്റെ 177 റൺസുമായുള്ള ഒറ്റയാൾ പോരാട്ടവും, സച്ചിൻ ബേബിയുടെയും (69) സൽമാൻ നിസാറിൻ്റെയും അർധസെഞ്ചുറി പ്രകടനങ്ങളും കൂടി ചേർന്നപ്പോൾ കേരളത്തിന് ഒന്നാമിന്നിങ്സിൽ 457 റൺസെന്ന കൂറ്റൻ സ്കോർ സ്വന്തമാക്കാനായി. എന്നാൽ മറുപടിയായി കേരള ബൗളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ചും, വിക്കറ്റ് കളയാതെ കാത്തുസൂക്ഷിച്ചും ഗുജറാത്ത് ബാറ്റർമാർ പോരാട്ടം അഞ്ചാം ദിനം ഒന്നാം സെഷൻ വരെ നീട്ടിയപ്പോൾ കേരളവും വിറച്ചുപോയെന്നതാണ് യാഥാർഥ്യം. അഹമ്മദാബാദിലെ സ്പിന്നിങ് ട്രാക്കിൽ ജലജ് സക്സേനയും ആതിദ്യ സർവാതെയും ഗുജറാത്ത് വാലറ്റത്തെ ലീഡെന്ന ലക്ഷ്യത്തിൽ നിന്നകറ്റി.
രണ്ട് റൺസിൻ്റെ നിർണായക ലീഡ് സമ്മാനിച്ച സൽമാൻ നിസാറിൻ്റെ ഹെൽമറ്റിനോടാണ് കേരളം ഇപ്പോൾ നന്ദി പറയുന്നത്. നാഗ്വസ്വല്ലയുടെ പവർഫുൾ ഷോട്ട് ഷോർട്ട് ലെഗിൽ ഫീൽഡ് ചെയ്തിരുന്ന സൽമാൻ നിസാറിൻ്റെ ഹെൽമറ്റിലിടിച്ച് ഉയർന്നു പൊങ്ങിയതാണ് കേരളത്തിന് അനുഗ്രഹമായത്. സ്ലിപ്പിൽ ഫീൽഡ് ചെയ്തിരുന്ന ക്യാപ്റ്റൻ സച്ചിൻ ബേബിക്ക് അനായാസ ക്യാച്ച്. നേരത്തെ പത്താം വിക്കറ്റിൽ സമാനമായൊരു ക്യാച്ച് അവസരം സൽമാൻ നിസാറിൻ്റെ കൈകളിലേക്ക് വന്നെങ്കിലും പിടിയിലൊതുക്കാൻ താരത്തിനായില്ല. കേരള താരങ്ങളെയെല്ലാം നിരാശയിലേക്ക് തള്ളിവിട്ട സാഹചര്യമായിരുന്നു ഇത്.
എന്നാം കാലം കാത്തുവെച്ച കാവ്യനീതി പോലെ സൽമാൻ്റെ ഹെൽമറ്റും.. നായകൻ സച്ചിൻ ബേബിയുടെ ക്യാച്ചുമെല്ലാം മലയാളി ആരാധകരുടെ ചുണ്ടിൽ പുഞ്ചിരി വിടർത്തി. വെറും രണ്ട് റൺസകലെ കൈവിട്ട ഫൈനൽ ബർത്തിനെയോർത്ത് തലയിൽ കൈവച്ചിരിക്കാനേ ഗുജറാത്തി ടീമംഗങ്ങൾക്ക് കഴിഞ്ഞുള്ളൂ. ക്രിക്കറ്റിനല്ലാതെ ഇതുപോലൊരു ത്രില്ലർ ക്ലൈമാക്സ് ഒരുക്കാൻ മറ്റേതിന് ഗെയിമിനാകും?
പ്രതിരോധത്തിലൂന്നിയ ബാറ്റിങ്ങുമായി.. സച്ചിൻ ബേബിയും അസ്ഹറുദീനും സൽമാൻ നിസാറും രോഹൻ കുന്നുമ്മലും അക്ഷയ് ചന്ദ്രനുമെല്ലാം കേരത്തിന് രഞ്ജി ചരിത്രത്തിലെ ഏറ്റവുമുയർന്ന സ്കോർ സമ്മാനിച്ചപ്പോൾ, അത് പ്രതിരോധിക്കാൻ ബൗളർമാരും കിണഞ്ഞു പരിശ്രമിച്ചു. അങ്ങനെ രണ്ടര ദിവസത്തിനുള്ളിൽ ഗുജറാത്തിൻ്റെ ഒന്നാമിന്നിങ്സ് അവസാനിപ്പിക്കാൻ കേരളത്തിൻ്റെ ചുണക്കുട്ടികൾക്കായി. നാലുവീതം വിക്കറ്റുകളുമായി ജലജ് സക്സേനയും ആതിദ്യ സർവാതെയും കേരളത്തിൻ്റെ ബൗളിങ് ഡിപ്പാർട്ട്മെൻ്റിന് ചുക്കാൻ പിടിച്ചു.
അഞ്ചാം ദിനം അപ്രതീക്ഷിത തിരിച്ചുവരവാണ് കേരള ടീം നടത്തിയത്. ലീഡിലൂടെ ഫൈനൽ ടിക്കറ്റ് ഉറപ്പിക്കാൻ കേരളത്തിന് വേണ്ടത് മൂന്ന് വിക്കറ്റും ഗുജറാത്തിന് വേണ്ടിയിരുന്നത് 28 റൺസുമായിരുന്നു. നാലാം ദിനം എട്ടാം വിക്കറ്റിൽ ജയ്മീത് പട്ടേലും (79) സിദ്ധാർഥ് ദേശായിയും നടത്തിയ പ്രത്യാക്രമണം കേരളത്തിൻ്റെ നെഞ്ചിടിപ്പേറ്റിയിരുന്നു. എന്നാൽ മനസാന്നിധ്യത്തോടെ പന്തെറിഞ്ഞ സ്പിന്നർമാർ നിർണായകമായ രണ്ട് റൺസിൻ്റെ ഒന്നാമിന്നിങ്സ് ലീഡ് കേരളത്തിന് സമ്മാനിച്ചു. പ്രിയങ്ക് പഞ്ചൽ (148), ജയ്മീത് പട്ടേൽ (79), ആര്യ ദേശായി (73) എന്നിവരാണ് ഗുജറാത്ത് ബാറ്റിങ് നിരയിൽ തിളങ്ങിയത്.