മലയാളത്തിന്റെ മഞ്ഞ് കാലം മാഞ്ഞു; എംടിയെ യാത്രയാക്കി കേരളം

ആ കഥകള്‍ ഇനിയാണ് കൂടുതല്‍ ഉച്ചത്തില്‍ സംസാരിക്കാന്‍ തുടങ്ങുക. ഇനിയാണ് എംടി തുറന്നുവച്ച ലോകത്തേക്ക് അക്ഷരങ്ങളിലൂടെ മലയാളി കൂടുതല്‍ തീര്‍ത്ഥയാത്രകള്‍ പോവുക.
മലയാളത്തിന്റെ മഞ്ഞ് കാലം മാഞ്ഞു; എംടിയെ യാത്രയാക്കി കേരളം
Published on


"ഉള്ളിലേക്ക് നോക്കുമ്പോള്‍ ഒന്നുമില്ല, പൊട്ടിയ ഭിക്ഷാപാത്രം പോലെ ശൂന്യമായ മനസ്സ്. കൊടുക്കാന്‍ ഒന്നുമില്ല, എടുത്താല്‍ ഒന്നും തങ്ങിനില്‍ക്കുകയുമില്ല". (വാരാണസി)


മലയാളത്തിന്റെ അക്ഷരതേജസ്, എം.ടി. വാസുദേവന്‍ നായര്‍ക്ക് കേരളം വിട നല്‍കി. കോഴിക്കോട് മാവൂര്‍ റോഡിലെ സ്മൃതിപഥം ശ്മശാനത്തില്‍ അഞ്ചു മണി കഴിഞ്ഞ് മലയാള സാഹിത്യത്തിലെ അതികായന്റെ ഭൗതികശരീരം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. ഗാർഡ് ഓഫ് ഓണർ നൽകി  സംസ്കാരം നടത്തണമെന്ന സർക്കാരിൻ്റെ അഭ്യർത്ഥന കുടുംബം അംഗീകരിച്ചിരുന്നു. എംടിയുടെ സഹോദരന്റെ മകന്‍ ടി. സതീശനാണ് അന്ത്യകര്‍മങ്ങള്‍ നിര്‍വഹിച്ചത്. സംസ്‌കാരത്തിനു ശേഷം എംടി അനുശോചനയോഗം സ്മൃതിപഥത്തില്‍ നടക്കും.

ആയിരങ്ങളാണ് തങ്ങളുടെ പ്രിയപ്പെട്ട എം.ടിയെ അവസാനമായി ഒരു നോക്കു കാണുവാന്‍ അന്ത്യയാത്രാ വഴിയില്‍ കാത്തു നിന്നത്. എംടിയുടെ മാവൂര്‍ റോഡിലെ വസതിയായ സിതാരയില്‍ നിന്നും ആരംഭിച്ച വിലാപയാത്ര നടക്കാവ് മനോരമ ജംഗ്ഷന്‍ - ബാങ്ക് റോഡ് - കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് വഴിയാണ് സ്മൃതിപഥത്തിലെത്തിച്ചേര്‍ന്നത്. പുതുക്കിപ്പണിത് ദിവസങ്ങള്‍ മാത്രമായ സ്മൃതിപഥത്തിലേക്ക് എത്തിച്ചേര്‍ന്ന ആദ്യ വിലാപയാത്രയായിരുന്നു എം.ടിയുടേത്.


ഇന്നലെ രാത്രി 10 മണിയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു മലയാളത്തിന്റെ പ്രിയ കഥാകാരന്റ അന്ത്യം. മരണസമയത്ത് മകള്‍ അശ്വതിയും ഭര്‍ത്താവ് ശ്രീകാന്തും കൊച്ചുമകന്‍ മാധവും സമീപത്തുണ്ടായിരുന്നു. ഹൃദ്രോഗവും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ 11 ദിവസമായി എംടി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം ഹൃദയാഘാതം ഉണ്ടായതാണ് ആരോഗ്യനില വഷളാക്കിയത്. കിഡ്‌നിയുടെയും ഹൃദയത്തിന്റെയും പ്രവര്‍ത്തനം മന്ദഗതിയിലായതിന് പിന്നാലെ ഇന്നലെ രാത്രിയോടെയായിരുന്നു മരണം.

പൊതുദര്‍ശനം ഒഴിവാക്കണമെന്നായിരുന്നു എംടിയുടെ ആഗ്രഹം. അതിനാല്‍ ഔദ്യോഗിക പൊതുദര്‍ശനം ഒഴിവാക്കി വൈകിട്ട് നാല് വരെ എംടിയുടെ വസതിയായ സിതാരയില്‍ അവസാനമായി കഥാകാരന് യാത്രാമൊഴി നല്‍കാനുള്ള അവസരം ഒരുക്കി. ആയിരക്കണക്കിന് ആളുകളാണ് മലയാള ഭാഷയുടെ പെരുന്തച്ചന് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയത്.


മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍, മന്ത്രിമാരായ എ.കെ. ശശീന്ദ്രന്‍, മുഹമ്മദ് റിയാസ്, ഇ.പി. ജയരാജന്‍, കടന്നുപ്പള്ളി രാമചന്ദ്രന്‍, പാണക്കാട് സാദിഖലി തങ്ങള്‍, നടന്‍ മോഹന്‍ലാല്‍, വിനീത്, കുട്ട്യേടത്തി വിലാസിനി, സംവിധായകരായ ഹരിഹരന്‍, കമല്‍, സിബി മലയില്‍ എന്നിങ്ങനെ സാംസ്‌കാരിക രാഷ്ട്രീയ മേഖലയിലെ പ്രമുഖര്‍ എംടിക്ക് അന്തിമോപചാരം അര്‍പ്പിച്ചു. എംടിയുടെ വേര്‍പാടില്‍ അനുശോചിച്ച് സംസ്ഥാനത്ത് രണ്ടു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.


എംടിയുടെ പ്രിയനഗരമായ കോഴിക്കോട് ഇനി അദ്ദേഹത്തിന്റെ ഓര്‍മകളാല്‍ ചരിത്രത്തില്‍ ഇടംനേടും. എം.ടി എന്ന രണ്ടക്ഷരം മലയാളത്തിന് നല്‍കിയത് പറഞ്ഞു തീര്‍ക്കാന്‍ വാക്കുകളും കൂട്ടിയെഴുതാൻ അക്ഷരങ്ങളും മലയാളത്തിന് മതിയാകില്ല. വാക്കുകള്‍ കൊണ്ട് മലയാളത്തെ അതിസമ്പന്നമാക്കിയ മഹാമനുഷ്യന്‍ മടങ്ങുമ്പോള്‍ അവശേഷിക്കുന്നത് നീണ്ട മൗനമാണ്. മുക്കാല്‍ നൂറ്റാണ്ടു മുഴുവന്‍ മലയാളിക്കായി കഥ പറഞ്ഞുകൊണ്ടേ ഇരുന്ന ശബ്ദം മാത്രമാണ് നിലയ്ക്കുന്നത്. ആ കഥകള്‍ ഇനിയാണ് കൂടുതല്‍ ഉച്ചത്തില്‍ സംസാരിക്കാന്‍ തുടങ്ങുക. ഇനിയാണ് എംടി തുറന്നുവച്ച ലോകത്തേക്ക് അക്ഷരങ്ങളിലൂടെ മലയാളി കൂടുതല്‍ തീര്‍ത്ഥയാത്രകള്‍ പോവുക. എഴുതിയതിനൊക്കെയും പറഞ്ഞു തന്നതിനൊക്കെയും ചെയ്തതിനൊക്കെയും നന്ദി പ്രിയ കഥാകാരാ... 

"നമുക്കിനി ഭൂതകാലമില്ല. ഓര്‍മകളും പ്രതീക്ഷകളും മായ്ച്ചുകളഞ്ഞാല്‍ അചഞ്ചലമാകുന്നു, സ്ഫടികശുദ്ധമാകുന്നു." (രണ്ടാമൂഴം - 1984)

Related Stories

No stories found.
News Malayalam 24x7
newsmalayalam.com