മലയാളത്തിന്റെ പ്രിയ സംവിധായകന് വിട നല്‍കി കേരളം

കലൂര്‍ മുസ്ലീം ജമാഅത്ത് പള്ളിയിലാണ് സംവിധായകന് അന്ത്യവിശ്രമം ഒരുക്കിയത്
മലയാളത്തിന്റെ പ്രിയ സംവിധായകന് വിട നല്‍കി കേരളം
Published on

മലയാളത്തിന്റെ പ്രിയ സംവിധായകന്‍ ഷാഫിക്ക് വിടനല്‍കി കലാകേരളം. ഷാഫിയെ അവസാനമായി ഒരു നോക്ക് കാണാന്‍ സഹപ്രവര്‍ത്തകരും സിനിമാപ്രേമികളും ഒഴുകിയെത്തിയിരുന്നു. കലൂര്‍ മുസ്ലീം ജമാഅത്ത് പള്ളിയിലാണ് സംവിധായകന് അന്ത്യവിശ്രമം ഒരുക്കിയത്.

മണപ്പാട്ടിപ്പറമ്പ് കൊച്ചിന്‍ സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന പൊതുദര്‍ശനത്തില്‍ മമ്മൂട്ടി, പൃഥ്വിരാജ്, ഹരിശ്രീ അശോകന്‍, ഫഹദ് ഫാസില്‍, ഇന്ദ്രന്‍സ്, രമേശ് പിഷാരടി, മനോജ് കെ. ജയന്‍, സുരേഷ് കൃഷ്ണ, നമിത പ്രമോദ്, ബാദുഷ, ലാല്‍, നാദിര്‍ഷ, ബി.ഉണ്ണികൃഷ്ണന്‍, പൊന്നമ്മ ബാബു, ബെന്നി പി. നായരമ്പലം തുടങ്ങി മലയാള സിനിമയിലെ നിരവധി പ്രമുഖര്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് ഈ മാസം പതിനാറ് മുതല്‍ ചികിത്സയിലായിരുന്നു.

മലയാളത്തിലേക്ക് ഹാസ്യ സിനിമകളുടെ ഒരു നിര തന്നെ സമ്മാനിച്ച സംവിധായകനായിരുന്നു ഷാഫി. 1995ലാണ് ഷാഫി സിനിമ മേഖലയിലേക്ക് അസിസ്റ്റന്റ് ഡയറക്ടറായി അരങ്ങേറുന്നത്. റാഫി മെക്കാര്‍ട്ടിന്‍ എന്ന ഇരട്ടസംവിധായകരിലെ റാഫിയുടെ ഇളയ സഹോദരന്‍ കൂടിയാണ് ഷാഫി എന്ന റഷീദ് എം.എച്ച്. ജയറാം നായകനായ വണ്‍മാന്‍ഷോയാണ് ആദ്യമായി സംവിധാനം ചെയ്ത സിനിമ.

ആദ്യത്തെ കണ്‍മണി എന്ന രാജസേനന്‍ ചിത്രത്തിലാണ് ഷാഫി ആദ്യമായി അസിസ്റ്റന്റ് ഡയറക്ടര്‍ ആകുന്നത്. പിന്നീട് പുതുകോട്ടയിലെ പുതുമണവാളന്‍, സൂപ്പര്‍ മാന്‍, ദി കാര്‍, ഫ്രണ്ടസ്, തെങ്കാശിപ്പട്ടണം എന്നീ ചിത്രങ്ങളിലും അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചു. 2001ലാണ് വണ്‍മാന്‍ ഷോ സംവിധാനം ചെയ്യുന്നത്. ക്രിസ്മസ് റിലീസ് ആയി എത്തിയ വണ്‍മാന്‍ ഷോ ജയറാമിന്റെ കരിയര്‍ ബെസ്റ്റ് ബ്ലോക്ബസ്റ്ററായി മാറുകയായിരുന്നു.

പിന്നീട് കല്യാണരാമന്‍, പുലിവാല്‍ കല്യാണം, മായാവി, തൊമ്മനും മക്കളും, ചട്ടമ്പിനാട്, ചോക്ലേറ്റ് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരെ അദ്ദേഹം ചിരിപ്പിച്ചു. ഏകദേശം 10 ഓളം സിനിമകള്‍ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. അതില്‍ മജ്ജ എന്ന തമിഴ് സിനിമയും ഉള്‍പ്പെടുന്നു. വിക്രം, അസിന്‍ എന്നിവരായിരുന്നു മജ്ജയിലെ കേന്ദ്ര കഥാപാത്രങ്ങള്‍. റാഫി മെക്കാര്‍ട്ടിന്‍, ബെന്നി പി നായരമ്പലം എന്നീ തിരക്കഥാകൃത്തുക്കള്‍ക്കപ്പമാണ് ഷാഫി കൂടുതലും പ്രവര്‍ത്തിച്ചിട്ടുള്ളത്. 2022 ല്‍ പുറത്തിറങ്ങിയ ആനനന്ദം പരമാനന്ദം ആണ് അവസാന ചിത്രം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com