
തദ്ദേശ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ബിജെപിയുടെ സംഘടനാ പൊളിച്ചെഴുത്ത്. യുവാക്കൾക്കും വനിതകൾക്കും പുറമേ ന്യൂനപക്ഷ പ്രാതിനിധ്യവും ഉറപ്പിച്ചാണ് പുതിയ ജില്ലാ അധ്യക്ഷന്മാരുടെ പ്രഖ്യാപനം. തിരുവനന്തപുരം നഗരസഭയിൽ ഉൾപ്പെടെ ഭരണം പിടിച്ചെടുക്കാൻ ലക്ഷ്യമിട്ടാണ് പാർട്ടിയുടെ പുതിയ നീക്കം.
നാല് വനിതകൾ, മൂന്ന് ക്രിസ്ത്യൻ വിഭാഗത്തിലുള്ളവർ, എസ് സി-എസ് ടി വിഭാഗത്തിൽ നിന്ന് രണ്ടു പേർ, നാലു പേർ 40 വയസിന് താഴെ. അടിമുടി മാറാനൊരുങ്ങുകയാണ് സംസ്ഥാനത്തെ ബിജെപി നേതൃത്വം. സംഘടനാ വളർച്ചയുണ്ടെങ്കിലും ഭരണപ്രാതിനിധ്യം വേണ്ടപോലെയില്ലെന്ന വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിലാണ് പുതിയ പൊളിച്ചെഴുത്ത്. വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ മികച്ച മുന്നേറ്റമാണ് ബിജെപി ലക്ഷ്യമിടുന്നത്.
മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ക്രിസ്ത്യൻ മേഖലകളിൽ മുന്നേറ്റമുണ്ടാക്കാൻ സാധിച്ചിട്ടുണ്ട്. തൃശൂർ ലോക്സഭാ മണ്ഡലത്തിലെ സുരേഷ് ഗോപിയുടെ ജയത്തിന് പ്രധാന കാരണമായി വിലയിരുത്തുന്നതും ക്രിസ്ത്യൻ വോട്ടിൻ്റെ ലഭ്യതയാണ്.
അതിനാലാണ് തൃശൂരും ഇടുക്കിയിലും കോട്ടയത്തും ക്രിസ്ത്യൻ വിഭാഗത്തിലുള്ള ജില്ലാ അധ്യക്ഷന്‍മാരെ തീരുമാനിച്ചത്. കൂടാതെ നിലവിലെ14 മണ്ഡലം പ്രസിഡൻ്റുമാർ ക്രിസ്ത്യൻ വിഭാഗത്തിലുള്ളവരാണ്.
യുവാക്കളുടെയും വനിതകളുടെയും പ്രാതിനിധ്യമാണ് പുനസംഘടനയിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം. പാലക്കാട്ടെ പ്രശാന്ത് ശിവനും വയനാട്ടെ പ്രശാന്ത് മലവയലും ഉൾപ്പെടെ നാലുപേരാണ് 40 വയസിന് താഴെയുള്ളത്. യുവാക്കളെ പാർട്ടിയിലേക്ക് ആകർഷിക്കുകയെന്ന ബി.ജെ.പി ദേശീയ നേതൃത്വത്തിൻ്റെ നിർദേശപ്രകാരമാണ് നിയമനം. കൂടാതെ നാല് വനിതകളെയാണ് ജില്ലാ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരിക്കുന്നത്. സിപിഎമ്മിനും കോൺഗ്രസിനും എത്ര വനിതാ അധ്യക്ഷന്മാരുണ്ടെന്ന ചോദ്യമാണ് ഇതിലൂടെ ബിജെപി ഉന്നയിക്കുന്നത്.
എസ് സി-എസ് ടി വിഭാഗത്തിലുള്ളവരെയും ജില്ലാ പ്രസിഡൻ്റുമാരാക്കുക വഴി കൂടുതൽ വളർച്ച ലക്ഷ്യമിടുകയാണ് പാർട്ടി. കരമന ജയൻ ഉൾപ്പെടെ അഞ്ചോളം സംസ്ഥാന നേതാക്കളെയും ജില്ലാ പ്രസിഡൻ്റുമാരായി നിയമിച്ചിട്ടുണ്ട്. സംസ്ഥാനത്ത് താമരയുടെ തണ്ട് തുരക്കുന്ന വിഭാഗീയ പ്രവർത്തനങ്ങളെ കർശനമായി നേരിടാനാണ് തീരുമാനം. പാലക്കാട്ടെ പ്രതിസന്ധി പരിഹാരത്തിന് ആർഎസ്എസ് നേരിട്ടിറങ്ങിയതും ഇതിൻ്റെ ഭാഗമായാണ്.