
കേരള ബ്ലാസ്റ്റേഴ്സ് സെൻ്റർ ബാക്കായ പ്രബീർ ദാസ് മുംബൈ സിറ്റിയിലേക്ക്. ഇന്ത്യൻ സൂപ്പർ ലീഗിലെ ഈ സീസണിലെ ശേഷിക്കുന്ന മത്സരങ്ങളിൽ പ്രബീർ ദാസ് ലോൺ വ്യവസ്ഥയിൽ മുംബൈയ്ക്കായി കളിക്കുമെന്നാണ് വിവരം. ഇക്കാര്യം സ്ഥിരീകരിച്ചു കൊണ്ട് കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെൻ്റ് വാർത്താക്കുറിപ്പിറക്കുകയും ചെയ്തു.
ഈ സീസണിൽ കേരളത്തിനായി അധികം മത്സരങ്ങളിലൊന്നും പ്രബീർ ദാസിന് കളിക്കാനായിരുന്നില്ല. സീസണിൽ തുടരെ നിരവധി തോൽവികൾ വഴങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫ് യോഗ്യത നേടില്ലെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. ടീമിൻ്റെ മോശം പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ കോച്ച് മിഖായേൽ സ്റ്റാറേയെ ക്ലബ്ബ് സീസണിൻ്റെ പാതിവഴിയിൽ പുറത്താക്കിയിരുന്നു.
ടീമിന്റെ പുതിയ മുഖ്യ പരിശീലകനെ ക്ലബ്ബ് ഉടന്‍ പ്രഖ്യാപിക്കും. കെബിഎഫ്‌സി റിസര്‍വ് ടീമിന്റെ മുഖ്യപരിശീലകനും യൂത്ത് ഡെവലപ്‌മെന്റ് ഹെഡുമായ തോമസ് തൂഷ്, സഹപരിശീലകന്‍ ടി.ജി പുരുഷോത്തമന്‍ എന്നിവര്‍ പുതിയ നിയമനം സ്ഥിരീകരിക്കുന്നത് വരെ പ്രധാന ടീമിന്റെ പരിശീലക ചുമതല വഹിക്കും.