മാനേജ്‌മെൻ്റുമായി ആരാധകര്‍ക്ക് നേരിട്ട് സംവദിക്കാം; 'ഫാന്‍ അഡ്വൈസറി ബോര്‍ഡ്' രൂപീകരിക്കാന്‍ കേരള ബ്ലാസ്‌റ്റേഴ്‌സ്

മാനേജ്‌മെൻ്റുമായി ആരാധകര്‍ക്ക് നേരിട്ട് ആശയവിനിമയം സാധ്യമാകുന്ന ഈ വേദി ക്ലബിൻ്റെ വളര്‍ച്ചയില്‍ നിര്‍ണായക തീരുമാനമായേക്കും
മാനേജ്‌മെൻ്റുമായി ആരാധകര്‍ക്ക് നേരിട്ട് സംവദിക്കാം; 'ഫാന്‍ അഡ്വൈസറി ബോര്‍ഡ്' രൂപീകരിക്കാന്‍ കേരള ബ്ലാസ്‌റ്റേഴ്‌സ്
Published on
Updated on


ലോകത്തെ മുന്‍നിര ക്ലബുകളുടേയും ലീഗുകളുടേയും അതേ മാതൃകയിൽ 'ഫാന്‍ അഡ്വൈസറി ബോര്‍ഡ്' (എഫ്.എ.ബി) രൂപീകരിക്കാന്‍ തയ്യാറെടുത്ത് കേരള ബ്ലാസ്റ്റേഴ്‌സ്. മാനേജ്‌മെൻ്റുമായി ആരാധകര്‍ക്ക് നേരിട്ട് ആശയവിനിമയം സാധ്യമാകുന്ന ഈ വേദി ക്ലബിൻ്റെ വളര്‍ച്ചയില്‍ നിര്‍ണായക തീരുമാനമായേക്കും.

2024-25 സീസണിൻ്റെ തുടക്കത്തിൽ തന്നെ ഫാന്‍ അഡ്വൈസറി ബോര്‍ഡ് നടപ്പിലാക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ ക്ലബ് ആരംഭിച്ചിരുന്നു. സുതാര്യത, പങ്കാളിത്തം ഉറപ്പാക്കല്‍, പരസ്പര ബഹുമാനം എന്നിവ പ്രോത്സാഹിപ്പിക്കുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കാനാണ് ഫാന്‍ അഡ്വൈസറി ബോര്‍ഡിലൂടെ ക്ലബ് ലക്ഷ്യമിടുന്നത്. ചര്‍ച്ചകള്‍ക്ക് മാത്രമായുള്ള ഒരിടം എന്നതിലുപരി ഫലപ്രദമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്ലാറ്റ്‌ഫോമായാണ് എഫ്.എ.ബിയെ കണക്കാക്കുന്നത്. ആരാധകരുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പ്രാധാന്യത്തോടെ പരിഗണിക്കപ്പെടുന്നുവെന്ന് ഈ ബോര്‍ഡ് ഉറപ്പാക്കും.

കേരള ബ്ലാസ്റ്റേഴ്‌സിൻ്റെ ആരാധകരില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന 12 പേര്‍ അടങ്ങുന്നതായിരിക്കും ഫാന്‍ അഡ്വൈസറി ബോര്‍ഡ്. വര്‍ഷത്തില്‍ നാലു തവണ ക്ലബിന്റെ മാനേജ്‌മെന്റ് പ്രതിനിധികളുമായി ബോര്‍ഡ് അംഗങ്ങള്‍ ഔദ്യോഗിക കൂടിക്കാഴ്ച നടത്തുകയും ക്ലബിന്റെ പ്രകടനം, ടിക്കറ്റ് വിതരണം, ആരാധക അടിത്തറ ശക്തമാക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ പ്രാധാന്യമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്യും.

ഫാന്‍ അഡ്വൈസറി ബോര്‍ഡിന്റെ ഭാഗമാകുന്നതിനായി ക്ലബിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അപേക്ഷ നല്‍കാം. 19 വയസിന് മുകളില്‍ പ്രായമുള്ള ക്ലബിന്റെ ഏതൊരു ആരാധകര്‍ക്കും അപേക്ഷ നല്‍കുവാന്‍ സാധിക്കും. ഇന്ന് മുതല്‍ പത്ത് ദിവസത്തേക്കാണ് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുവാനുള്ള സമയപരിധി. ആകെ 12 പ്രതിനിധികളില്‍ 9 പേര്‍ രാജ്യത്തിന് അകത്ത് നിന്നുള്ളവരും രണ്ടു പേര്‍ അന്താരാഷ്ട്ര പ്രതിനിധികളുമായിരിക്കും.

പ്രത്യേക പരിഗണനാ വിഭാഗത്തില്‍ നിന്നും ഒരു പ്രതിനിധിയും ഉണ്ടായിരിക്കും. ഒരു വര്‍ഷമായിരിക്കും തെരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികളുടെ പ്രവര്‍ത്തന കാലയളവ്. ഒരു ടേം പൂര്‍ത്തിയാക്കിയ അംഗത്തിന് തുടര്‍ന്നുവരുന്ന ഒരു വര്‍ഷക്കാലയളവിലേക്ക് വീണ്ടും അപേക്ഷിക്കുവാന്‍ സാധിക്കുകയില്ല. പുതിയ വ്യക്തികളുടേയും പുതിയ ആശയങ്ങളുടേയും പ്രാതിനിധ്യം ഉറപ്പാക്കുന്നതിനാണിത്.

ട്രാന്‍സ്ഫറുകള്‍, ടീം സെലക്ഷനുകള്‍, സ്‌പോര്‍ട്‌സ് സംബന്ധമായ മറ്റ് തീരുമാനങ്ങള്‍ തുടങ്ങിയവയില്‍ ഫാന്‍ അഡ്വൈസറി ബോര്‍ഡിന് പങ്കാളിത്തമുണ്ടാവില്ല. ഇക്കാര്യങ്ങള്‍ കോച്ചിങ് സ്റ്റാഫിൻ്റേയും മാനേജ്‌മെൻ്റിൻ്റേയും അധികാരപരിധിയിലായിരിക്കും. കൂടാതെ വ്യക്തിപരമായ നേട്ടങ്ങള്‍ക്കോ, ധനലാഭത്തിനോ, വ്യക്തിഗത താൽപര്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനോ.. ഈ പ്ലാറ്റ്‌ഫോം ഉപയോഗപ്പെടുത്താന്‍ പാടില്ല.

ഫാന്‍ അഡ്വൈസറി ബോര്‍ഡ് അംഗങ്ങള്‍ ക്ലബിന്റെ ഓഹരിയുടമകളോ, ബോര്‍ഡ് അംഗങ്ങളോ ആയിരിക്കുകയില്ല. ഒരു സ്വതന്ത്ര ബോഡിയായായിരിക്കും എഫ്.എ.ബിയുടെ പ്രവര്‍ത്തനം. സുതാര്യത ഉറപ്പാക്കുന്നതിനായി ഓരോ യോഗങ്ങളുടേയും മിനുട്‌സ് ക്ലബിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തും.


ഇന്ന് മുതല്‍ അപേക്ഷ നല്‍കാം



www.keralablasters.in എന്ന വെബ്‌സൈറ്റിലൂടെ ഫാന്‍ അഡ്വൈസറി ബോര്‍ഡിലെ അംഗത്വത്തിനായി അപേക്ഷ നല്‍കാം. ഉടനെ ക്ലിക്ക് ചെയ്യൂ...

Related Stories

No stories found.
News Malayalam 24x7
newsmalayalam.com