
ഐഎസ്എല്ലിൽ പ്ലേ ഓഫ് സാധ്യതകൾ നിലനിർത്താൻ കേരളാ ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും. എവേ മത്സരത്തിൽ ചെന്നൈയിൻ എഫ്‌സിയാണ് ബ്ലാസ്റ്റേഴ്സിൻ്റെ എതിരാളികൾ. മത്സരം വൈകിട്ട് ഏഴരയ്ക്ക് നടക്കും.
അയൽക്കാരായ ചെന്നൈയിൻ എഫ്‌സിയാണ് ഈ മത്സരത്തിൽ മഞ്ഞപ്പടയുടെ എതിരാളികൾ. ഈ സീസണിൽ മുൻപ് ചെന്നൈയിനെ നേരിട്ടപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് ഗംഭീര ജയം നേടിയിരുന്നു. ആ പ്രകടനം വീണ്ടും ആവർത്തിക്കുകയാണ് വ്യാഴാഴ്ച മഞ്ഞപ്പടയുടെ ലക്ഷ്യം.
2024-25 സീസൺ ഇന്ത്യൻ സൂപ്പർ ലീഗിൽ പ്ലേ ഓഫിലെത്താൻ ശേഷിക്കുന്ന കളികളിൽ പരമാവധി പോയിന്റ് നേടേണ്ട ഘട്ടത്തിലാണ് കേരള ബ്ലാസ്റ്റേഴ്സ്. ഇടക്കാല പരിശീലകനായ ടി.ജി. പുരുഷോത്തമന് കീഴിൽ മികച്ച രീതിയിലാണ് ടീം കളിക്കുന്നത്.
കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ നിന്ന് രണ്ട് ജയവും ഒരു സമനിലയും രണ്ട് തോൽവിയുമാണ് ടീം സമ്പാദിച്ചത്. 18 മത്സരങ്ങളിൽ നിന്ന് 21 പോയിൻ്റുമായി എട്ടാമതാണ് ബ്ലാസ്റ്റേഴ്സ്.