ഹൈലാൻഡേഴ്സിനെ കൊമ്പന്മാർ കുത്തിമലർത്തുമോ? പ്രതിഷേധങ്ങൾക്ക് നടുവിൽ ഹാട്രിക് ജയം തേടി ബ്ലാസ്റ്റേഴ്‌സ്

ഹോം ഗ്രൗണ്ടിൽ പ്രതിഷേധം തുടരാൻ തന്നെയാണ് ആരാധക കൂട്ടായ്മയായ മഞ്ഞപ്പടയുടെ തീരുമാനം
ഹൈലാൻഡേഴ്സിനെ കൊമ്പന്മാർ കുത്തിമലർത്തുമോ? പ്രതിഷേധങ്ങൾക്ക് നടുവിൽ ഹാട്രിക് ജയം തേടി ബ്ലാസ്റ്റേഴ്‌സ്
Published on


ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഹാട്രിക് ജയം തേടി കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഹോം ഗ്രൗണ്ടിൽ പോരാട്ടത്തിനിറങ്ങും. നിലവിൽ അഞ്ചാം സ്ഥാനക്കാരായ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡാണ് കൊമ്പന്മാരുടെ എതിരാളികൾ. കലൂരിലെ ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം. അതേസമയം, പ്രതിഷേധം തുടരാൻ തന്നെയാണ് ആരാധക കൂട്ടായ്മയായ മഞ്ഞപ്പടയുടെ തീരുമാനം. തങ്ങൾ ഉന്നയിച്ച പ്രധാന വിഷയങ്ങളിൽ മാനേജ്മെൻ്റ് ഉടൻ പരിഹാരം കാണണമെന്നാണ് മഞ്ഞപ്പടയുടെ ആവശ്യം.

ലീഗില്‍ മികച്ച ഫോമിലുള്ള നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ വിജയിക്കുകയെന്നത് ബ്ലാസ്റ്റേഴ്‌സിനെ സംബന്ധിച്ചിടത്തോളം അത്ര എളുപ്പമാവില്ല. കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ തോൽവിയറിഞ്ഞിട്ടില്ലെങ്കിലും, അവസാന മൂന്ന് മത്സരങ്ങളിൽ സമനില മാത്രമാണ് ഹൈലാൻഡേഴ്സിന് നേടാനായിട്ടുളത്. 16 മത്സരങ്ങളിൽ നിന്ന് ആറ് ജയവും ആറ് സമനിലയും നാല് തോല്‍വിയുമായി 24 പോയിന്റാണ് നോർത്ത് ഈസ്റ്റിന്റെ സമ്പാദ്യം.

കഴിഞ്ഞ രണ്ട് മത്സരങ്ങളിലും മികച്ച വിജയം നേടിയതിൻ്റെ ആത്മവിശ്വാസത്തിലാണ് ടീം ഇന്ന് കളത്തിലിറങ്ങുന്നത്. ആരാധകരുടെ പ്രതിഷേധങ്ങൾക്കിടയിൽ ടീമിൻ്റെ പ്രകടനം മെച്ചപ്പെട്ടതിൻ്റെ ആശ്വാസത്തിലാണ് ക്ലബ്ബ്. 16 മാച്ചിൽ നിന്ന് ആറ് ജയവും എട്ട് തോൽവിയും രണ്ട് സമനിലയുമുള്ള ബ്ലാസ്‌റ്റേഴ്‌സ് 20 പോയിന്റുമായി നിലവില്‍ പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ്.

ഇടക്കാല പരിശീലകരായ ടി.ജി. പുരുഷോത്തമന്റെയും തോമസ് ടൂഷിൻ്റേയും കീഴില്‍ മികവുറ്റ പ്രകടനമാണ് ബ്ലാസ്റ്റേഴ്‌സ് നടത്തുന്നത്. ഇവർക്ക് കീഴിൽ കളിച്ച നാല് കളിയില്‍ മൂന്നും ജയിച്ചാണ് ബ്ലാസ്‌റ്റേഴ്സിന്റെ വരവ്. സ്റ്റാറേ പരിശീലകനായിരുന്നപ്പോള്‍ 12 മത്സരങ്ങളിൽ നിന്ന് മൂന്ന് ജയം മാത്രമെ ബ്ലാസ്റ്റേഴ്സിന് നേടാനായിരുന്നുള്ളു. പുതിയ കോച്ചിന് കീഴില്‍ ടീം പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം നടത്തുന്നതിനാൽ ഈ സീസണ്‍ മുഴുവനും പുരുഷോത്തമനെ തന്നെ പരിശീലകനായി നിലനിര്‍ത്താനിടയുണ്ട്.

ഫ്രഞ്ച് ഡിഫൻഡർ അലക്സാണ്ടർ കൊയെഫ് കഴിഞ്ഞ ദിവസം ടീം വിട്ടിരുന്നു. പകരമായി മോണ്ടിനെഗ്രോ ഡിഫൻസീവ് മിഡ് ഫീൽഡർ ദുസാൻ ലഗേറ്റർ ടീമിലെത്തിയിട്ടുണ്ട്. താരത്തെ ഇന്ന് തന്നെ കളത്തിലിറക്കുമോയെന്ന് വ്യക്തമല്ല. നോർത്ത് ഈസ്റ്റിനെതിരെ പ്രതിരോധ കോട്ട കെട്ടാൻ പകരം ആര് വരുമെന്ന് വ്യക്തമല്ല.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com