'നാശനഷ്ടങ്ങള്‍ തടയാൻ മുൻകരുതല്‍ സ്വീകരിച്ചില്ല!' നൃത്ത പരിപാടി നടത്തി കലൂർ സ്റ്റേഡിയം മോശമാക്കിയെന്ന് കേരള ബ്ലാസ്റ്റേഴ്‌സ്

ഡിസംബർ 29നാണ് കലൂർ ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൽ വച്ച് 12000 ഭരതനാട്യം നര്‍ത്തകരെ അണിനിരത്തി മെഗാ ഭരതനാട്യം അരങ്ങേറിയത്
'നാശനഷ്ടങ്ങള്‍ തടയാൻ മുൻകരുതല്‍ സ്വീകരിച്ചില്ല!' നൃത്ത പരിപാടി നടത്തി കലൂർ സ്റ്റേഡിയം മോശമാക്കിയെന്ന് കേരള ബ്ലാസ്റ്റേഴ്‌സ്
Published on

കലൂ‍ർ ജവഹർലാൽ നെഹ്റു രാജ്യാന്തര സ്റ്റേഡിയത്തിലെ പിച്ചിന്റെ മോശം അവസ്ഥയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി. സമീപകാലത്ത് കളിക്കളത്തിൽ ഒരു മൂന്നാം കക്ഷി കായിക ഇതര പരിപാടി നടത്തിയതാണ് നാശനഷ്ടങ്ങൾക്ക് കാരണമായതെന്ന് ബ്ലാസ്റ്റേഴ്സ് ആരോപിച്ചു. ഇത് തടയാൻ ഒരു മുൻകരുതൽ നടപടിയും സ്വീകരിച്ചിട്ടില്ലെന്നും ബ്ലാസ്റ്റേഴ്സ് പ്രസ്താവനയിൽ പറയുന്നു. ഇത് പരോക്ഷമായി ജിസിഡിഎയ്‌ക്കെതിരെയുള്ള വിമർശനമാണ്.

ഡിസംബർ 29നാണ് കലൂർ ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൽ വച്ച് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിനായി ദിവ്യ ഉണ്ണിയ്‌ക്കൊപ്പം 12000 ഭരതനാട്യം നര്‍ത്തകരെ അണിനിരത്തി മെഗാ ഭരതനാട്യം അരങ്ങേറിയത്. പരിപാടിയില്‍ പങ്കെടുത്ത ഉമാ തോമസ് എംഎല്‍എ സ്റ്റേജില്‍ നിന്ന് വീണ ഗുരുതരമായി പരുക്കേറ്റതിനു പിന്നാലെയാണ് പരിപാടിയെ സംബന്ധിച്ചും സുരക്ഷാ മുന്നൊരുക്കങ്ങളെ സംബന്ധിച്ചും ക്രമക്കേടുകള്‍ കണ്ടെത്തിയത്. 

എസ്റ്റേറ്റ് കമ്മിറ്റിയുടെ അനുമതിയില്ലാതെയാണ് ജിസിഡിഎ സ്റ്റേഡിയം പരിപാടിക്ക് വിട്ടുനല്‍കിയതെന്നും പരാതിയുണ്ട്. കൊച്ചി സ്വദേശിയാണ് ജിസിഡിഎക്കെതിരെ വിജിലൻസിൽ പരാതി നൽകിയത്. സ്റ്റേഡിയം വിട്ടു നല്‍കുന്നതില്‍ ഗൂഢാലോചനയും തട്ടിപ്പും നടന്നിട്ടുണ്ട്. എസ്റ്റേറ്റ് കമ്മിറ്റിയുടെ അനുമതിയില്ലാതെയാണ് സ്റ്റേഡിയം അനുവദിച്ചതെന്നും ചെയര്‍മാന്റെ പ്രത്യേക ആവശ്യപ്രകാരമാണ് ഇതെന്നുമായിരുന്നു പരാതി.


കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ പ്രസ്താവന:



കലൂർ ഇന്റർനാഷണൽ സ്റ്റേഡിയത്തിലെ പിച്ചിന്റെ മോശം അവസ്ഥയെക്കുറിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. രാജ്യത്തെ ഏറ്റവും മികച്ച പിച്ചുകളിൽ ഒന്നാണിത്. എന്നിരുന്നാലും, തിങ്കളാഴ്ച നടക്കാനിരിക്കുന്ന ഐ‌എസ്‌എൽ മത്സരത്തിന് മുമ്പ് നടത്തിയ ഒന്നിലധികം പരിശോധനകളിൽ നിന്ന് ഗ്രൗണ്ടിന്‍റെ സ്ഥിതി പരിതാപകരമാണെന്നാണ് കണ്ടെത്തല്‍.

സമീപകാലത്ത് കളിക്കളത്തിൽ ഒരു മൂന്നാം കക്ഷി കായിക ഇതര പരിപാടി നടത്തിയത് ക്ലബ്ബിനും ഇന്ത്യൻ സൂപ്പർ ലീഗിനും അഭികാമ്യമല്ലാത്ത നാശനഷ്ടങ്ങൾക്ക് കാരണമായി. ഇത് തടയാൻ ഒരു മുൻകരുതൽ നടപടിയും സ്വീകരിച്ചിട്ടില്ലെന്നും ക്ലബിന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

നിലവിൽ, മത്സരത്തിന് അനുയോജ്യമായ അവസ്ഥയിലേക്ക് പിച്ചിനെ പുനഃസ്ഥാപിക്കാൻ ബ്ലാസ്റ്റേഴ്‌സ് പിച്ച് ടീം രാവും പകലും അക്ഷീണം പ്രവർത്തിക്കുകയാണ്. ഇത് ഗണ്യമായ സാമ്പത്തിക ചെലവുകൾക്ക് കാരണമായിട്ടുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com