ചെന്നൈയിന്‍ തട്ടകത്തില്‍ ബ്ലാസ്റ്റേഴ്സിന് ചരിത്രജയം; പ്ലേ ഓഫ് സാധ്യത നിലനിർത്തി കൊമ്പന്മാർ, ജയം 3-1ന്

ആദ്യമായാണ് ചെന്നൈയിൻ ഹോം ​ഗ്രൗണ്ടിൽ അവർക്കെതിരെ ബ്ലാസ്റ്റേഴ്സ് വിജയിക്കുന്നത്
കൊറോ സിങ്
കൊറോ സിങ്
Published on

ഇന്ത്യൻ സൂപ്പർ ലീ​ഗിൽ ചെന്നൈയിൻ എഫ്സിയെ അവരുടെ തട്ടകത്തിൽ പരാജയപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി. ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്സിന്റെ ജയം. മത്സരം തുടങ്ങി മൂന്നാം മിനിറ്റിൽ മുന്നേറ്റ താരം ജീസസ് ഹിമെനസും ആദ്യ പകുതി അവസാനിക്കാൻ മിനിറ്റുകൾ ബാക്കിയിരിക്കേ വിങ്ങർ കൊറോ സിങ്ങും ഗോള്‍ നേടി തുടക്കത്തിലെ ബ്ലാസ്റ്റേഴ്സിന് കളിയിൽ മുൻതൂക്കം നൽകി. രണ്ടാം പകുതിയിൽ ​ഗോൾ നേടി ക്വാമി പെപ്ര ബ്ലാസ്റ്റേഴ്സിന്റെ ജയത്തിന് അടിവരയിട്ടു. അധിക സമയത്തിലേക്ക് നീണ്ട മത്സരത്തിൽ വിൻസി ബറേറ്റോയാണ് ചെന്നെയ്ക്ക് വേണ്ടി ആശ്വാസ ​ഗോൾ നേടിയത്. ആദ്യമായാണ് ചെന്നൈയിൻ ഹോം ​ഗ്രൗണ്ടിൽ അവർക്കെതിരെ ബ്ലാസ്റ്റേഴ്സ് വിജയിക്കുന്നത്. ഇതോടെ കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എൽ പ്ലേ ഓഫ് സാധ്യത നിലനിർത്തി.

മത്സരം ആരംഭിച്ച് രണ്ട് മിനിറ്റും ആറ് സെക്കൻഡുകളും ആയപ്പോൾ തന്നെ ബ്ലാസ്റ്റേഴ്സിനായി ജീസസ് ഹിമെനസ് സ്കോർ ചെയ്തു. ഈ സീസണിലെ ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും വേ​ഗമേറിയ ​ഗോൾ. ചെന്നൈയിന്റെ പ്രതിരോധത്തിലെ വിള്ളൽ അനുകൂലമാക്കി മാറ്റുകയായിരുന്നു ജീസസ്. ചെന്നൈയിൻ ​ഗോൾ കീപ്പർ നവാസിനെയും ആരാധകരെയും ഒരുപോലെ ഞെട്ടിച്ചായിരുന്നു മനോഹരമായ ആ ​ഗോൾ. ആദ്യ പകുതിയുടെ അധിക സമയത്താണ് കൊമ്പന്മാ‍ർ രണ്ടാമതും വലകുലുക്കിയത്. ക്വാമി പെപ്രയിൽ നിന്ന് അഡ്രിയാൻ ലൂണയിലേക്കും അവിടെ നിന്നും കൂറൂ സിങ്ങിലേക്കും പന്തെത്തി.അധിക സമയത്തെ മൂന്നാം മിനിറ്റിൽ ചെന്നൈ ബോക്സിലെ അഞ്ച് കളിക്കാരെ നോക്കുകുത്തികളാക്കി കൊറോ സിങ് ബ്ലാസ്റ്റേഴിസിന്റെ ലീഡ് ഉയർത്തി. സ്കോർ 2-0. ഈ ഗോളോടെ ഐഎസ്എല്‍ ചരിത്രത്തിലും കൊറോ തന്‍റെ പേര് അടയാളപ്പെടുത്തി. ബ്ലാസ്റ്റേഴിസിനു വേണ്ടി സ്കോർ ചെയ്യുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനാണ് 18 കാരനായ കൊറോ സിങ്. 

56-ാം മിനിറ്റിലായിരുന്നു ക്വാമി പെപ്രയുടെ വക മൂന്നാം ​ഗോൾ. അതിനു പിന്നിലും ലൂണയുടെ കൃത്യതയാർന്ന പാസുണ്ടായിരുന്നു. ബോക്‌സിന്റെ ഇടതുഭാഗത്ത് നിന്നുള്ള ക്യാപ്റ്റന്റെ മനോഹര ക്രോസിലേക്ക് വലക്ക് മുന്നില്‍ കൃത്യം പെപ്രയുടെ കാലെത്തി. നിലംതൊടും മുന്നേ ഘാന താരം തന്‍റെ ഇടങ്കാല്‍ കൊണ്ട് പന്ത് വലയിലെത്തിച്ചു. 

ഇന്നത്തെ വിജയം ബ്ലാസ്റ്റേഴ്സിന് നിർണായകമായിരുന്നു. ഇന്ന് പരാജയപ്പെടുന്ന പക്ഷം കേരള ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ് സാധ്യത അവസാനിക്കുമായിരുന്നു. അത് മനസിൽ വെച്ചാണ് കളിക്കാർ ​ഗ്രൗണ്ടിൽ എത്തിയതെന്ന് അവരുടെ നീക്കങ്ങളിൽ പ്രകടമായിരുന്നു. പ്രതിരോധവും അക്രമവുമായി അവർ മനോഹരമായ കളിയാണ് പുറത്തെടുത്തത്. നിരവധി ​ഗോൾ അവസരങ്ങളും ബ്ലാസ്റ്റേഴ്സ് ഒരുക്കിയിരുന്നു. ഫെബ്രുവരി 15ന് മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റിനെതിരെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത പോരാട്ടം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com