
ഐഎസ്‌എൽ ഫുട്‌ബോളിൽ കേരള ബ്ലാസ്‌റ്റേഴ്‌സിന് ദയനീയ തോൽവി. പോയിന്റ് ടേബിളിലെ ഒന്നാം സ്ഥാനക്കാരായ മോഹൻ ബഗാനോട് എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് പരാജയപ്പെട്ടത്. കൊച്ചി ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽ നടന്ന കളിയിൽ ബഗാനായി ജാമി മക്‌ലാരൻ ഇരട്ടഗോൾ നേടി. ആൽബർട്ടോ റോഡ്രിഗസും ലക്ഷ്യം കണ്ടതോടെയാണ് മോഹൻ ബഗാൻ വിജയിച്ചത്.
20 കളിയിൽ 24 പോയിന്റുമായി എട്ടാം സ്ഥാനത്ത് തുടരുകയാണ് ബ്ലാസ്‌റ്റേഴ്‌സ്. ഏഴ് ജയവും മൂന്ന് സമനിലയും പത്ത് തോൽവിയുമാണ് ഇതുവരെ. പ്ലേ ഓഫ് നേരത്തേ ഉറപ്പിച്ച മോഹൻ ബഗാൻ 49 പോയിന്റുമായി ഒന്നാംസ്ഥാനത്താണ്. ഫെബ്രുവരി 22ന് എഫ്‌സി ഗോവയുമായാണ് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മത്സരം. ഗോവയിലെ ഫത്തോർദ സ്‌റ്റേഡിയത്തിലാണ് കളി.
ചെന്നൈയിൻ എഫ്‌സിക്കെതിരെ കളിച്ച ടീമിൽ മാറ്റങ്ങളില്ലാതെയാണ് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങിയത്. കളിയുടെ തുടക്കം തന്നെ ബ്ലാസ്‌റ്റേഴ്‌സ് കത്തിക്കയറി. മത്സരത്തിൽ ഏറെ നേരം പന്ത് കൈവശം വെച്ചത് കേരള ബ്ലാസ്റ്റേഴ്സായിരുന്നു. 67 ശതമാനമായിരുന്നു ബോൾ പൊസെഷൻ. എന്നാൽ ലഭിച്ച അവസരങ്ങൾ ഗോളാക്കി മാറ്റാൻ ബ്ലാസ്റ്റേഴ്സിന് സാധിച്ചില്ല.