വലകുലുക്കി സൂപ്പർ താരങ്ങൾ; കേരള ബ്ലാസ്റ്റേഴ്‌സ് സൂപ്പർ കപ്പിൻ്റെ ക്വാർട്ടർ ഫൈനലിൽ

ഏപ്രിൽ 26ന്‌ നടക്കുന്ന ക്വാർട്ടറിൽ ഐഎസ്‌എൽ ജേതാക്കളായ മോഹൻ ബഗാൻ സൂപ്പർ ജയന്റാണ്‌ ബ്ലാസ്‌റ്റേഴ്‌സിന്റെ എതിരാളി.
വലകുലുക്കി സൂപ്പർ താരങ്ങൾ; കേരള ബ്ലാസ്റ്റേഴ്‌സ് സൂപ്പർ കപ്പിൻ്റെ ക്വാർട്ടർ ഫൈനലിൽ
Published on


നിലവിലെ ചാമ്പ്യൻമാരായ ഈസ്റ്റ്‌ ബംഗാളിനെ തോൽപ്പിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ്‌ കലിംഗ സൂപ്പർ കപ്പ്‌ ഫുട്‌ബോൾ ക്വാർട്ടറിൽ. രണ്ട്‌ ഗോളിനാണ്‌ കരുത്തരായ ഈസ്റ്റ്‌ ബംഗാളിനെ ബ്ലാസ്‌റ്റേഴ്‌സ്‌ തോൽപ്പിച്ചത്‌. സ്‌പാനിഷ്‌ പരിശീലകൻ ദവീദ് കറ്റാലയ്‌ക്ക്‌ കീഴിൽ ആദ്യ കളിക്കിറങ്ങിയ മഞ്ഞപ്പട മിന്നുംജയത്തോടെ അദ്ദേഹത്തിന്‌ കീഴിലെ പ്രയാണം തുടങ്ങി. ഒഡിഷയുടെ തലസ്ഥാനമായ ഭുവനേശ്വറിലെ കലിംഗ സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പെനാൽറ്റിയിലൂടെ ഹെസ്യൂസ്‌ ഹിമിനെസും (40-ാം മിനിറ്റ്‌), നോഹ സദോയിയുമാണ്‌ (64) ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോളുകൾ നേടിയത്‌. ഏപ്രിൽ 26ന്‌ നടക്കുന്ന ക്വാർട്ടറിൽ ഐഎസ്‌എൽ ജേതാക്കളായ മോഹൻ ബഗാൻ സൂപ്പർ ജയന്റാണ്‌ ബ്ലാസ്‌റ്റേഴ്‌സിന്റെ എതിരാളി.

പരിശീലകൻ ദവീദ് കറ്റാല തന്റെ അരങ്ങേറ്റ മത്സരത്തിൽ യുവത്വത്തിനും പരിചയസമ്പത്തിനും ഊന്നൽ നൽകിയാണ്‌ ടീമിനെ തെരഞ്ഞെടുത്തത്‌. ഗോൾകീപ്പറായി സച്ചിൻ സുരേഷ്‌ എത്തിയപ്പോൾ പ്രതിരോധത്തിൽ ഹോർമിപാം, മിലോസ്‌ ദ്രിൻസിച്ച്‌, ബികാഷ്‌ യുംനം, ദുസാൻ ലാഗറ്റോർ എന്നിവരെത്തി. മധ്യനിരയിൽ മലയാളി താരം വിബിൻ മോഹനനൊപ്പം ഡാനിഷ്‌ ഫറൂഖിയും ചേർന്നു. ക്യാപ്‌റ്റൻ അഡ്രിയാൻ ലൂണയ്‌ക്ക്‌ കൂടുതൽ ചുമതല നൽകി. ഒരേ സമയം ആക്രമിക്കാനും ആവശ്യമെങ്കിൽ പ്രതിരോധിക്കാനും ലൂണയ്‌ക്ക്‌ പരിശീലകൻ സ്വാതന്ത്ര്യം നൽകി. നോഹ സദൂയിയും നവോച്ച സിങ്ങും ഇരുവശത്തും അണിനിരന്നു. ഗോളടിക്കാൻ ഹെസ്യൂസ്‌ ഹിമിനെസും.


പ്രഭ്‌സുഖൻ സിങ്‌ ഗില്ലായിരുന്നു ഈസ്റ്റ്‌ ബംഗാളിന്റെ ഗോളി. അൻവർ അലി, ലാൽചുങ്കുഗ, മുഹമ്മദ്‌ റാകിപ്‌, ഹെക്ടർ യൂസ്‌തെ, ജീക്‌സൺ സിങ്‌, റിച്ചാർഡ്‌ സെലിന്‌, ദിമിത്രോസ്‌ ഡയമന്റാകോസ്‌, റാഫേൽ മെസി ബൗളി, മഹേഷ്‌ സിങ്‌, മലയാളിയായ പി വിഷ്‌ണു എന്നിവരായിരുന്നു ആദ്യ ഇലവനിൽ ഉൾപ്പെട്ട മറ്റ്‌ ടീം അംഗങ്ങൾ.

കളി തുടക്കത്തിൽ തന്നെ ബ്ലാസ്‌റ്റേഴ്‌സ്‌ മിന്നി. രണ്ടാം മിനിറ്റിൽ മികച്ച അവസരം കിട്ടി. വലതുവശത്തു നിന്നും നോഹ നൽകിയ മനോഹര ക്രോസ്‌ ഹിമിനെസിന്‌ മുതാലക്കാനായില്ല. 19-ാം മിനിറ്റിൽ വീണ്ടും സമാനമായി നോഹയുടെ ക്രോസുണ്ടായി. ഇത്തവണ ഡാനിഷിന്‌ പിഴച്ചു. പിന്നാലെ കിട്ടിയ തുറന്ന അവസരത്തിൽ ഹിമിനെസിനും ലക്ഷ്യം കണാനായില്ല. ഇതിനിടെ ഈസ്റ്റ്‌ ബംഗാൾ ചില മിന്നൽ നീക്കങ്ങൾ നടത്തിയെങ്കിലും ഇതെല്ലാം ബ്ലാസ്‌റ്റേഴ്‌സിന്റെ ഉറച്ച പ്രതിരോധം നിഷ്‌പ്രഭമാക്കി. 33-ാം മിനിറ്റിലും നോഹയുടെ കൃത്യതയാർന്ന പാസ്‌ മുതലക്കാൻ ഹിമിനെസിന്‌ സാധിച്ചില്ല. 38-ാം മിനറ്റിൽ ബ്ലാസ്‌റ്റേഴ്‌സ്‌ കൊതിച്ച നിമിഷമെത്തി. അപകടകാരിയായ നോഹയുടെ മുന്നേറ്റം തടയാനുള്ള കൊൽക്കത്തൻ പ്രതിരോധക്കാരൻ അൻവർ അലിയുടെ നീക്കം പിഴച്ചു. അൻവറിന്റെ ചവിട്ടിൽ നോഹ നിലത്തുവീണതോടെ റഫറി പെനൽറ്റി വിധിച്ചു. ആദ്യത്തെ കിക്ക്‌ ഉന്നംകണ്ടിരുന്നില്ല. എന്നാൽ സാങ്കേതിക പിഴവിനെ തുടർന്ന്‌ വീണ്ടും കിക്കെടുക്കാൻ ഹിമിനെസിനോട്‌ റഫറി ആവശ്യപ്പെട്ടു. ഇത്തവണ സ്‌പാനിഷുകാരന്‌ തെറ്റിയില്ല. മൂർച്ചയേറിയ ഷോട്ട്‌ വലയിൽ വിശ്രമിച്ചു. ഇതോടെ ബ്ലാസ്‌റ്റേഴ്‌സ്‌ മത്സരത്തിൽ മുന്നിലെത്തി. ലീഡുയർത്താനുള്ള ശ്രമം ബ്ലാസ്‌റ്റേഴ്‌സ്‌ തുടർന്നു.

രണ്ടാംപകുതിയിൽ ഒരു മാറ്റവുമായാണ്‌ മഞ്ഞപ്പട എത്തിയത്‌. ഹോർമിപാമിന്‌ പകരം ഐബാൻബ ദോഹ്‌ലിങ്‌ സ്ഥാനംപിടിച്ചു. ഇടവേള കഴിഞ്ഞും ബ്ലാസ്‌റ്റേഴ്‌സ്‌ ആധിപത്യം തുടർന്നു. 56-ാം മിനിറ്റിൽ ഹിമിനെസ്‌ ഈസ്റ്റ്‌ ബംഗാൾ വലകുലുക്കിയെങ്കിലും ഓഫ്‌സൈഡായിരുന്നു. ഇതിനിടെ 57-ാം മിനിറ്റിൽ പരിക്കേറ്റ ലൂണ പിൻമാറി. ഫ്രെഡിയാണ്‌ പകരമെത്തിയത്‌. 64-ാം മിനിറ്റിൽ ഉഗ്രൻ ഗോളിലൂടെ നോഹ ബ്ലാസ്‌റ്റേഴ്‌സിന്റെ ലീഡുയർത്തി. വലതുഭാഗത്തുനിന്നും ഐബാൻ നൽകിയ പന്തുമായി ബോക്‌സിന്‌ മുന്നിലൂടെ മുന്നേറി. രണ്ട്‌ ഈസ്റ്റ്‌ ബംഗാൾ പ്രതിരോധക്കാരെ വെട്ടിമാറ്റിയുള്ള ഇടംകാലടി വലകുലുക്കി. കൊൽക്കത്തൻ ഗോളി ഗില്ലിന്‌ കാഴച്ചക്കാരനാകാനേ സാധിച്ചുള്ളൂ. കളിയിലുടനീളം മിന്നുംപ്രകടനം നടത്തിയ നോഹ അർഹിച്ച ഗോളാണ്‌ കുറിച്ചത്‌.

എഴുപതാം മിനിറ്റിൽ ബ്ലാസ്‌റ്റേഴ്‌സ്‌ വീണ്ടും മാറ്റം വരുത്തി. ഹിമിനെസിന്‌ പകരം ക്വാമി പെപ്രയും ഡാനിഷിന്‌ പകരം മലയാളി താരം മുഹമ്മദ്‌ സഹീഫുമെത്തി. 74-ാം മിനിറ്റിൽ നോഹ ഒരിക്കൽക്കൂടി വല കുലുക്കിയെങ്കിലും ഓഫ്‌സൈഡായി. 86-ാം മിനിറ്റിൽ വിബിനിന്‌ പകരം മലയാളി മുന്നേറ്റക്കാരൻ എം എസ്‌ ശ്രീക്കുട്ടനും ബ്ലാസ്‌റ്റേഴ്‌സിനായി ഇറങ്ങി. പ്രതിരോധം ഉറപ്പിച്ച്‌ ബ്ലാസ്‌റ്റേഴ്‌സ്‌ നിലനിന്നതോടെ തിരിച്ചുവരാനുള്ള ഈസ്റ്റ്‌ ബംഗാളിന്റെ മോഹം പൊലിഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com