
പാലക്കാട്ടെ ബിജെപിയുടെ അടിവേരിളക്കാന്‍ യുഡിഎഫിന് കഴിഞ്ഞെന്ന് സന്ദീപ് വാര്യര്‍. ഉജ്വലമായ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനമാണ് പാലക്കാട് യുഡിഎഫ് നടത്തിയതെന്നും സന്ദീപ് വാര്യര്‍ മാധ്യമങ്ങളോട് പറഞ്ഞു. പാലക്കാട് എന്ത് തെരഞ്ഞെടുപ്പ് നടന്നാലും കൃഷ്ണകുമാറാണ്. പാലക്കാട്ടെ ബിജെപി കൃഷ്ണകുമാറും ഭാര്യയുമാണെന്ന് എഴുതിക്കൊടുത്ത ബിജെപി നേതൃത്വം തന്നെയാണ് പരാജയത്തിന്റെ കാരണമെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.
'വി.കെ. ശ്രീകണ്ഠന്‍ അടക്കമുള്ളവരുടെ നേതൃത്വത്തില്‍ നടന്നത് ഉജ്വലമായ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനമാണ്. പാലക്കാട് ബിജെപിയുടെ അടിവേര് യുഡിഎഫ് മാന്തിയിരിക്കുകയാണ്. സന്ദീപ് വാര്യര്‍ ഒന്നുമല്ലാത്തവനാണ്. സന്ദീപ് വാര്യര്‍ ചീള് കേസാണ്. ഒരു സന്ദീപ് പോയാല്‍ നൂറ് സന്ദീപ് വരും. ഞാന്‍ ആദ്യം തൊട്ട് പറയുന്ന കാര്യമുണ്ട്. ഇവര്‍ വഞ്ചിച്ചിരിക്കുന്നത് ബലിദാനികളെയാണ്. ഈ തെരഞ്ഞെടുപ്പിന്റെ ഉത്തരവാദിത്തം കെ സുരേന്ദ്രനാണ്. സുരേന്ദ്രന്‍ രാജിവെക്കാതെ കേരളത്തിലെ ബിജെപി രക്ഷപ്പെടാന്‍ പോകുന്നില്ല. പക്ഷെ ഞാന്‍ ആഗ്രഹിക്കുന്നത് അയാള്‍ രാജി വെക്കേണ്ട എന്നാണ്. പാല്‍ സൊസൈറ്റിയില്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ കൃഷ്ണകുമാര്‍, മുന്‍സിപിലാറ്റിയില്‍ ഇലക്ഷന്‍ നടന്നാല്‍ കൃഷ്ണകുമാര്‍, പാര്‍ലമെന്റ് ഇലക്ഷന്‍ നടന്നാല്‍ കൃഷ്ണകുമാര്‍, നിയമസഭ ഇലക്ഷന്‍ നടന്നാല്‍ കൃഷ്ണകുമാര്‍...ഇങ്ങനെ കൃഷ്ണകുമാറും ഭാര്യയുമാണ് പാലക്കാട്ടെ ബിജെപി എന്ന് എഴുതിക്കൊടുത്ത നേതൃത്വം തന്നെയാണ് ഈ പരാജയത്തിന്റെ ഉത്തരവാദികള്‍,' സന്ദീപ് വാര്യര്‍ പറഞ്ഞു.
താന്‍ വന്നതുകൊണ്ടുണ്ടായ നേട്ടമാണ് പാലക്കാട്ടെ യുഡിഎഫ് വിജയമെന്ന് ഒരിക്കലും പറയില്ല. യുഡിഎഫ് പ്രവര്‍ത്തകരുടെ അധ്വാനത്തിന്റെ ഫലമാണ് വിജയം. അടുത്ത തെരഞ്ഞെടുപ്പോടുകൂടി പാലക്കാട്ടെ മുന്‍സിപാലിറ്റിയുടെ ഭരണം കൂടി ബിജെപിക്ക് നഷ്ടപ്പെടാന്‍ പോവുകയാണെന്നും സന്ദീപ് വാര്യര്‍ കൂട്ടിച്ചേര്‍ത്തു.
പാലക്കാട്ട് ആദ്യഘട്ടത്തില്‍ ബിജെപിയായിരുന്നു മുന്നിട്ടു നിന്നിരുന്നത്. എന്നാല്‍ ബിജെപിയുടെ ശക്തി കേന്ദ്രങ്ങള്‍ പിന്നിട്ടതോടെ രാഹുല്‍ മാങ്കൂട്ടത്തിലിന് വോട്ട് വര്‍ധിക്കുകയായിരുന്നു. നിലവില്‍ 4980 വോട്ടുകളുടെ ലീഡിന് മുന്നിട്ടു നില്‍ക്കുകയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍. എന്നാല്‍ ശക്തി കേന്ദ്രങ്ങളില്‍ പോലും ബിജെപിക്ക് ഇത്തവണ അടിപതറി. കഴിഞ്ഞ തവണ ഇ. ശ്രീധരന്‍ പാലക്കാട് ഉണ്ടാക്കിയ ഓളം ഇത്തവണ കൃഷ്ണകുമാറിന് നേടാനായില്ലെന്നാണ് വിലയിരുത്തല്‍.