ഉപതെരഞ്ഞടുപ്പിന് ഇനി 9 നാളുകൾ; പ്രചരണ ചൂടിൽ മണ്ഡലങ്ങൾ, പാലക്കാടും ചേലക്കരയിലും ശക്തമായ പോരാട്ടം

പാലക്കാട് പത്തും ചേലക്കരയിൽ ആറും വയനാട് പതിനാറും സ്ഥാനാർഥികൾ മത്സരരംഗത്ത്. ചേലക്കരയിൽ 9 പേരാണ് നാമനിർദേശ പത്രിക നൽകിയത്.
ഉപതെരഞ്ഞടുപ്പിന് ഇനി 9 നാളുകൾ; പ്രചരണ ചൂടിൽ മണ്ഡലങ്ങൾ,  പാലക്കാടും ചേലക്കരയിലും ശക്തമായ പോരാട്ടം
Published on



ഉപതെരഞ്ഞടുപ്പിന് 9 നാൾ മാത്രം ശേഷിക്കെ മണ്ഡലങ്ങളിൽ പ്രചാരണം ശക്തമാക്കി മുന്നണികൾ. സ്ഥാനാർഥികളുടെ വാഹന പര്യടനത്തിന് ഒപ്പം വീടുകൾ കയറിയുള്ള പ്രചാരണവും തുടരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള നേതാക്കൾ വരും ദിവസങ്ങളിൽ വോട്ട് തേടാനിറങ്ങും.


രണ്ടാംഘട്ട പ്രചാരണം തുടരുന്ന പാലക്കാട് മുന്നണികളുടെ മണ്ഡല പര്യടനം പുരോഗമിക്കുകയാണ്. കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ ഇന്ന് പാലക്കാട് പ്രചാരണയോഗങ്ങളിൽ പങ്കെടുക്കും. വരും ദിവസങ്ങളിൽ കൂടുതൽ നേതാക്കൾ പ്രചരണത്തിനായി മണ്ഡലത്തിൽ സജീവമാകും. ഞായറാഴ്ചയായതിനാൽ ക്രിസ്ത്യൻ പള്ളികൾ കേന്ദ്രീകരിച്ചാണ് യുഡിഎഫ്, എൽഡിഎഫ്, ബിജെപി സ്ഥാനാർത്ഥികൾ രാവിലെ പ്രചാരണം നടത്തുക.


പാലക്കാട് എംഎല്‍എ ആയിരുന്ന ഷാഫി പറമ്പില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വടകരയില്‍ നിന്ന് വിജയിച്ചതോടെയാണ് പാലക്കാട് ഉപതെരഞ്ഞെടുപ്പിനെ നേരിടുന്നത്. യുഡിഎഫ് സ്ഥാനാർഥിയായി യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ, എൽഡിഎഫ് സ്ഥാനാർഥിയായി കോൺഗ്രസ് വിട്ടിറങ്ങിയ ഡോ. പി സരിൻ, എൻഡിഎ സ്ഥാനാർഥിയായി സി. കൃഷ്ണകുമാർ എന്നിവരാണ് പാലക്കാട് മത്സരരംഗത്തുള്ളത്.

വിധിയെഴുത്തിന് 10 ദിവസം മാത്രം ശേഷിക്കേ ചേലക്കരയിലെ തെരഞ്ഞെടുപ്പ് പ്രചാരണം ടോപ്പ് ഗിയറിലേക്ക് മാറ്റി മുന്നണികൾ . സ്ഥാനാർത്ഥികളുടെ വാഹന പര്യടനത്തിന് ഒപ്പം വീടുകൾ കയറിയുള്ള മുന്നണി പ്രവർത്തകരുടെ പ്രചാരണവും തുടരുകയാണ്. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുതൽ പ്രിയങ്ക ഗാന്ധി വരെയുള്ളവർ വരും ദിവസങ്ങളിൽ പ്രചാരണത്തിനായി മണ്ഡലത്തിൽ എത്തും. മുഖ്യമന്ത്രി പിണറായി വിജയനും വിവിധ മന്ത്രിമാരുമാകും ഇനിയുള്ള ദിവസങ്ങളിൽ ചേലക്കരയിൽ സിപിഎമ്മിനായി വോട്ട് തേടാനിറങ്ങുക.


പാലക്കാട് പത്തും ചേലക്കരയിൽ ആറും വയനാട് പതിനാറും സ്ഥാനാർഥികൾ മത്സരരംഗത്ത്. ചേലക്കരയിൽ 9 പേരാണ് നാമനിർദേശ പത്രിക നൽകിയത്. ഇതിൽ സിപിഐഎമ്മും ബിജെപിയും നിർത്തിയ ഡമ്മി സ്ഥാനാർഥികളുടെ പത്രിക തള്ളി. കൂടാതെ ഒരു സ്വതന്ത്ര സ്ഥാനാർഥി പത്രിക പിൻവലിക്കുകയും ചെയ്തു. ഇതോടെ മത്സരരം​ഗത്തുള്ള സ്ഥാനാർത്ഥികൾ‌ ആറായി.

പ്രചാരണം ഉച്ചസ്ഥായിയിലേക്ക് നീങ്ങുമ്പോൾ വോട്ടർമാർ ഇതുവരെ കാണാത്ത തിരഞ്ഞെടുപ്പ് രംഗങ്ങളാണ് ചേലക്കരയിലുള്ളത്. മുൻ എംപി രമ്യ ഹരിദാസാണ് ചേലക്കരയിലെ യുഡിഎഫ് സ്ഥാനാർഥി, യു ആർ പ്രദീപ് കുമാർ എൽഡിഎഫ് സ്ഥാനാർഥിയും, കെ ബാലകൃഷ്ണൻ എൻഡിഎ സ്ഥാനാർഥിയുമായി മത്സരരംഗത്തുണ്ട്.

അതേ സമയം വയനാട് ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രചാരണം കൊഴുപ്പിക്കാൻ പ്രിയങ്കയും രാഹുലും ഇന്ന് വയനാട്ടിലെത്തും. രാവിലെ പത്ത് മണിയോടെയാകും ഇരുവരും മണ്ഡലത്തിൽ എത്തുക. മാനന്തവാടിയിലും അരീക്കോട്ടും പൊതുയോഗത്തിൽ പങ്കെടുക്കും. ഏഴാം തീയതി വരെ പ്രിയങ്ക വയനാട്ടിൽ ഉണ്ടായിരിക്കുമെന്നാണ് സൂചന.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com