
വീറുറ്റ ഉപതെരഞ്ഞെടുപ്പ് പോരാട്ടത്തിൻ്റെ ജനഹിതമെന്തെന്ന് നാളെയറിയാം. വോട്ടെണ്ണലിൻ്റെ ആദ്യ റൗണ്ടാണ് പാലക്കാട് നിർണായകമാകുക. ചേലക്കരയിൽ 28 വർഷത്തെ കോട്ട നിലനിർത്താനാകുമെന്ന പ്രതീക്ഷയിലാണ് എൽഡിഎഫ്. വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്ക് റെക്കോർഡ് ഭൂരിപക്ഷം കിട്ടുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്.
പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ വോട്ടെണ്ണലിന്റെ ആദ്യ റൗണ്ട് നിർണായകം. ആദ്യം വോട്ടെണ്ണുന്ന പതിനാല് ബൂത്തുകളിൽ പന്ത്രണ്ടും ബിജെപിക്ക് സ്വാധീനമുള്ള മേഖലകളാണ്. ഇവിടെ വോട്ട് കുറഞ്ഞാൽ ബിജെപിയിൽ അടിയൊഴുക്കുകൾ ഉണ്ടായി എന്നതിന്റെ സൂചന ലഭിക്കും. എന്നാൽ മൂന്നു റൗണ്ടുകൾക്ക് ശേഷമാണ് യുഡിഎഫ് ശക്തികേന്ദ്രങ്ങളിലേക്ക് വോട്ടെണ്ണൽ കടക്കുക. സരിന്റെ സ്ഥാനാർഥിത്വം എൽഡിഎഫിന് ഗുണം ചെയ്തോ എന്നതും ആദ്യ റൗണ്ടിൽ വ്യക്തമാകും.
ഒന്നു മുതൽ പതിനാല് വരെയുള്ള ബൂത്തുകളിലാണ് ആദ്യ റൗണ്ട് വോട്ടെണ്ണൽ നടക്കുക. ഇതിൽ ഒന്നും, രണ്ടും ബൂത്തുകൾ യുഡിഎഫിന് സ്വാധീനമുള്ള മേഖലകളാണെങ്കിലും ബാക്കി പന്ത്രണ്ട് എണ്ണവും ബിജെപി ലീഡ് ചെയ്ത് വരുന്നതാണ്. അതുകൊണ്ടു തന്നെ ആദ്യ റൗണ്ടിൽ ബിജെപി ലീഡ് ചെയ്താൽ, അത് ഫല സൂചനയായി കാണാൻ കഴിയില്ല. എന്നാൽ വോട്ട് കുറഞ്ഞാൽ ബിജെപിക്ക് ആശങ്കപ്പെടേണ്ടിവരും. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 3658 വോട്ടുകളാണ് ബിജെപി ആദ്യ റൗണ്ടിൽ നേടിയത്. യുഡിഎഫ് 1854 വോട്ടും, എൽഡിഎഫ് 1233 വോട്ടും നേടി. എന്നാൽ നഗരസഭയിൽ ബിജെപി തരംഗം ഉണ്ടായിട്ടും യുഡിഎഫിന്റെ സ്വാധീന മേഖലയായ ഒന്ന്, രണ്ട് ബൂത്തുകളിൽ ഷാഫി പറമ്പിലിന് വോട്ട് കുറഞ്ഞിരുന്നില്ല. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി പാലക്കാട് നിയമസഭാ മണ്ഡലത്തിൽ നിന്നും ആദ്യ റൗണ്ടിൽ 4707 വോട്ട് നേടിയിരുന്നു. യുഡിഎഫ് 2614 വോട്ടും നേടി. എന്നാൽ ആദ്യ റൗണ്ടിലെ നേട്ടം ബിജെപിക്ക് പിന്നീട് നിലനിർത്താൻ കഴിഞ്ഞില്ല. ഒൻപതിനായിരത്തിൽ അധികം വോട്ടിന്റെ ലീഡാണ് യുഡിഎഫ് നേടിയത്. യുഡിഎഫിന്റെ സ്വാധീന മേഖലകളിലേക്ക് കടക്കണമെങ്കിൽ അഞ്ച് റൗണ്ടെങ്കിലും കഴിയണം.
എൽഡിഎഫിന് നഗരസഭയിൽ ശക്തി കേന്ദ്രങ്ങൾ കുറവാണെങ്കിലും ഓരോ ബൂത്തിലും വോട്ട് വർധിക്കുന്ന സാഹചര്യം ഉണ്ടായാൽ പ്രതീക്ഷയേറും. 2021ൽ ആദ്യ റൗണ്ടിൽ 100ൽ താഴെ വോട്ടുള്ള പത്ത് ബൂത്തുകളാണ് എൽഡിഎഫിന് ഉണ്ടായിരുന്നതെങ്കിൽ കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ നാലു ബൂത്തുകളായി കുറഞ്ഞു. സരിന്റെ സ്ഥാനാർഥിത്വം കൽപാത്തി മേഖലയിൽ സ്വാധീനം ചെലുത്തിയോ എന്നതും ആദ്യ റൗണ്ടിൽ വ്യക്തമാകും. 9599 വോട്ടുകളാണ് ആദ്യ റൗണ്ടിൽ എണ്ണാനുളളത്. കാറ്റ് എങ്ങോട്ടാണ് വീശുന്നത് എന്നറിയാൻ കാത്തിരിക്കാം.
ചേലക്കരയുടെ ജനവിധിയിൽ മൂന്ന് മുന്നണികളും പിവി അൻവറിന്റെ സ്ഥാനാർഥിയും വിജയ പ്രതീക്ഷയിലാണ്. എൽഡിഎഫും, യുഡിഎഫും വിജയം ഉറപ്പാണെന്ന് ആവർത്തിക്കുമ്പോൾ, വൻ തോതിലുള്ള വോട്ട് വർദ്ധന ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് എൻഡിഎ. മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച എൻ.കെ. സുധീറിന് ലഭിച്ച വോട്ടുകളും തെരഞ്ഞെടുപ്പിൽ നിർണായകമായി മാറുമെന്നാണ് മുന്നണികൾ വിലയിരുത്തുന്നത്.
1965ൽ രൂപീകൃതമായ ശേഷം ചേലക്കര കണ്ടിട്ടില്ലാത്ത വിധത്തിലുള്ള തീവ്രമായ തെരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് ഉപതെരഞ്ഞെടുപ്പിൽ ദൃശ്യമായത്. മൂന്ന് മുന്നണികളുടെയും ദേശീയ - സംസ്ഥാന നേതാക്കൾ മണ്ഡലത്തിൽ ക്യാംപ് ചെയ്തായിരുന്നു പ്രവർത്തനം. പ്രചാരണത്തിലെ ആവേശം പോളിംഗിലും ഒരു പരിധി വരെ പ്രതിഫലിച്ചു. വയനാട്ടിലും പാലക്കാടും പോളിംഗ് ശതമാനം കുത്തനെ ഇടിഞ്ഞപ്പോഴും ചേലക്കരയിൽ ഭേദപ്പെട്ട നിലയിലായിരുന്നു വോട്ടെടുപ്പ്. ആവേശം നിറഞ്ഞ തെരഞ്ഞെടുപ്പിന് ഒടുവിൽ ചേലക്കര കാത്തിരിക്കുകയാണ് മണ്ഡലത്തിന്റെ മനസിലെന്തായിരുന്നു എന്ന് അറിയാൻ.
ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടായ ന്യൂനതകൾ പരിഹക്കാനായി എന്നതാണ് യുഡിഎഫ് കേന്ദ്രങ്ങളുടെ വിലയിരുത്തൽ. തദ്ദേശ തെരഞ്ഞെടുപ്പിൽ ഭരണം നേടാനായ തിരുവില്വാമല, കൊണ്ടാഴി, പഴയന്നൂർ പഞ്ചായത്തുകളിലായി മികച്ച ലീഡും പ്രതീക്ഷിക്കുന്നു. ജനവിധിയും കണക്കു കൂട്ടലുകളും അനുകൂലമായാൽ 3000 മുതൽ 5000 വോട്ടിന്റെ വരെ ഭൂരിപക്ഷത്തിൽ രമ്യ ഹരിദാസ് വിജയിക്കുമെന്ന് നേതാക്കൾ പറയുന്നു. 28 വർഷം കോട്ടകെട്ടി കാത്ത ചേലക്കരയിൽ ഇത്തവണയും ഒരു വിള്ളൽ പോലും ഉണ്ടകില്ലെന്ന് എൽഡിഎഫും വിലയിരുത്തിരുന്നു. പരമ്പരാഗത ശക്തി കേന്ദ്രങ്ങളായ വരവൂർ, ദേശമംഗലം, വള്ളത്തോൾ നഗർ പഞ്ചായത്തുകളിൽ നിന്ന് മാത്രം പ്രതീക്ഷിക്കുന്ന ലീഡ് 7000ന് മുകളിലാണ്. പരമാവധി 18000 വരെ വോട്ടിന്റെ ഭൂരിപക്ഷം ലഭിക്കാമെന്നും എൽഡിഎഫും സിപിഎമ്മും ഒരു പോലെ വിലയിരുത്തുന്നു. സ്ഥാനാർത്ഥി കെ. ബാലകൃഷ്ണന്റെ വ്യക്തി പ്രഭാവവും. ചിട്ടയായ സംഘടന പ്രവർത്തനവും അനുകൂലമാകുമെന്നാണ് എൻഡിഎ കേന്ദ്രങ്ങൾ അനുമാനിക്കുന്നത്. പിവി അൻവറിന്റെ ഡിഎംകെയുടെ സ്വതന്ത്ര സ്ഥാനാർത്ഥി എൻ.കെ. സുധീർ അയ്യായിരത്തിന് അടുത്ത് വോട്ടുകൾ നേടാൻ സാധ്യതയുണ്ടെന്നാണ് കണക്കാക്കുന്നത്.
ഫലമറിയാൻ മണിക്കൂറുകൾ മാത്രം ശേഷിക്കേ, വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്ക് റെക്കോർഡ് ഭൂരിപക്ഷം കിട്ടുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. അട്ടിമറിയിൽ കുറഞ്ഞതൊന്നും എൽഡിഎഫും പ്രതീക്ഷിക്കുന്നില്ല. കൂടുതൽ വോട്ടുവിഹിതം കൂടുമെന്ന് എൻഡിഎയും കരുതുന്നു. നാളെ വോട്ട് എണ്ണാനിരിക്കെ, വയനാട്ടിൽ മുഖ്യധാര മുന്നണികളുടെ ആശങ്ക ചെറുതല്ല. കുറഞ്ഞ പോളിംഗ് രേഖപ്പെടുത്തിയതോടെ തങ്ങളുടെ വോട്ടുകൾ ചോർന്നോയെന്ന സംശയത്തിലാണ് അവർ. രൂപീകരണം മുതൽ മണ്ഡലം കയ്യിലുള്ള യുഡിഎഫിനും ഈ സന്ദേഹമുണ്ട്. എന്നാൽ പ്രിയങ്ക ഗാന്ധിയുടെ ഭൂരിപക്ഷത്തെക്കുറിച്ച് തികഞ്ഞ ആത്മവിശ്വാസമാണ് യുഡിഎഫ് പുറത്ത് പ്രകടിപ്പിക്കുന്നത്.
യുഡിഎഫിന് തുടക്കത്തിലുണ്ടായിരുന്ന ആവേശം പോളിംഗിനുശേഷം ഇല്ലെന്നാണ് എൽഡിഎഫിൻ്റെ വിലയിരുത്തൽ. എൽഡിഎഫ് മികച്ച നേട്ടമുണ്ടാക്കുമെന്ന് സിപിഐ വയനാട് ജില്ലാ സെക്രട്ടറി ഇ ജെ ബാബു പറഞ്ഞു. കഴിഞ്ഞ തവണത്തേക്കാൾ വോട്ടുവിഹിതം വർദ്ധിപ്പിക്കാനുള്ള ലക്ഷ്യം ഫലം കാണുമെന്ന് എൻഡിഎ ക്യാംപും കരുതുന്നു. വയനാട് ജില്ലയിലെ മൂന്നു മണ്ഡലങ്ങളുടെ വോട്ടെണ്ണൽ കൽപ്പറ്റയിലെ എസ്കെഎംജെ ഹയർ ഹയർസെക്കൻഡറി സ്കൂളിൽ നടക്കും. കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി മണ്ഡലത്തിലെ വോട്ടുകൾ കൂടത്തായി യുപി സ്കൂളിലാണ് എണ്ണുക. മലപ്പുറം ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിലെ വോട്ടെണ്ണൽ നിലമ്പൂർ അമൽ കോളേജിലും നടക്കും. രാവിലെ 8.10ന് തന്നെ ആദ്യ ഫലസൂചന പുറത്തുവരും.