കേരളവും രാജ്യത്തിൻ്റെ ഭാഗമാണ്, കേന്ദ്രത്തിൻ്റേത് പകപോക്കൽ, സഹായത്തിനായി ഇനിയും സമീപിക്കും: മുഖ്യമന്ത്രി

പ്രധാനമന്ത്രി വയനാട്ടിൽ സന്ദർശനത്തിന് വന്നതിന്‍റെ കാശു കൂടി കേരളം കൊടുക്കേണ്ടി വരുമോ എന്ന് മന്ത്രി പി. രാജീവും ചോദിച്ചു
കേരളവും രാജ്യത്തിൻ്റെ ഭാഗമാണ്, കേന്ദ്രത്തിൻ്റേത് പകപോക്കൽ, സഹായത്തിനായി ഇനിയും സമീപിക്കും: മുഖ്യമന്ത്രി
Published on


അവകാശപ്പെട്ട സഹായത്തിനായി ഇനിയും കേരളം കേന്ദ്രത്തെ സമീപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചീമേനി രക്തസാക്ഷി സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിൽ സഹായം നിഷേധിച്ച കേന്ദ്ര സർക്കാരിനെതിരെ ഞായറാഴ്ചയും മുഖ്യമന്ത്രി വിമർശനം കടുപ്പിക്കുന്നതാണ് കണ്ടത്.

ദുരിതാശ്വാസ സഹായം നൽകുന്നതിൽ കേന്ദ്രത്തിന് കേരളത്തോട് മാത്രം എന്തേ ഭ്രഷ്ടെന്ന് മുഖ്യമന്ത്രി ചോദിച്ചു. കേരളത്തിലെ ജനങ്ങൾ ഇന്ത്യക്കാരല്ലേ? ഈ രാജ്യത്തിന് ചേരാത്ത എന്തെങ്കിലും പ്രവൃത്തി നടത്തുന്ന നാടാണോ കേരളം? എന്തിനാണ് ഈ നാടിനോട് മാത്രം അവഗണന? ബിജെപിയെ കേരളം അംഗീകരിക്കാത്തതിൻ്റെ പകപോക്കലാണിതെന്നും മുഖ്യമന്ത്രി വിമർശിച്ചു.

"ഒരു സംസ്ഥാനത്തോടും ചെയ്യാൻ പാടില്ലാത്ത കാര്യമാണിത്. കേരളവും രാജ്യത്തിൻ്റെ ഭാഗമാണ്. നീതി നിഷേധിക്കാൻ പാടില്ല. കേന്ദ്രത്തിനെതിരെ നമ്മുടെ നാട്ടിൽ കടുത്ത പ്രതിഷേധം ഉയർന്നുവരണം," പിണറായി വിജയൻ കൂട്ടിച്ചേർത്തു. അതേസമയം, കോൺഗ്രസ് സാമ്രാജ്യത്വത്തിന് വിധേയപ്പെട്ടുവെന്നും നരേന്ദ്ര മോദി പറയുന്ന അതേ കാര്യങ്ങളാണ് രാഹുൽ ഗാന്ധിയും പറയുന്നതെന്നും മുഖ്യമന്ത്രി വിമർശിച്ചു.

പ്രധാനമന്ത്രി വയനാട്ടിൽ സന്ദർശനത്തിന് വന്നതിന്‍റെ കാശു കൂടി കേരളം കൊടുക്കേണ്ടി വരുമോ എന്ന് മന്ത്രി പി. രാജീവും ചോദിച്ചു. "കേന്ദ്രം സഹായിച്ചാലും ഇല്ലെങ്കിലും വയനാട്ടിലെ പുനരധിവാസവുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോകും. ടൗൺഷിപ്പ് നിർമാണം എന്നതിൽ നിന്ന് പിന്നോട്ടില്ല. രണ്ട് എസ്റ്റേറ്റുകൾ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഹൈക്കോടതിയുടെ ഉത്തരവ് ഉടൻ പ്രതീക്ഷിക്കുന്നുണ്ട്. ഇത് അനുകൂലമായാൽ എസ്റ്റേറ്റ് ഏറ്റെടുത്ത് ടൗൺഷിപ്പ് നിർമാണത്തിനുള്ള നടപടികൾ ആരംഭിക്കും," മന്ത്രി കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com