"ജോർജ്ജ് കുര്യൻ്റേത് വികട ന്യായം"; കേന്ദ്രമന്ത്രിക്ക് മറുപടിയുമായി മുഖ്യമന്ത്രി

കേന്ദ്ര അവഗണനക്കെതിരെ പ്രതിപക്ഷവും പ്രതിഷേധിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
"ജോർജ്ജ് കുര്യൻ്റേത് വികട ന്യായം"; കേന്ദ്രമന്ത്രിക്ക് മറുപടിയുമായി മുഖ്യമന്ത്രി
Published on

കേന്ദ്ര ബജറ്റിൽ അവഗണനയെന്ന സംസ്ഥാന സർക്കാരിൻ്റെ വിമർശനത്തെ പരിഹസിച്ച കേന്ദ്ര മന്ത്രി ജോർജ് കുര്യന് മുഖ്യമന്ത്രി പിണറായി വിജയൻ്റെ മറുപടി. "ജോർജ്ജ് കുര്യൻ്റേത് വികട ന്യായമാണ്. അതിനോട് പരിതപിക്കുക എന്നല്ലാതെ മറ്റൊന്നും ചെയ്യാനാകില്ല. വിചിത്രമായ വാദമാണ് ജോർജ് കുര്യൻ ഉന്നയിക്കുന്നത്. കേരളത്തിന് വേണ്ടത് സാമ്പത്തിക സഹായമാണെന്നും കേന്ദ്ര അവഗണനക്കെതിരെ പ്രതിപക്ഷവും പ്രതിഷേധിക്കണം", മുഖ്യമന്ത്രി പറഞ്ഞു.


കേരളം പ്രതീക്ഷിച്ച എല്ലാ കാര്യങ്ങളെയും അവഗണിച്ചാണ് കേന്ദ്ര ബജറ്റ് അവതരിപ്പിച്ചത്. കേന്ദ്രം വാഗ്ദാനം ചെയ്ത എയിംസ് ഇത്തവണയും അനുവദിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഎം കണ്ണൂർ ജില്ലാ സമ്മേളനത്തിൻ്റെ സമാപനം കുറിച്ചുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.



കേരളത്തോട് എന്തും ആകാം എന്ന നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നത്. കേരളത്തിന് വേണ്ടത് സാമ്പത്തിക സഹായമാണ്. മലയോര മേഖലയിലെ വന്യജീവി ശല്യം പരിഹരിക്കപ്പെടേണ്ട വിഷയമാണ്. എന്നാൽ വന്യജീവികളെ പൂർണമായും സംരക്ഷിക്കുന്ന കേന്ദ്ര നിയമം ഇതിന് തടസമാകുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.വന്യജീവികളെ സംരക്ഷിക്കുന്ന കേന്ദ്രം മനുഷ്യരെ കാണുന്നില്ല. പാക്കേജ് ആവശ്യപ്പെട്ടത് കേരളത്തിന് തനതായ പ്രശ്നങ്ങൾ പരിഹരിക്കാൻ വേണ്ടിയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.


അതേസമയം കേരളവിരുദ്ധ പരാമർശത്തിൽ വിശദീകരണവുമായി കേന്ദ്ര മന്ത്രി ജോർജ്ജ് കുര്യൻ. പിന്നാക്കാമെന്ന് പ്രഖ്യാപിക്കാനല്ല കൂടുതൽ ആനുകൂല്യത്തിനായി സമീപിക്കണമെന്നാണ് ഉദ്ദേശിച്ചത്. കേരളം ശരിയായ രീതിയിൽ കേന്ദ്രത്തെ സമീപിച്ചാൽ പിന്തുണയ്ക്കുമെന്നും ജോർജ് കുര്യൻ പറഞ്ഞു.

"കേരളം പിന്നോക്കം ആണെന്ന് പ്രഖ്യാപിച്ചാൽ അപ്പോൾ പരിഗണിക്കാമെന്നും റോഡില്ല, വിദ്യാഭ്യാസമില്ല, എന്നു പറഞ്ഞാൽ പദ്ധതികൾ നൽകാം" എന്നായിരുന്നു ബജറ്റ് പ്രഖ്യാപനത്തിന് ശേഷം കേന്ദ്രമന്ത്രിയുടെ പ്രതികരണം. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയർന്നത്.
കേരളത്തെ ഇനിയും മുന്നോട്ട് നയിക്കാനുള്ള സഹായമാണ് വേണ്ടതെന്നും, ജോർജ്ജ് കുര്യന്റെ സഹായം കേരളത്തെ പിന്നോട്ട് നയിക്കാനാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com