കിഫ്ബി റോഡുകൾക്ക് യൂസർ ഫീ ഈടാക്കും; സ്ഥിരീകരിച്ച് മുഖ്യമന്ത്രി

കിഫ്ബിയിലെ സിഎജി ഓഡിറ്റിന് തടസമില്ലെന്നും ,സതീശൻ ഇതൊന്നും അറിയുന്നില്ലേ എന്നും മുഖ്യമന്ത്രി ചോദ്യമുയർത്തി
കിഫ്ബി റോഡുകൾക്ക് യൂസർ ഫീ ഈടാക്കും; സ്ഥിരീകരിച്ച് മുഖ്യമന്ത്രി
Published on

കിഫ്ബി റോഡുകളിൽ യൂസർഫീ ഈടാക്കുമെന്ന് സ്ഥിരീകരിച്ച് മുഖ്യമന്ത്രി. യൂസർ ഫീ ഈടാക്കിയാൽ വായ്പ തിരിച്ചടയ്ക്കാൻ കഴിയും. കിഫ്ബി സംസ്ഥാന ചരിത്രത്തിലെ നൂതനവും ധീരവുമായ ചുവടുവയ്പ്പെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സഭയിൽ ഉന്നയിച്ച വിഷയങ്ങളിൽ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. കിഫ്ബിയിലെ സിഎജി ഓഡിറ്റിന് തടസമില്ലെന്നും ,സതീശൻ ഇതൊന്നും അറിയുന്നില്ലേ എന്നും മുഖ്യമന്ത്രി ചോദ്യമുയർത്തി.


യൂസർ ഫീ ഈടാക്കിയാൽ വായ്പ തിരിച്ചടയ്ക്കാൻ കഴിയും. കിഫ്ബി ഉന്നത നിലവാരം പുറത്തുന്ന സാമ്പത്തിക സ്ഥാപനമായാണ്  പ്രവർത്തിക്കുന്നത്. ബാധ്യത ക്രമാനുഗതമായി ഒഴിവാക്കാൻ ഇതോടെ കഴിയുമെന്നും, വായ്പകൾ കൃത്യമായി തിരിച്ചടച്ച് ക്രെഡിറ്റ് സ്കോർ നിലനിർത്തുന്ന സ്ഥാപനമാണ് കിഫ്ബിയെന്നും മുഖ്യമന്ത്രി സഭയിൽ പ്രതിപക്ഷത്തിന് മറുപടി നൽകി.



"കിഫ്ബിയിലൂടെ പ്ലാൻ ഫണ്ടിന് പുറത്തുള്ള വിഭവ സമാഹരണത്തിന് വഴിവച്ചു. കിഫ്‌ബി തറവാട് സ്വത്തല്ല എന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. ഇതൊക്കെ പ്രതിപക്ഷ നേതാവിന്റെ യാഥാസ്ഥിതിക നിലപാടാണ്. കിഫ്ബിയെ കുറിച്ച് പ്രതിപക്ഷ നേതാവ് നടത്തിയത് നാടിനെ ആകെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനയാണ്. വസ്തുതയുമായി ബന്ധമില്ലാത്ത വാദങ്ങളാണിത്. സാമ്പത്തിക മരവിപ്പ് മറികടക്കാൻ എഫ് ബി വഴിയുള്ള അടിസ്ഥാന സൗകര്യ വികസനം നടപ്പിലായിയത്. അത് വിജയകരമായി നടപ്പിലാക്കാനായി. ഇത് കേരളത്തിൽ ഒന്ന് നടക്കില്ല എന്ന് പഴി പറഞ്ഞ നടന്നവരെ വിഷമിപ്പിച്ചു", മുഖ്യമന്ത്രി സഭയിൽ തുറന്നടിച്ചു.


കിഫ്ബിയിൽ സിഎജി ഓഡിറ്റ് നടക്കുന്നില്ല എന്നുള്ളത് വസ്തുതാ വിരുദ്ധമായ ആക്ഷേപമാണ്. കിഫ്ബിയെ ഓഡിറ്റ് ചെയ്യാനുള്ള പൂർണ്ണ അധികാരം സിഎജിക്ക് ഉണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കിഫ്ബിയിൽ ഓഡിറ്റ് നടത്താൻ സർക്കാർ രേഖാമൂലം സിഎജിക്ക് കത്ത് നൽകിയിട്ടുണ്ട്. ഇതൊന്നും പ്രതിപക്ഷ നേതാവ് അറിയുന്നില്ല എന്ന് തോന്നുന്നുവെന്നും മുഖ്യമന്ത്രി പരിഹസിച്ചു. സിഎജി റിപ്പോർട്ട് സഭയിൽ വെക്കുന്നില്ല എന്നുള്ള പ്രതിപക്ഷ ആരോപണം അടിസ്ഥാനരഹിതമാണ്. ഇതൊക്കെ പരിശോധിക്കാൻ പ്രതിപക്ഷ നേതാവ് സമയം കണ്ടെത്തണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. കിഫ്ബി പദ്ധതികളെ വരുമാനദായമാക്കിയാൽ കേന്ദ്രസർക്കാർ വാദങ്ങളെ നമുക്ക് ഖണ്ഡിക്കാൻ കഴിയും.

കാട്ടാന ആക്രമണത്തെ തുടർന്ന് പ്രതിപക്ഷനേതാവ് സഭയിൽ പ്രതികരിച്ചു. വലിയ ഭീതിയാണ് ഉണ്ടാക്കിയിട്ടുള്ളത്. വിഷയത്തിൽ സർക്കാർ ഇടപെടണം. ഒരാഴ്ചയ്ക്കിടെ അഞ്ചുപേരാണ് മരിച്ചത്. സർക്കാരിൻ്റെ സാന്നിധ്യം അവിടെ ഉണ്ടാകണം. ദൗർഭാഗ്യവശാൽ അതിവിടെ പ്രകടമല്ല.ആർആർടി ഉണ്ടാക്കണമെന്നും, ആനകൾ കാടിറങ്ങാതിരിക്കാൻ ആഹാരമോ വെള്ളമോ എത്തിക്കാൻ നടപടി എടുക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.


മുഖ്യമന്ത്രിസ്ഥാനത്തെ കുറിച്ച് കെ. കെ. ശൈലജയ്ക്ക് സതീശന് മറുപടി നൽകി. പിആർ ടീമിനെ വച്ച് മുഖ്യമന്ത്രിയാകാൻ ശ്രമിച്ചതു കൊണ്ടാണ് ഇപ്പോൾ ട്രഷറി ബെഞ്ചിൽ ഇരിക്കേണ്ടവർ പിന്നിൽ ഇരിക്കുന്നത്. മുഖ്യമന്ത്രിസ്ഥാനത്തിനായി കോൺഗ്രസിൽ തമ്മിലടി എന്നായിരുന്നു കെ. കെ. ശൈലജയുടെ വിമർശനം. കോൺഗ്രസ് നേതാക്കൾ തമ്മിൽ തർക്കമില്ലെന്നും, മാധ്യമങ്ങൾ ഉണ്ടാക്കുന്ന നരേറ്റീവ് ആണിതെന്നും വി.ഡി. സതീശൻ പറഞ്ഞു.

ബജറ്റിൽ പറയുന്നത് കള്ളക്കണക്ക് അല്ലെന്നും, പ്രഖ്യാപനങ്ങൾ നടപ്പിലായി കഴിഞ്ഞാൽ യുഡിഎഫിൻ്റെ സ്ഥിതി നരകതുല്യമാകുമെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ സഭയിൽ പറഞ്ഞു. ബജറ്റിനെ വിമർശിച്ച പ്രതിപക്ഷം കേന്ദ്രത്തിനെതിരെ എന്തെങ്കിലും പറഞ്ഞോ?, കേന്ദ്രം കേരളത്തിന് അർഹമായ വിഹിതം തരുന്നില്ല, ഇത് പറയാൻ കേരളത്തിലെ പ്രതിപക്ഷം തയ്യാറാകണ്ടേയെന്നും മന്ത്രി കൂട്ടിച്ചേർത്തു.

2028-ൽ വിഴിഞ്ഞത്തിൻ്റെ എല്ലാ ഘട്ടവും പൂർത്തിയാക്കും. വിഴിഞ്ഞത്തിന് ആദ്യം ടെൻഡർ ചെയ്തത് വിഎസ് അച്യുതാനന്ദനാണ്. പദ്ധതി വേണമെന്ന് ആവശ്യപ്പെട്ട് ഞങ്ങൾ പണ്ട് സമരം നടത്തിയിട്ടുണ്ട്. പദ്ധതി നടപ്പിലാക്കാൻ വി.എസ്. അന്ന് പലതവണ പ്രധാനമന്ത്രിയെ കണ്ടിട്ടുണ്ട്. ആൻ്റണിയായിരുന്നു അന്ന് പ്രതിരോധമന്ത്രി. ചൈന ബന്ധം ആരോപിച്ച് അന്ന് പ്രതിരോധ വകുപ്പ് അനുമതി നിഷേധിച്ചെന്നും മന്ത്രി സഭയിൽ വ്യക്തമാക്കി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com