സ്വകാര്യ സർവകലാശാലകൾ വിദ്യാഭ്യാസ കച്ചവടത്തിനല്ല; പൊതുവിദ്യാഭ്യാസ രംഗത്ത് കൂടുതൽ മികവ് നേടാൻ: മുഖ്യമന്ത്രി

2016 ൽ അധികാരത്തിൽ വന്ന സർക്കാർ പൊതുവിദ്യാഭ്യാസത്തെ സംരക്ഷിക്കാൻ എല്ലാ കാര്യങ്ങളും ചെയ്തുവെന്നും, ഉന്നത വിദ്യാഭ്യാസ മേഖലയെ ശക്തീകരിക്കണം എന്നതാണ് എൽഡിഎഫ് നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു
സ്വകാര്യ സർവകലാശാലകൾ വിദ്യാഭ്യാസ കച്ചവടത്തിനല്ല; പൊതുവിദ്യാഭ്യാസ രംഗത്ത് കൂടുതൽ മികവ് നേടാൻ:  മുഖ്യമന്ത്രി
Published on

സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾ സ്ഥാപിക്കുന്നതിൽ പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വിദ്യാഭ്യാസ കച്ചവടത്തിനല്ല, മറിച്ച് പൊതുവിദ്യാഭ്യാസ രംഗത്ത് കൂടുതൽ മികവ് നേടാനാണ് സ്വകാര്യ സർവകലാശാലകൾ സ്ഥാപിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. തീരുമാനം പുറത്തുവിട്ടതിന് പിന്നാലെ സംസ്ഥാന സർക്കാർ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ ചെയ്യാൻ പോകുന്നു എന്ന പ്രചരണം വ്യാപകമായി നടക്കുന്നു. ഇന്ത്യയിൽ ഇന്ന് 26 സംസ്ഥാനങ്ങളിൽ എല്ലായിടത്തും പ്രൈവറ്റ് യൂണിവേഴ്സിറ്റികൾ ഉണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.



"യുഡിഎഫ് ആണ് ഇപ്പോൾ ഭരിച്ചതെങ്കിൽ പൊതുവിദ്യാഭ്യാസം തകർന്ന് പോകുമായിരുന്നു. ഏത് രീതിയിലാണ് നമ്മുടെ വിദ്യാഭ്യാസത്തെ തകർക്കാൻ ശ്രമിച്ചു എന്ന് ആലോചിക്കണം. അൺ എയിഡഡ് സ്ഥാനങ്ങൾക്ക് എന്തെല്ലാം സഹായമാണ് ചെയ്തു കൊടുത്തതെന്ന് പറയണം. അക്കാലത്ത് പൊതുവിദ്യാദ്യാസ മേഖലയിൽ വിദ്യാർഥികൾ കൊഴിഞ്ഞ് പോയി. പൊതു വിദ്യാഭ്യാസത്തെ സംരക്ഷിക്കാൻ യുഡിഎഫ് സർക്കാർ ഒന്നും ചെയ്തിട്ടില്ല", മുഖ്യമന്ത്രി പറഞ്ഞു.



2016 ൽ അധികാരത്തിൽ വന്ന സർക്കാർ പൊതുവിദ്യാഭ്യാസത്തെ സംരക്ഷിക്കാൻ എല്ലാ കാര്യങ്ങളും ചെയ്തുവെന്നും, ഉന്നത വിദ്യാഭ്യാസ മേഖലയെ ശക്തീകരിക്കണം എന്നതാണ് എൽഡിഎഫ് നിലപാടെന്നും, അതിന് സാധ്യമായ എല്ലാ കാര്യങ്ങളും ചെയ്തുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇന്ത്യയിലെ പൊതുവിദ്യാഭ്യാസം കണക്കാക്കിയാൽ 3 സർവകലാശാലകൾ മുൻപന്തിയിൽ ഉണ്ട് ഇത് കേരളത്തിലെ ഉന്നത വിദ്യാഭ്യാസം എങ്ങനെ മാറി വന്നു എന്നതിൻ്റെ തെളിവാണ്. 2021-ൽ ജനങ്ങൾ പുതിയ സർക്കാരിനെ സ്വീകരിച്ചപ്പോൾ പ്രഖ്യാപിച്ചത് ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഫലപ്രദമായി ഇടപെടും എന്നാണെന്നും മുഖ്യമന്ത്രി ഓർമപ്പെടുത്തി.



ക്ഷേമ പ്രവർത്തനങ്ങളിൽ സർക്കാർ കുറവൊന്നും വരുത്തുന്നില്ല. യുഡിഎഫ് സർക്കാർ സ്ഥാനം ഒഴിയുമ്പോൾ കൊടുക്കേണ്ട പെൻഷൻ 600 രൂപ ആയിരുന്നു. എന്നാൽ അത് കൃത്യമായി കൊടുക്കാൻ യുഡിഎഫിന് സാധിച്ചില്ല. ഇപ്പോൾ അത് 1600 രൂപയാണ്, മുഖ്യമന്ത്രി പറഞ്ഞു. പ്രത്യേക സാമ്പത്തിക സാഹചര്യത്തിലാണ് പെൻഷൻ മുടങ്ങിയത്. അത് സർക്കാർ ആഗ്രഹിച്ചതല്ല. പക്ഷെ മുടങ്ങിയ പെൻഷൻ കൃത്യമായി കൊടുത്ത് തീർത്തു. ഇനിയും ബാക്കിയുള്ളത് അടുത്ത സാമ്പത്തിക വർഷം കൃത്യമായി കൊടുത്ത് തീർക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

കേരളത്തിൻ്റെ വികസനം മുരടിച്ച് പോയിരുന്നു. എന്നാൽ ഇപ്പോൾ അതല്ല അവസ്ഥ. രാജ്യത്തെ ആദ്യ ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരളത്തിലാണ്. പശ്ചാത്തല സൗകര്യ വികസനം വലിയ നിലയിലാണ് മാറുന്നത്. ദേശീയ പാത വികസനം വലിയ നിലയിൽ നടക്കുന്നു.നടക്കില്ല എന്ന് കരുതിയ ഒരു പാട് പദ്ധതികൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്, അവയിൽ ചിലത് പൂർത്തിയായിട്ടുണ്ട്. കേരളത്തിൻ്റെ മാറ്റം ലോകശ്രദ്ധയാകർഷിക്കുന്നതാണ്. 90000 കോടി രൂപയുടെ പദ്ധതികളാണ് ഇപ്പോൾ സർക്കാർ നടത്തുന്നത്. കേരളത്തിൻ്റെ വികസനം തടയുക എന്നതാണ് മറ്റുള്ളവരുടെ താത്പര്യം അത് അനുവദിക്കാൻ ആവില്ലെന്നും, കൂടുതൽ മുന്നോട്ട് പോകണമെന്നും മുഖ്യമന്ത്രി ആഹ്വാനം ചെയ്തു.


കേന്ദ്ര ബജറ്റിൽ സംസ്ഥാനത്തെ വലിയ തോതിൽ തഴയുന്ന നിലയാണ് സ്വീകരിച്ചത്. കർഷകരെ ദ്രോഹിക്കാക്കുന്ന നടപടികളാണ് തുടർച്ചയായി ഉണ്ടാകുന്നത്. ഇന്ത്യയിലെ ആരോഗ്യ മേഖലയിൽ കേരളം വളരെ മുൻപന്തിയിലാണ്. എന്നാൽ എയിംസില്ലാത്ത ഏക സംസ്ഥാനം കേരളമാണ്. നാല് സ്ഥലങ്ങൾ എയിംസിനായി കണ്ടെത്തിയെങ്കിലും,കേന്ദ്രം അനുമതി നൽകിയില്ല. കുറേക്കാലമായി ഈ നില തുടരുന്നു. പക്ഷെ ഇത് കാണാനും പ്രതികരിക്കാനും എല്ലാരും തയ്യാറാക്കുന്നില്ല. മാധ്യമങ്ങൾ ഇക്കാര്യം ശരിയായി ഉയർത്തിക്കൊണ്ട് വരുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സാമൂഹ്യ നീതിയും സംവരണവും കാത്ത് സൂക്ഷിക്കണം, ഇത്തരം വ്യക്തതകളോട് കൂടിയാണ് ബില്ല് തന്നെ അവതരിപ്പിക്കുക. കിട്ടിപ്പോയ അവസരത്തിൽ വിമർശിക്കാൻ ഇറങ്ങുന്നവർ ഓർക്കണം ഇത് പാർട്ടിയെയും സർക്കാരിനെയും ബാധിക്കില്ലെന്ന കാര്യം. സംസ്ഥാനത്തിൻ്റെ വരുമാനം സംസ്ഥാനത്തിൻ്റെ മാത്രമല്ല ,അതിന് കേന്ദ്ര വിഹിതം കൂടി ലഭിക്കണം. കേന്ദ്രം അത് കുറക്കുന്നു എന്നതാണ് സംസ്ഥാനത്തിൻ്റെ പ്രശ്നം. നമ്മൾ അതിനെതിരെ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. നേരത്തെ തനത് വരുമാനം 55000 കോടിയായിരുന്നു. ഇപ്പോൾ 104000 കോടിയായി വർധിപ്പിക്കാനായി. ഇതിൽ ഒരു ലക്ഷം നികുതി പിരിവിൽ നിന്നും ലഭിച്ചതാണ്.



കഴിഞ്ഞ വർഷത്തെ വരുമാനം 47000 കോടിയിൽ നിന്ന് 85000 കോടിയായി ഉർത്താൻ സാധിച്ചു. സംസ്ഥാനത്തിൻ്റെ തനത് വരുമാനത്തിൽ ചെലവുകളിൽ 70 %വും കേരളമാണ് വഹിക്കുന്നത്. കണക്കുക്കളിൽ ഒരു തരത്തിലും വിഷമിക്കേണ്ടതില്ലെന്നും, പക്ഷെ കേന്ദ്രം തരാതിരിക്കുമ്പോൾ വിഷമിക്കേണ്ടി വരുമെന്നും മുഖയമന്ത്രി പറഞ്ഞു. കേരളത്തിൻ്റെ വരുമാനം മദ്യത്തിൽ നിന്നാണ് എന്ന് പ്രചരണം നടക്കുന്നു. എന്നാൽ സംസ്ഥാനത്തിൻ്റെ വരുമാനത്തിൽ 3.7% മാത്രമാണ് മദ്യത്തിൽ നിന്ന് ലഭിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സിപിഎമ്മിനെ ജനാധിപത്യ പാർട്ടി എന്ന് മാധ്യമങ്ങൾ വിശേഷിപ്പിക്കാറില്ലന്നും, അവർ വിശേഷിപ്പിക്കുന്ന പാർട്ടികൾ ഒരു ജനാധിപത്യ പ്രവർത്തനവും നടത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി വിമർശനമുന്നയിച്ചു. മാധ്യമങ്ങളിൽ ഏറിയ കൂറും നിക്ഷിപ്ത താൽപര്യത്താൽ ഭരിക്കപ്പെടുന്നു. കോർപ്പറേറ്റ് താൽപ്പര്യ പ്രകാരമുള്ള വാർത്ത വിന്യാസവും തമസ്കരണവും നടക്കുന്നു.

നമ്മുടെ രാജ്യത്ത് നിന്ന് പതിനായിരങ്ങൾ അമേരിക്കയിലേക്ക് കുടിയേറിയിട്ടുണ്ട്. ചിലത് അനധികൃതവുമാണ്. എന്നാല്‍ ആദ്യ പടിയായി 100 ലേറെ പേരെ കയറ്റി അയച്ചത് കൈകാലുകൾ വിലങ്ങിട്ടാണ്. ഇന്ത്യയോട് കാണിക്കുന്ന അനാദരവായാണ് അതിനെ കാണേണ്ടത്.അങ്ങനെ കാണാൻ നമ്മുടെ നാട്ടിലെ ഭരണാധികാരികൾക്ക് നട്ടെല്ല് ഇല്ലാതായിപ്പോയെന്നും വിമർശിച്ചു. നമ്മുടെ വിദേശകാര്യ മന്ത്രി പരസ്യമായി അമേരിക്കൻ നടപടിക്ക് ന്യായീകരണം കണ്ടെത്താൻ നോക്കുകയാണ്. ഒരു പ്രതിഷേധവും ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ലെന്നും, ഇന്ത്യൻ പൗരന്മാരെ അപമാനിക്കുന്നതിനെ തള്ളി പറയാൻ രാജ്യത്തെ ഭരണ കർത്താക്കൾക്കാവുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com