രണ്ടിലയില്ല, ഇനി ഓട്ടോ; ഓട്ടോറിക്ഷ ഔദ്യോഗിക ചിഹ്നമായി സ്വീകരിക്കാനൊരുങ്ങി കേരള കോൺഗ്രസ് ജോസഫ് വിഭാഗം

പാർട്ടിയുടെ ഉന്നതാധികാര സമിതി ചിഹ്നത്തെ അംഗീകരിക്കുകയായിരുന്നു
രണ്ടിലയില്ല, ഇനി ഓട്ടോ; ഓട്ടോറിക്ഷ ഔദ്യോഗിക ചിഹ്നമായി സ്വീകരിക്കാനൊരുങ്ങി കേരള കോൺഗ്രസ് ജോസഫ് വിഭാഗം
Published on

ലോക്സഭാ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ഓട്ടോറിക്ഷ തന്നെ ഔദ്യോഗിക ചിഹ്നമായി സ്വീകരിക്കാനൊരുങ്ങി കേരള കോൺഗ്രസ് ജോസഫ് വിഭാഗം. പാർട്ടിയുടെ ഉന്നതാധികാര സമിതിയിലാണ് ചിഹ്നം അംഗീകരിച്ചത്. കോട്ടയം ലോക്സഭയിൽ ഫ്രാൻസിസ് ജോർജ് മത്സരിച്ചപ്പോൾ ഉപയോഗിച്ച ഓട്ടോറിക്ഷ തന്നെ പാർട്ടിയുടെ സ്ഥിരം ചിഹ്നമായി അനുവദിക്കണമെന്നാണ് പാർട്ടി ചെയർമാൻ പിജെ ജോസഫിൻ്റെ ആവശ്യം. പാർട്ടി രണ്ടായി പിളർന്നതിന് പിന്നാലെ രണ്ടില ചിഹ്നം നഷ്ടപ്പെട്ട കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഓട്ടോറിക്ഷാ ചിഹ്നം അനുവദിക്കുകയായിരുന്നു.

കോട്ടയം ലോക്സഭയിൽ ഇത്തവണ പിളർന്ന കോൺഗ്രസ് പാർട്ടികൾ തമ്മിൽ ഏറ്റുമുട്ടിയപ്പോൾ തോമസ് ചാഴിക്കാടൻ്റെ രണ്ടിലയെ കീറി മുറിച്ച് കൊണ്ട് ഓട്ടോറിക്ഷ ചിഹ്നത്തിലെത്തിയ ഫ്രാൻസിസ് ജോർജ് വമ്പൻ വിജയം കരസ്ഥമാക്കി. ഇതോടെയാണ് ഓട്ടോറിക്ഷ തങ്ങളുടെ പാർട്ടിയുടെ ഔദ്യോഗിക ചിഹ്നമായി സ്വീകരിക്കാൻ പാർട്ടി തീരുമാനിച്ചത്. വൈകി കിട്ടിയ ഓട്ടോ ചിഹ്നം സ്വീകരിക്കാമെന്ന തീരുമാനത്തിൽ ഉന്നതാധികാര സമിതി യോഗത്തിലും എതിരഭിപ്രായം ഉണ്ടായിരുന്നില്ല. ചിഹ്നം അനുവദിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടാനുള്ള ചുമതല ഉന്നതാധികാര സമിതി പാർട്ടി ചെയർമാൻ പിജെ ജോസഫിന് നൽകിയിട്ടുണ്ട്. ചിഹ്നം ലഭിക്കുകയാണെങ്കിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകളിൽ മത്സരിക്കാമെന്നാണ് പാർട്ടിയുടെ കണക്കുകൂട്ടൽ.

പിളർപ്പിന് പിന്നാലെ രണ്ടിലക്ക് വേണ്ടി ജോസഫ് വിഭാഗവും ജോസ് കെ മാണിയുമായുണ്ടായ തർക്കം ഇതോടെ അവസാനിക്കുകയാണ്. ഒരു ലോക്സഭ എംപി കൂടിയായതോടെ കേരള കോൺഗ്രസിന് സംസ്ഥാന പാർട്ടിയെന്ന അംഗീകാരം ലഭിക്കുകയാണെന്നും പിജെ ജോസഫ് അറിയിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com