
കോട്ടയം മെഡിക്കൽ കോളേജിലെ മരുന്ന് ക്ഷാമത്തിനെതിരെ പ്രതിഷേധം നടത്തുമെന്ന് കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം. പ്രതിസന്ധിക്ക് കാരണം സംസ്ഥാന സർക്കാരാണെന്നും മെഡിക്കൽ കോളേജിന് നൽകാനുള്ള കുടിശ്ശിക എത്രയും വേഗം നൽകാൻ നടപടി സ്വീകരിക്കണമെന്നും കേരളാ കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു.
കോട്ടയം മെഡിക്കൽ കോളേജിൽ ജീവൻരക്ഷാ മരുന്നുകൾക്കും ശസ്ത്രക്രിയ ഉപകരണങ്ങൾക്കും രൂക്ഷമായ ക്ഷാമം നേരിടുന്ന വാർത്ത പുറത്തുവന്നിരുന്നു. സംസ്ഥാന സർക്കാർ മെഡിക്കൽ കോളേജിന് നൽകാനുള്ള ധനസഹായം കുടിശിക ആയതാണ് പ്രതിസന്ധിക്ക് കാരണം. വിഷയത്തിൽ സർക്കാരിന്റെ വീഴ്ച ചൂണ്ടിക്കാട്ടി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം വ്യക്തമാക്കി.
കാൻസർ മരുന്നുകൾ ഉൾപ്പെടെ വിലകൂടിയ ജീവൻരക്ഷാ മരുന്നുകൾ ഇല്ലാത്തതും ശസ്ത്രക്രിയകൾ വെട്ടിക്കുറച്ചതും മെഡിക്കൽ കോളേജിനെ ആശ്രയിക്കുന്ന സാധാരണ ജനങ്ങളെ സാരമായി ബാധിച്ചുവെന്നും സർക്കാർ നൽകാനുള്ള കുടിശ്ശിക അടിയന്തരമായി നൽകണമെന്നും കേരളാ കോൺഗ്രസ് ആവശ്യപ്പെട്ടു.
വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി 160 കോടി രൂപയോളമാണ് സർക്കാർ മെഡിക്കൽ കോളേജിന് നൽകാനുള്ളത്. 125 കോടി രൂപയോളം മരുന്ന് കമ്പനികൾക്കും കുടിശികയാണ്. മെഡിക്കൽ കോളേജിൽ ഐസിയു, വെന്റിലേറ്റർ ഫീസ് വർധനയ്ക്കെതിരെ കഴിഞ്ഞ ആഴ്ച കേരളാ കോൺഗ്രസും പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.