
കെട്ടിട നിർമാണ തൊഴിലാളി പെൻഷൻ മുടങ്ങിയിട്ട് 13 മാസം. ക്ഷേമനിധി ബോർഡംഗങ്ങളായ മൂന്നേകാൽ ലക്ഷം പേർക്കാണ് പെൻഷൻ ലഭിക്കാത്തത്. കുടിശിക പെൻഷൻ കൊടുത്തു തീർക്കാൻ 806 കോടി രൂപയാണ് വേണ്ടത്. ഓണമടുത്തിട്ടും പെൻഷൻ വിതരണത്തിൽ തീരുമാനമായില്ല.
കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡിൽ 20 ലക്ഷത്തിലധികം പേർ അംഗങ്ങളായുണ്ട്. ഇവരിൽ 3,24,580 പേർക്കാണ് പെൻഷൻ കിട്ടേണ്ടത്. എന്നാൽ കഴിഞ്ഞ നവംബറിലാണ് ഇവർക്കു അവസാനമായി പെൻഷൻ ലഭിച്ചതെന്നാണ് വിവരാവകാശ രേഖകൾ പറയുന്നത്. പ്രതിമാസം 1600 രൂപ വെച്ച് 13 മാസത്തെ കുടിശികയായി ഓരോരുത്തർക്കും 20,800 രൂപയാണ് ലഭിക്കേണ്ടത്.
പെൻഷന് പുറമെ അംഗങ്ങൾക്കുള്ള വിവാഹ ധനസഹായം, പ്രസവാനുകൂല്യം, മരണാനന്തര, അപകടമരണ ധനസഹായം, വിദ്യാഭ്യാസ ധനസഹായം, കിടപ്പു രോഗികൾക്കുള്ള ചികിത്സാ ധനസഹായം എന്നിവയും കുടിശ്ശികയാണ്. ആനുകൂല്യങ്ങൾ മാത്രം 52 കോടിക്ക് മുകളിൽ കുടിശ്ശികയുണ്ട്. സെസിൽ നിന്നുള്ള വരുമാനം ബോർഡിന് കിട്ടാത്തതാണ് പെൻഷൻ മുടങ്ങുന്നതിന് കാരണമായി അധികൃതർ പറയുന്നത്. ഓണക്കാലത്തും പെൻഷൻ കിട്ടാത്തതിനെ തുടർന്ന് അംഗങ്ങൾ നിരാശയിലാണ്.