പാർട്ടിയേയും മുഖ്യമന്ത്രിയെയും കടന്നാക്രമിച്ച് പി.വി. അൻവർ; ലക്ഷ്യം മുന്നണിയിൽ നിന്ന് രക്ത സാക്ഷി പര്യവേഷത്തോടെ പുറത്താകലോ?

പുറത്താക്കിയാൽ തൻ്റെ കോൺഗ്രസ് പശ്ചാത്തലം ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രിക്ക് അതേ നാണയത്തിൽ അൻവർ തിരിച്ചടി നൽകുമോയെന്ന ആശങ്കയും സിപിഎമ്മിനുണ്ട്
പാർട്ടിയേയും മുഖ്യമന്ത്രിയെയും കടന്നാക്രമിച്ച് പി.വി. അൻവർ; ലക്ഷ്യം മുന്നണിയിൽ നിന്ന് രക്ത സാക്ഷി പര്യവേഷത്തോടെ പുറത്താകലോ?
Published on

മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടിക്കുമെതിരെ ആഞ്ഞടിച്ചിരിക്കുകയാണ് പി.വി. അൻവർ എംഎൽഎ. നേരത്തെ നടത്തിയ ആരോപണങ്ങൾക്ക് പിന്നാലെ പാർട്ടിക്കും സർക്കാരിനുമെതിരെ തുറന്ന പോരിലേക്ക് നീങ്ങുമ്പോൾ പി.വി. അൻവറിൻ്റെ രാഷ്ട്രീയ ഭാവികൂടി ചർച്ച ചെയ്യപ്പെടുകയാണ്. മുഖ്യമന്ത്രിക്കെതിരെ തുറന്നടിച്ച അൻവറിന് ഈ നിലയിൽ അധികനാൾ ഇടതുമുന്നണിയിൽ തുടരാൻ കഴിയില്ലെന്നത് തീർച്ച. രക്തസാക്ഷി പരിവേഷം സൃഷ്ടിച്ച് പുറത്തുപോകാനുള്ള ശ്രമമാണോ അൻവറിൻ്റേതെന്നും സംശയിക്കുന്നവരുണ്ട്.

എഡിജിപി അജിത് കുമാറിനെയും പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയെയും മുൻനിർത്തി ആരോപണങ്ങളുന്നയിച്ച പി.വി. അൻവർ യഥാർഥത്തിൽ ലക്ഷ്യംവച്ചത് മുഖ്യമന്ത്രിയെ തന്നെയാണെന്ന് വ്യക്തമാക്കുന്നതാണ് പുതിയ ആരോപണങ്ങൾ. സ്വർണക്കടത്തുമായി ബന്ധപ്പെട്ട ആരോപണത്തിൽ എഡിജിപിയുടെ തിരക്കഥ വായിച്ച മുഖ്യമന്ത്രിയെ പാർട്ടി തിരുത്താൻ ശ്രമിച്ചില്ലെന്നും അൻവർ പരാതി പറയുന്നു. ഇത് പിണറായി വിജയനൊപ്പം സിപിഎമ്മിനെ കൂടി ഒരുപോലെ പ്രതിരോധത്തിലാക്കുന്ന ആരോപണമായിരുന്നു.


പരസ്യ പ്രതികരണങ്ങളിൽനിന്ന് വിലക്കിയുള്ള പാർട്ടി സെക്രട്ടേറിയറ്റിൻ്റെ വാർത്താക്കുറിപ്പ് തള്ളിയാണ് മുഖ്യമന്ത്രിക്കും പാർട്ടിക്കുമെതിരെ അൻവർ തുറന്നടിച്ചത്. പാർട്ടിയുടെ സ്വതന്ത്ര എംഎഎൽഎയായ അൻവറിൻ്റെ അച്ചടക്കലംഘനം വരും ദിവസങ്ങളിൽ സിപിഎം ഗൗരവത്തോടെ കൈകാര്യം ചെയ്യുമെന്നതിൽ തർക്കമില്ല. പാർട്ടി നിയമസഭാ കക്ഷി യോഗം വിളിച്ച് തിരുത്തൽ നടപടിയുണ്ടായാൽ ഒരുപക്ഷേ അൻവറിന് പുറത്തേക്കുള്ള വഴി തുറക്കാം. ഇത് മുന്നിൽക്കണ്ടാകാം തന്നെ കേസിൽ കുടുക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണം അൻവർ ഒരുമുഴം മുൻപേ എറിയുന്നത്.

എൽഡിഎഫിന് പുറത്തായാൽ അഴിമതിവിരുദ്ധ പ്രതിച്ഛായ നിലനിർത്തി രക്തസാക്ഷി പരിവേഷത്തോടെ മുന്നണി വിടാം. ഇതിനുള്ള അൻവറിൻ്റെ ശ്രമത്തിൻ്റെ ഭാഗം കൂടിയാകാം ഇപ്പോൾ മുഖ്യമന്ത്രിയേയും പാർട്ടിയേയും കടന്നാക്രമിച്ചുള്ള തുറന്ന് പറച്ചിലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. പുറത്താക്കിയാൽ തൻ്റെ കോൺഗ്രസ് പശ്ചാത്തലം ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രിക്ക് അതേ നാണയത്തിൽ അൻവർ തിരിച്ചടി നൽകുമോയെന്ന ആശങ്കയും സിപിഎമ്മിനുണ്ട്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പിന്തുണയോടെ അൻവർ വീണ്ടും സ്ഥാനാർഥിയായാൽ നിലമ്പൂർ വീണ്ടും പാർട്ടിക്ക് ബാലികേറാമലയാകുമെന്നതിൽ സംശയമില്ല. 

Related Stories

No stories found.
News Malayalam 24x7
newsmalayalam.com