
നടനും AMMA മുൻ വൈസ് പ്രസിഡൻ്റുമായ ജയൻ ചേർത്തലയ്‌ക്കെതിരെ നിയമ നടപടിക്ക് ഒരുങ്ങി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. അപവാദപ്രചരണത്തിൽ മാപ്പ് പറഞ്ഞില്ലെന്ന് ആരോപിച്ചാണ് നടപടി. എറണാകുളം സിജെഎം കോടതിയിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി മാനനഷ്ടക്കേസ് കൊടുത്തു. ഒരു കോടി രൂപ നഷ്ട പരിഹാരം ആവശ്യപ്പെട്ടാണ് ഹർജി. ഫെബ്രുവരി 14നു ജയൻ ചേർത്തല നടത്തിയ വാർത്താ സമ്മേളനത്തിനെതിരെയാണ് നടപടി.
വിവിധ ഷോകളിലൂടെ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ഓഫീസ് നിർമിക്കാൻ AMMA ഒരു കോടിയോളം രൂപ നല്‍കിയെന്നായിരുന്നു ജയൻ ചേർത്തലയുടെ ആരോപണം. "നിര്‍മാതാക്കളുടെ സംഘടന കഴിഞ്ഞ വര്‍ഷം AMMA യില്‍ വന്ന് പറയുകയാണ് അവര്‍ക്ക് ഒരു ഓഫീസ് തുടങ്ങാന്‍ സഹായം വേണമെന്ന്. അപ്പോള്‍ AMMA ഒരു കോടി രൂപ കൊടുക്കുകയും ചെയ്തു. ഇതെല്ലാം പുറത്തുപറയേണ്ട കാര്യങ്ങള്‍ അല്ലാത്തതിനാല്‍ മിണ്ടാതിരുന്നതാണ്. അതില്‍ 40 ലക്ഷം രൂപ ഇനിയും അവര്‍ തിരിച്ചുതരാനുണ്ട്. പിന്നെ AMMAയുടെ ആര്‍ട്ടിസ്റ്റുകളെ വെച്ചുകൊണ്ട് ഷോ ചെയ്തുകൊണ്ട് അതിന്റെ ഗുണം പറ്റുന്നവരാണ് നിര്‍മാതാക്കളുടെ സംഘടന", കേസിനാസ്പദമായ വാർത്താ സമ്മേളനത്തിൽ ജയൻ ചേർത്തല പറഞ്ഞു. നിർമാതാക്കളുടെ സംഘടന സിനിമാ സമരം പ്രഖ്യാപിക്കുന്നതായി അറിയിച്ചു കൊണ്ട് ജി. സുരേഷ് കുമാർ നടത്തിയ വാർത്താ സമ്മേളനത്തിലെ പരാമർശങ്ങളോട് പ്രതികരിക്കുകയായിരുന്നു ജയൻ ചേർത്തല.
Also Read: വാതുവെപ്പ് ആപ്പുകള്‍ പ്രോത്സാഹിപ്പിക്കുന്നു; തെലങ്കാനയില്‍ റാണ ദഗുബാട്ടിയും പ്രകാശ് രാജുമടക്കം 24 പേര്‍ക്കെതിരെ കേസ്
നടന്‍മാര്‍ സിനിമ നിര്‍മിക്കരുതെന്ന് പറയുന്നത് വൃത്തികെട്ട നിലപാടാണെന്നും ജയൻ ചേർത്തല പറഞ്ഞിരുന്നു. നിര്‍മാതാക്കളുടെ സംഘടന മാത്രം സിനിമ നിര്‍മിക്കുക എന്ന് പറയുന്നത് താരങ്ങളെ പണിക്കാരായി കാണുന്നതിന് തുല്യമാണെന്നായിരുന്നു നടന്‍റെ നിലപാട്.
നിരുപാധികം മാപ്പ് പറഞ്ഞില്ലെങ്കില്‍ മാനനഷ്ടക്കേസ് നൽകുമെന്ന് വ്യക്തമാക്കി നടനെതിരെ നിർമാതാക്കളുടെ സംഘടന വക്കീൽ നോട്ടീസ് അയച്ചിരുന്നു. എന്നാൽ പണം നൽകിയെന്ന വാദത്തിലുറച്ചുനിൽക്കുകയായിരുന്നു ജയൻ ചേർത്തല. താൻ സത്യസന്ധമായ കാര്യങ്ങളാണ് പറഞ്ഞതെന്നായിരുന്നു AMMA മുൻ വൈസ് പ്രസിഡൻ്റിന്‍റെ പ്രതികരണം. നിയമപരമായി മുന്നോട്ട് പോകും. AMMAയുടെ കയ്യിൽ കൃത്യമായ തെളിവുകൾ ഉണ്ടെന്നും വസ്തുതാവിരുദ്ധമായ പരാമർശങ്ങൾ ഉണ്ടായപ്പോൾ ആണ് താൻ പ്രതികരിച്ചതെന്നും ജയൻ ചേർത്തല പറഞ്ഞു.